കുട്ടികളുടെ കണ്ടെത്തലിൽ അദ്ഭുതപ്പെട്ട് ഗവേഷകർ..; കണ്ടെത്തിയത് ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ ദിനോസർ ഫോസിലുകൾ
2022-ലെ വേനൽക്കാലത്ത്, അമേരിക്കയിലെ നോർത്ത് ഡക്കോട്ടയിലെ മാർമാർത്തിനടുത്തുള്ള ബാഡ്ലാൻഡ്സിൽ നടക്കാനിറങ്ങിയ കുട്ടികൾ അദ്ഭുതകരമായ കണ്ടെത്തലുകൾ നടത്തി. പുതിയ തരം സസ്തനി രൂപംകൊണ്ട, പക്ഷി രൂപമെടുത്ത, പുഷ്പിക്കുന്ന ചെടികളുണ്ടായ ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ 'ടിറാനോസോറസ് റെക്‌സ്' (ടി. റെക്‌സ്) വംശത്തിൽപ്പെട്ട ദിനോസറിൻറെ ഫോസിലുകളാണു സഹോദരങ്ങൾ കണ്ടെത്തിയത്. മാംസഭുക്കുകളായ, ആക്രമണകാരിയായ ദിനോസറാണിത്.
കുട്ടി ടിറാനോസോറസ് റെക്‌സിൻറെ കാൽ ഭാഗത്തെ അസ്ഥികളാണു കണ്ടെത്തിയത്. ചെറുപ്രായത്തിലുള്ള ദിനോസറുകളെ വളരെ കുറച്ചുമാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളുവെന്ന് ഡെൻവർ മ്യൂസിയം ഓഫ് നേച്ചർ പറഞ്ഞു. ടി. റെക്സ് എങ്ങനെ വളർന്നു വികസിച്ചു എന്നതിനെക്കുറിച്ച് ഗവേഷകർക്കു മികച്ച ധാരണ നൽകാൻ ജുവനൈൽ ദിനോസർ ഫോസിലിനു കഴിയും.
സഹോരങ്ങളായ ലിയാം ഫിഷർ, ജെസിൻ ഫിഷർ എന്നിവരും അവരുടെ ബന്ധുവായ കൈഡൻ മാഡ്സണുമാണ് കണ്ടെത്തൽ നടത്തിയത്. കുട്ടികൾ ശാസ്ത്രത്തിൽ താത്പര്യമുള്ളവരാണെന്നും അന്വേഷണത്വരയുള്ളവരാണെന്നും മ്യൂസിയത്തിലെ പാലിയൻറോളജിസ്റ്റ് ടൈലർ ലൈസൺ പറഞ്ഞു. കൗമാരപ്രതിഭകൾ ഫോസിലുകളിൽ താത്പര്യമുള്ളവരാണ്. ദിനോസർ അസ്ഥികൾക്കായി അവർ തെരയുകയായിരുന്നു. നോർത്ത്, സൗത്ത് ഡക്കോട്ടയിലെ ബാഡ്ലാൻഡ്സ് ദിനോസർ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണെന്നും ലൈസൺ.
കുട്ടികളുടെ അച്ഛനാണ് ഫോസിൽ കണ്ടെത്തിയ സ്ഥലത്തിൻറെ ചിത്രം ലൈസന് അയച്ചുകൊടുത്തത്. ചിത്രത്തെ അടിസ്ഥാനമാക്കി, ഇത് ഏത് തരത്തിലുള്ള ദിനോസറാണെന്ന് ഉറപ്പില്ലായിരുന്നു. പക്ഷേ, ഇത് ബാഡ്ലാൻഡ്‌സിൽ കാണപ്പെടുന്ന രണ്ടാമത്തെ ഏറ്റവും സാധാരണമായ ദിനോസറായ 'ഡക്ക് ബിൽഡ്' ദിനോസറായിരിക്കാം എന്നാണ് ആദ്യം കരുതിയത്.
പിന്നീട് കുട്ടികളുടെ സഹായത്തോടെ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. ഫോസിലുകളുടെ പ്രാഥമിക പഠനമനുസരിച്ച് മരിക്കുമ്പോൾ ടി. റെക്‌സിന് 25 അടി നീളവും 10 അടി ഉയരവും 3,500 പൗണ്ട് ഭാരവുമുണ്ടായിരുന്നുവെന്ന് ഗവേഷകർ കണക്കാക്കുന്നു. പൂർണ വളർച്ചയെത്തിയവയ്ക്ക് 40 അടി നീളവും 8,000 പൗണ്ട് ഭാരവും ഉണ്ടാകും.
ബാഡ്ലാൻഡ്സിൽനിന്നുള്ള ഫോസിലുകളും മറ്റ് അവശിഷ്ടങ്ങളും ഡെൻവറിലെ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. കണ്ടെത്തലുകൾ ഡോക്യുമെൻററിയായി ജൂണിൽ പ്രദർശിപ്പിക്കും.