പാരീസ് ഒളിമ്പിക്‌സിനും 'ആന്റി സെക്സ് ബെഡുകൾ'; നല്ല ബലമെന്ന് താരങ്ങൾ
പാരീസിലും ഒളിമ്പിക്സിനെത്തിയ താരങ്ങൾക്കായി ഒരുക്കിയിരിക്കുന്നത് കാർഡ്ബോർഡ് കട്ടിലുകൾ. ഒളിമ്പിക് വില്ലേജിലെ മുറികളിൽ ഒരുക്കിയിരിക്കുന്ന കാർഡ്ബോർഡ് കട്ടിലുകളുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചില താരങ്ങൾ ഈ കട്ടിലിന്റെ ബലം പരിശോധിക്കുന്ന ദൃശ്യങ്ങളും വൈറലാണ്. റീസൈക്കിൾ ചെയ്ത കാർഡ്ബോർഡുകൾ ഉപയോഗിച്ചാണ് ഈ കട്ടിലുകൾ ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ തവണ കോവിഡിന്റെ സമയത്ത് നടന്ന ടോക്യോ ഒളിമ്പിക്സിനിടെയാണ് കാർഡ്ബോർഡ് കട്ടിലുകൾ വൈറലാകുന്നത്. ഗെയിംസിനെത്തുന്ന താരങ്ങൾ തമ്മിലുള്ള ശാരീരിക ബന്ധം ഒഴിവാക്കാനാണ് സംഘാടകർ ഇത്തരത്തിലുള്ള കട്ടിലുകൾ ഒരുക്കിയിരിക്കുന്നതെന്ന് ഒരു താരം ആരോപിച്ചതോടെയാണ് ഇത് ശ്രദ്ധ നേടുന്നത്. പിന്നാലെ ഇതിന് 'ആന്റി സെക്സ് കാർഡ്ബോർഡ് ബെഡ് 'എന്ന പേരും ലഭിച്ചിരുന്നു.
എന്നാൽ അത്ര ബലക്കുറവുള്ളവയല്ല കട്ടിലുകൾ. ഇവ 100 ശതമാനം ഉറപ്പുള്ളവയാണെന്നും ഫ്രാൻസിൽ തന്നെ നിർമിച്ചതാണെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒളിമ്പിക്സിനെത്തിയ നിരവധി കായികതാരങ്ങൾ ഇവയുടെ ബലം പരീക്ഷിക്കുന്ന വീഡിയോകൾ ഇൻസ്റ്റാഗ്രാമിലും മറ്റും പങ്കുവെച്ചിട്ടുണ്ട്. ഐറിഷ് ആർട്ടിസ്റ്റിക് ജിംനാസ്റ്റായ റൈസ് മക്ലെനാഗനും കാർഡ്ബോർഡ് കട്ടിലിൽ ചാടിമറിയുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിനെ ആന്റി സെക്സ് ബെഡ് എന്ന് വിളിക്കാനാകില്ലെന്നും റൈസ് കൂട്ടിച്ചേർത്തു. ഈ കട്ടിലുകൾ അത്ര സുഖകരമല്ലെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
നേരത്തേ കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ടാണ് ടോക്യോ ഒളിമ്പിക്‌സിൽ കായികതാരങ്ങൾക്കായി കാർഡ്ബോർഡ് കട്ടിലുകൾ ഒരുക്കിയതെന്നായിരുന്നു സംഘാടകരുടെ പക്ഷം. ഒരാളുടെ ഭാരം താങ്ങാവുന്ന തരത്തിലുള്ളതാണ് ഈ കാർഡ് ബോർഡ് കട്ടിലുകൾ. 18000-ത്തോളം കട്ടിലുകളാണ് ഇത്തരത്തിൽ കഴിഞ്ഞ ഒളിമ്പിക്സിന് തയ്യാറാക്കിയിരുന്നത്.