വൈദ്യുതി ഇല്ലാത്ത ഇന്ത്യയിലെ ഒരു കൊട്ടാരത്തിൽ രാജീവ് ഗാന്ധി, ബിൽ ക്ലിന്റൺ തുടങ്ങിയ പ്രമുഖർ താമസിച്ചിട്ടുണ്ട്
രാജസ്ഥാനിലെ രൺഥഭോർ ദേശീയോദ്യാനത്തിലുള്ള കൊട്ടാരം ലോകപ്രശസ്തമാണ്. രൺഥംഭോറിന്റെ ഹൃദയം എന്നു വിളിക്കപ്പെടുന്ന "ജോഗി മഹൽ' ആണ് സഞ്ചാരികളുടെ സ്വപ്നക്കൊട്ടാരം. നാഷണൽ പാർക്കിന്റെ സോൺ മൂന്നിൽ ജോഗി മഹൽ തടാകക്കരയിലാണ് ജോഗി മഹൽ സ്ഥിതിചെയ്യുന്നത്.
700 വർഷത്തോളം പഴക്കമുള്ള, ചരിത്ര പ്രാധാന്യമുള്ള കെട്ടിടമാണ് ജോഗി മഹൽ. രൺഥംഭോറിലെ ഭരണാധികാരി റാവു ഹമ്മിർ തന്റെ ഗുരുവിനു വേണ്ടി പണികഴിപ്പിച്ചതാണ് ഇത്. ഈ ഇരുനില കെട്ടിടത്തിൽ എട്ടിലേറെ മുറികളുണ്ട്. നാഥ് വിഭാഗത്തിലെ ആളുകളെ ജോഗി എന്നും വിളിക്കും, അങ്ങനെയാണ് ഈ സ്ഥലത്തിനു ജോഗി എന്ന പേരു ലഭിക്കുന്നത്. നിലവിൽ ജോഗി മഹൽ ഫോറസ്റ്റ് റെസ്റ്റ് ഹൗസ് ആണ്. അതേസമയം, കടുവാ സംരക്ഷണകേന്ദ്രമായതിനാൽ പ്രവേശനം നിയന്ത്രണവിധേയവുമാണ്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ജോഗി മഹലിൽ താമസിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്റെ കുടുംബവും ഇവിടെ താമസിച്ചിരുന്നു. മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ, സച്ചിൻ ടെൻഡുൽക്കർ എന്നിവരും ശ്രദ്ധേയരായ സന്ദർശകരാണ്. ജോഗി മഹലിനു മറ്റൊരു പ്രത്യേകതയുണ്ട്. ഇവിടെ വൈദ്യുതി ഇല്ല എന്നതാണ്. വൈദ്യുതി ഇല്ലാതെയാണ് വിവിഐപികൾ ഇവിടെ താമസിച്ചത്!
ഇനിയുണ്ട് ദേശീയ ഉദ്യാനത്തിന്റെ പ്രത്യേകതകൾ. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആൽമരം സ്ഥിതിചെയ്യുന്നത് ജോഗി മഹലിനു സമീപമാണ്. കൊൽക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡനിലാണ് ഏറ്റവും വലിയ ആൽമരം പടർന്നുനിൽക്കന്നത്. 2000-ൽ രൺഥംഭോർ സന്ദർശിച്ചപ്പോൾ ബിൽ ക്ലിന്റൺ ഈ ആൽമരത്തെ "ദി വാർഡിംഗ് ട്രീ' എന്നാണു വിളിച്ചത്. ജോഗി മഹൽ രൺഥംഭോറിന്റെ പ്രകൃതിസൗന്ദര്യത്തിനുള്ളിൽ ചരിത്രപരവും സാംസ്കാരികവുമായ പ്രധാന അടയാളമായി തെളിഞ്ഞുനിൽക്കുന്നു.