20കാരൻറെ പാവക്കുട്ടി പ്രേമം..., അതിശയിച്ച് ലോകം; ഈ പ്രായത്തിലും കളിപ്പാട്ടമോ..?
എല്ലാവർക്കുമുണ്ടാകും, കുട്ടിക്കാലത്തു ഹൃദയത്തോടു ചേർന്നുനിൽക്കുന്ന, മറ്റുള്ളവയിൽനിന്നു വേറിട്ടുനിൽക്കുന്ന പ്രത്യേക പാവകൾ. യാത്ര ചെയ്യുമ്പേഴും അല്ലെങ്കിൽ ബന്ധുവീടുകളിലേക്കു വിരുന്നുപോകുമ്പോഴും ആ കളിപ്പാട്ടം കൂടെ കൂട്ടുകയും ചെയ്യും. ബാല്യത്തിൽ ഇത്തരം നിഷ്‌ക്കളങ്കതകൾ ഇല്ലാത്തവരായി ആരുണ്ട്!
ഒരു പ്രായം കഴിഞ്ഞാൽ പാവകൾ ഷോകെയ്‌സിലേക്കു മാറും. കുട്ടിക്കാലത്തെ മധുരമുള്ള ഓർമകളായി ചിലർ വീടിനുള്ളിൽ സൂക്ഷിക്കും. അങ്ങനെയുള്ള കളിപ്പാട്ടങ്ങൾ കളഞ്ഞുപോകുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ വേദനാജനകമായിരിക്കും അവസ്ഥ. സ്‌പെയിനിലെ പ്രധാനപ്പെട്ട നഗരമായ ബാഴ്‌സലോണയിൽ നടന്ന ഈ 'പാവക്കഥ' ഒരു കുട്ടിയുടേതല്ല, ഇരുപതു വയസുള്ള ചൈനീസ് പൗരൻറേതാണ്.
ബാഴ്‌സലോണ സന്ദർശനത്തിനെത്തിയ ചൈനക്കാരൻറെ പാവ നഷ്ടപ്പെട്ടത് മെട്രോ ട്രെയിൻ യാത്രയിലാണ്. കഴിഞ്ഞമാസം ഒൻപതിനായിരുന്നു സംഭവം. താൻ ജീവനു തുല്യം സ്‌നേഹിക്കുന്ന പാവക്കുട്ടി നഷ്ടപ്പെട്ടതിൽ ഇരുപതുകാരൻ മനം നൊന്തുകരഞ്ഞു. നഷ്ടപ്പെട്ട പാവക്കുട്ടിയെ കണ്ടെത്താൻ യുവാവ് സോഷ്യൽ മീഡിയയുടെ സഹായം തേടി. പാവക്കുട്ടിയുടെ ചിത്രം സഹിതം യുവാവ് അറിയിപ്പുനൽകി. മാത്രമല്ല, പാവക്കുട്ടിയെ കണ്ടെത്തിത്തരുന്നവർക്ക് 500 യൂറോ (ഏകദേശം 45,000 രൂപ) വാഗ്ദാനവും ചെയ്തു.
പാവക്കുട്ടിയെ കിട്ടാതെ മടങ്ങില്ലെന്നുറപ്പിച്ച ചൈനീസ് യുവാവ് ബാഴ്‌സലോണയിൽ താമസമാരംഭിച്ചു. ഒടുവിൽ മെട്രോ ട്രെയിനിലെ ക്ലീനിംഗ് ജീവനക്കാരൻ യുവാവിനു പാവക്കുട്ടിയെ കണ്ടെത്തി കൊടുത്തു. 'പലർക്കും മനസിലാകില്ല, എൻറെ ജോലിയെക്കാളും ബിരുദത്തെക്കാളും സ്വത്തുക്കളെക്കാളും എനിക്കു പ്രിയപ്പെട്ടതാണ് ഈ പാവക്കുട്ടി'- യുവാവ് പറഞ്ഞു.