മഹാനായ സീസർ ചക്രവർത്തിയുടെ മുള്ളുവേലി...; അഥവാ മുള്ളുവേലി ഉണ്ടായ കഥ
ബിസി ഒന്നാം നൂറ്റാണ്ടിൽ ജൂലിയസ് സീസർ ഗൗളിൽ തൻറെ ഐതിഹാസിക സൈനിക ദൗത്യം ഏറ്റെടുത്തപ്പോൾ, സൈനികത്താവളങ്ങളുടെ വേലികളിൽ മൂർച്ചയേറിയ മുള്ളുകളുള്ള തടികൾ സ്ഥാപിച്ച് സുരക്ഷ വർധിപ്പിച്ചിരുന്നു. ശത്രുക്കളുടെ കടന്നുകയറ്റം തടയുന്ന ആ കവചത്തെ മുള്ളുവേലിയുടെ പുരാതന റോമൻ പതിപ്പ് എന്നു വിശേഷിപ്പിക്കാം.
ഈ വർഷം വരെ, പുരാതന സൈനിക സാങ്കേതികവിദ്യയുടെ ഉദാഹരണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ഇപ്പോഴിതാ, ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലുള്ള ഗോഥെ സർവകലാശാലയിലെ ഗവേഷകർ സീസറിൻറെ ക്യാമ്പ് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. വലിയ തകരാറുകളൊന്നും സംഭവിക്കാത്ത മുള്ളുവേലിയുടെ ഭാഗമാണു പുരാവസ്തു ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞത്. ഇതോടെ ദേശത്തിൻറെ പ്രാദേശികചരിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗവേഷകർക്കു ശേഖരിക്കാൻ കഴിയും.
130 വർഷത്തിലേറെ പഴക്കമുണ്ട് ജർമൻ പട്ടണമായ ബാഡ് എംസിലെ ഗവേഷണങ്ങൾക്ക്. 1897ൽ ബാഡ് എംസിൽനിന്നു സംസ്‌കരിച്ച വെള്ളിയും ലോഹ അയിരുകളും കണ്ടെത്തിയിരുന്നു. ഈ സ്ഥലം റോമൻ കാലത്ത് അയിരുകൾ വേർതിരിച്ചു ലോഹമാക്കുന്ന കേന്ദ്രങ്ങൾ നിലനിന്നിരുന്നതാണെന്നു പഠനം വെളിപ്പെടുത്തുന്നു. 2019 മുതൽ ബാഡ് എംസിൽ പുരാവസ്തു ഗവേഷകനായ ഫ്രെഡറിക് ഔത്ത് നേതൃത്വം കൊടുത്ത പഠനത്തിലാണ് റോമൻ സൈനികക്യാമ്പിൻറെ സുരക്ഷാമതിലിൻറെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.
എഡി 110ൽ പ്രദേശം റോമൻ സാമ്രാജ്യത്തിൻറെ വടക്കൻ അതിർത്തിയായിരുന്നുവെന്നും അയിരുകൾ വേർതിരിച്ചു ലോഹമാക്കുന്ന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ അതിൻറെ തെളിവുകളായി സ്വീകരിക്കാമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടിരുന്നു. ഒരു നൂറ്റാണ്ടിലേറെക്കാലം, ഈ അനുമാനങ്ങൾ വെല്ലുവിളിക്കപ്പെട്ടില്ല. എന്നാൽ, 2016ൽ പ്രാദേശിക വേട്ടക്കാരൻ വയലുകളിൽ കണ്ടെത്തിയ അസാധാരണമായ നിറവ്യത്യാസങ്ങൾ ഗവേഷകരിൽ പഠനം വ്യാപിക്കാനുള്ള പ്രചോദനമായി. ഗവേഷകർ ഡ്രോൺ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുകയും പരിശോധിക്കുകയും ചെയ്തു. ട്രാക്ടറിന് ഉഴുതതുപോലെ തോന്നിക്കുന്ന നീണ്ട ട്രാക്കുകൾ അവർ കണ്ടെത്തി.
നീണ്ട ആഴത്തിലുണ്ടായിരുന്ന ചാലുകൾ റോമൻ ക്യാമ്പിൻറെ ഭാഗമായി നിർമിക്കപ്പെട്ടവയായിരുന്നുവെന്നും ഗവേഷകർ പറഞ്ഞു. തുടർന്നു നടന്ന ഖനനത്തിൽ, മുമ്പ് അറിയപ്പെടാത്ത രണ്ട് സൈനികത്താവളങ്ങൾ കണ്ടെത്തി. രണ്ടാമത്തെ ക്യാമ്പിലാണ് മതിൽ നിർമാണത്തിനായി ഉപയോഗിച്ചിരുന്ന കൂർത്ത തടിക്കഷ്ണങ്ങൾ കണ്ടെത്തിയത്. എഡി 43ലെ നാണയവും ഗവേഷർക്കു കണ്ടെത്താൻ കഴിഞ്ഞു.
സുരക്ഷാക്രമീരണങ്ങളോടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ക്യാമ്പ് ഒരിക്കലും പൂർത്തിയായില്ല. കുറച്ചു വർഷങ്ങൾക്കു ശേഷം ക്യാമ്പ് കത്തിനശിച്ചതായി പൊള്ളലേറ്റ പാടുകൾ കാണിക്കുന്നു. റോമൻ ക്യാമ്പിന് എന്താണു സംഭവിച്ചത് എന്ത് ഉദ്ദേശ്യത്തോടെയാണു പ്രവർത്തിച്ചത് ഈ കണ്ടെത്തലുകൾ ഗവേഷകരെ പുതിയ ചോദ്യങ്ങളിലേക്കു നയിച്ചു.
റോമൻ ചരിത്രകാരനായ ടാസിറ്റസിൻറെ രചനകളെ അടിസ്ഥാനമാക്കി ഗവേഷകർ പുതിയ അനുമാനത്തിലെത്തി. ഏകദേശം എഡി 47ൽ റോമൻ ഗവർണറായിരുന്ന കുർട്ടിയസ് റൂഫസ് ഈ പ്രദേശത്ത് വെള്ളി ഖനനം ചെയ്തിരുന്നു. റോമൻ ഉത്ഭവത്തെ സൂചിപ്പിക്കുന്ന ഒരു ഷാഫ്റ്റ്-ടണൽ സംവിധാനം തിരിച്ചറിയാൻ തങ്ങൾക്കു കഴിഞ്ഞതായും ഗവേഷകർ പറയുന്നു. കണ്ടെത്തിയ മുൾത്തടികൾ ഇതുമായി ബന്ധപ്പെടുത്താമെന്നും ഗവേഷകർ.
എന്നിരുന്നാലും, ഖനന ശ്രമം വിജയിച്ചില്ല. ക്യാമ്പ് അപൂർണമായത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനും കഴിഞ്ഞിട്ടില്ല. പ്രദേശത്തു റോമാക്കാർ കുഴിച്ചിട്ടിരുന്ന വലിയ അളവിലുള്ള വെള്ളി ശേഖരം നേരത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ബാഡ് എംസ് പാസേജ് വേയിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെനിന്ന് 200 ടൺ വെള്ളി ലഭിച്ച വലിയ നിക്ഷേപമാണിത്. കണ്ടെത്തലുകളുമായി ബന്ധപ്പെട്ട കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഗോഥെ സർവകലാശാലയിലെ വിദഗ്ധർ പറയുന്നു. ഇപ്പോൾ, മൂർച്ചയേറിയ മുള്ളുകളുള്ള തടികൾ മെയിൻസ് നഗരത്തിലെ റോമിഷ്-ജർമനിഷെസ് സെൻട്രൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.