ഒരു വല്ലാത്ത സ്ഥാനാർഥി; 20 മത്സരം 20 തോൽവി, ഇനിയും അങ്കത്തിന് തയാറെന്ന് 78കാരൻ
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. ഛത്തീസ്ഗഡിലും മിസോറാമിലും ഇന്നാണ് വോട്ടെടുപ്പ്. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലാണ് രാജസ്ഥാന്. രാജസ്ഥാനിൽനിന്നുള്ള ഒരു സ്ഥാനാർഥിയുടെ വിശേഷങ്ങളാണ് മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. 78കാരനായ തീതർ സിംഗ് എന്ന സ്വതന്ത്ര സ്ഥാനാർഥിയാണ് വൻ തരംഗമായി മാറിയത്.
1970 മുതല്‍ രാജസ്ഥാനില്‍ നടന്ന എല്ലാ നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ സിംഗ് മത്സരിച്ചിട്ടുണ്ട്. 10 നിയമസഭ തെരഞ്ഞെടുപ്പിലും 10 ലോക്സഭ തെരഞ്ഞെടുപ്പിലും തീതര്‍ മത്സരിച്ചു. മത്സരിച്ച 20 തെരഞ്ഞെടുപ്പുകളില്‍ ഒന്നില്‍പ്പോലും ജയിച്ചിട്ടുമില്ല. പിന്നെയെന്തിനാണ് മത്സരമെന്നു ചോദിച്ചാൽ തീതർ സിംഗ് പറയും- "എന്‍റെ മത്സരം അവകാശങ്ങൾക്കു വേണ്ടിയുള്ളതാണ്.
താന്‍ ഉൾപ്പെടുന്ന ജനസമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി. അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ആയുധമാണിത്. പ്രായം വര്‍ധിച്ചു, എന്നാലും ആഗ്രഹങ്ങൾക്കു മങ്ങലേറ്റിട്ടില്ല.'
ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് തീതർ. 1970കളില്‍ തീതർ ഉൾപ്പെടെ നിരവധി പേര്‍ക്ക് കനാല്‍ കമാന്‍ഡ് ഏരിയയില്‍ ഭൂമി നഷ്ടപ്പെട്ടിരുന്നു. പാവപ്പെട്ട തൊഴിലാളികൾക്കും ഭൂമിയില്ലാത്തവർക്കും സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്നാണ് ഇവിടത്തെ ജനങ്ങളുടെ ആവശ്യം. ഈ ആവശ്യങ്ങളുമായാണ് തീതർ ആദ്യമായി മത്സരത്തിനിറങ്ങുന്നത്. തൊഴിലുറപ്പു തൊഴിലാളിയായ തീതർ സിംഗ് ഗംഗാനഗർ ജില്ലയിലെ കരണ്‍പുര്‍ നിയമസഭാ മണ്ഡലത്തിലാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. നവംബര്‍ അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിനായി സിംഗ് തന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊഴുപ്പിക്കുകയാണ്.