'കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ പാർശ്വഫലങ്ങൾ ഉണ്ടാകാം': റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് അസ്ട്രാസെനക
കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) അസ്ട്രാസെനക വാക്‌സീൻ എടുത്തവരിൽ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഓക്‌സഫഡ് സർവകലാശാലയുമായി ചേർന്ന് നിർമിച്ച അസ്ട്രാസെനക വാക്‌സീൻ സ്വീകരിച്ചവരിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ചില അപൂർവ സന്ദർഭങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് സമ്മതിച്ചത്.
ത്രോംബോസിസ്, ത്രോംബോസൈറ്റോപീനിയ എന്നിവ ചിലരിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് കുറച്ചുകാലം നിർത്തിവച്ചിരുന്നു. അസ്ട്രാസെനകയുടെ കോവിഡ് വാക്‌സീനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വ്യാപകമായി നൽകിയത്.