ഇപ്പോൾ ഒരു കുഴപ്പവുമില്ല; വിവാഹ ബന്ധം പിരിഞ്ഞിട്ട് ഏറെക്കാലമായി: രചന
ജനശ്രദ്ധ ലഭിച്ച നടിയാണ് രചന നാരായണൻ കുട്ടി. അഭിനയത്തോടൊപ്പം നൃത്തത്തിലും രചനയിന്ന് ശ്രദ്ധ നൽകുന്നു. പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങിയ കാലത്ത് രചനയുടെ വ്യക്തി ജീവിതവും ചർച്ചയായി. വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.
അതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകളെക്കുറിച്ച് രചന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ സെപറേറ്റഡ് ആയ വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് പത്ത് വർഷമായി. അതിന് ശേഷമാണ് ഞാൻ അഭിനയിക്കാൻ വന്നതും. പത്ത് വർഷം കഴിഞ്ഞിട്ടും വെറും പത്തൊൻപത് ദിവസത്തിനുള്ളിൽ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വരും.
നമ്മൾ അതൊക്കെ കഴിഞ്ഞ് ഒരുപാട് കടമ്പകൾ കടന്ന് മുന്നോട്ട് വന്ന് പുതിയൊരു വേ ഓഫ് ലൈഫ് നോക്കുകയാണെന്നും രചന അന്ന് വ്യക്തമാക്കി. ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ച സാഹചര്യം അതാണ്. അതൊക്കെ കഴിഞ്ഞു. ഇപ്പോൾ ഒരു കുഴപ്പവുമില്ല. ഇപ്പോഴെനിക്ക് ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ലെന്നും രചന വ്യക്തമാക്കി. മുമ്പൊരിക്കൽ ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം സംസാരിച്ചത്.
ആരാധകരായ ഒരുപാട് പേർ വിളക്കാറുണ്ട്. അവരോട് സംസാരിക്കാൻ സമയം കണ്ടെത്താറുണ്ട്. ആറാട്ട് കഴിഞ്ഞതിന് ശേഷം ഒരുപാട് പേരുടെ സ്നേഹം കൂടുതൽ കിട്ടാൻ തുടങ്ങി. നമ്മൾ ചെയ്യുന്ന ക്യാരക്ടറിനോടാണ് അവർക്കിഷ്ടം. നമുക്കെല്ലാം ലാലേട്ടനോടും മമ്മൂക്കയോടും ഇഷ്ടം തോന്നാനുള്ള കാരണം ചെറുപ്പം തൊട്ടേ കണ്ട് അവർ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ടമാണ്.
അത് തന്നെയാണ് ഇപ്പോൾ എന്നോടും ഉള്ളത്. അതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആ ഇഷ്ടം താൻ മനസിൽ വെക്കുമെന്നും രചന വ്യക്തമാക്കി. 2011 ലായിരുന്നു ആലപ്പുഴ സ്വദേശിയുമായി രചന വിവാഹിതയായത്. ബന്ധം ഒഴിവാക്കിയതിനെക്കുറിച്ച് രചന നേരത്തെയും സംസാരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോഴേക്കും ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങി.
പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. 2012 ൽ തന്നെ വിവാഹമോചനം നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന തന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നതെന്നും രചന വ്യക്തമാക്കി.
2001ൽ എംടി വാസുദേവൻ നായരുടെ രചനയിൽ കണ്ണൻ സംവിധാനം ചെയ്ത തീർത്ഥാനം എന്ന സിനിമയിൽ നായികയുടെ കൂട്ടുകാരിയായാണ് രചന അഭിനയ രംഗത്തേക്ക് വരുന്നത്. ചെറിയ വേഷമായിരുന്നു. മറിമായം ശ്രദ്ധിക്കപ്പെട്ടതോടെയാണ് രചന ജനപ്രീതി നേടുന്നത്. ആറാട്ട് ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം രചനയ്ക്ക് ലഭിച്ചു.