വ്യോമാക്രണം നടത്തി ഇസ്രയേൽ; മുന്നൂറിലേറെ റോക്കറ്റ് വർഷിച്ച് ഹിസ്ബുല്ല; സംഘർഷം രൂക്ഷം
ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ സംഘർഷം രൂക്ഷം. ലെബനലിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. വ്യോമാക്രമണത്തിനുള്ള മുന്നൊരുക്കങ്ങൾ ഹിസ്ബുല്ല നടത്തുന്നതായി ബോധ്യപ്പെട്ടതിനാലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടു ചെയ്തു. തിരിച്ചടിയായി, ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മുന്നൂറിലധികം റോക്കറ്റുകൾ ഹിസ്ബുല്ല അയച്ചു.
ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചർ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈനിക വക്താക്കൾ പറഞ്ഞു. തെക്കൻ ലെബനനിലാണ് പ്രധാനമായും ആക്രമണം നടത്തിയത്. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടന്നു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതായി അമേരിക്ക വ്യക്തമാക്കി. തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രാജ്യത്തെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും ഇസ്രയേലിനെ ഉപദ്രവിക്കുന്നവരെ തിരിച്ചും ഉപദ്രവിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞു.