തൃഷയുടെ കാമുകനുമായി ഡേറ്റിങ്ങില്‍ ആയിരുന്നു: ബിന്ദു മാധവി
തെന്നിന്ത്യയിലെ സൂപ്പര്‍താരമാണ് തൃഷ. തെന്നിന്ത്യന്‍ വാണിജ്യസിനിമകളുടെ അവിഭാജ്യഘടകമായ തൃഷ നാല്‍പ്പതാം വയസിലും തമിഴകത്തെ മുന്‍നിര നായികതന്നെ. നാല്‍പ്പതിലും അവിവാഹിതയായി തുടരുന്ന തൃഷയുടെ പ്രണയത്തെയും കാമുകനെയും കുറിച്ചു നടി ബിന്ദു മാധവി നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായി. തൃഷയുടെ വിവാഹം തീരുമാനിക്കപ്പെട്ടതായിരുന്നു. എന്നാല്‍ വിവാഹനിശ്ചയത്തിനുശേഷം വരന് വരുണ്‍ മന്യനുമായി അഭിപ്രായവ്യത്യാസങ്ങള്‍ വരികയും ബന്ധം അവസാനിപ്പിക്കുകയുമാണു ചെയ്തത്. കരിയറിലെ മികച്ച സമയത്തായിരുന്നു വിവാഹനിശ്ചയം. അഭിനയം ഉപേക്ഷിക്കാനുള്ള തീരുമാനം തൃഷ എടുത്തിരുന്നില്ല. വരുണും തുടക്കത്തില്‍ ഇതിനു നിര്‍ബന്ധം പിടിച്ചില്ല. ഇക്കാര്യത്തില്‍ പിന്നീട് വരുണിന്റെ കുടുംബത്തിന്റെ ചില ഇടപെടലാണ് ബന്ധം മുറിയാന്‍ കാരണമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. അക്കാലത്തു മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞുനില്ക്കുകയും ചെയ്തു.
പിന്നീട് മറ്റൊരു വിവാഹം കഴിക്കാന്‍ തൃഷ തയാറായിട്ടില്ല. മുടങ്ങിയ വിവാഹത്തിനുശേഷം വരുണ്‍ മന്യന് പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് നടി ബിന്ദു മാധവിക്കൊപ്പം ചേര്‍ത്താണ്. ഇരുവരും ഒരുമിച്ചുള്ള വെക്കേഷന് ചിത്രങ്ങളും അന്നു പുറത്തുവന്നിരുന്നു. 2017 ലായിരുന്നു ഈ ചിത്രങ്ങള്‍ പുറത്തുവന്നത്. സംഭവം ചര്‍ച്ചയായതോടെ വിഷയത്തില്‍ രണ്ട് പേരും പ്രതികരിച്ചു, തങ്ങള്‍ പ്രണയത്തിലല്ലെന്നാണ് വരുണ്‍ മന്യന് പറഞ്ഞത്. ഇപ്പോഴിതാ ബിന്ദു മാധവി ഈ ഗോസിപ്പിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ന്യൂസെന്‍സ് എന്ന സിനിമയുടെ പ്രസ്മീറ്റില്‍ സംസാരിക്കവെയാണ് ബിന്ദു മാധവി പഴയ ഗോസിപ്പില്‍ വ്യക്തത വരുത്തിയത്. തൃഷയുടെ കാമുകനുമായി താന്‍ ഡേറ്റിങ്ങിലായിരുന്നുവെന്നാണ് താരം തുറന്നുപറഞ്ഞത്. പക്ഷേ തൃഷയുമായുള്ള ബന്ധം പിരിഞ്ഞശേഷമാണ് തങ്ങള്‍ ഡേറ്റിങ്ങില്‍ ഏര്‍പ്പെട്ടതെന്നും താരം വെളിപ്പെടുത്തി. സിനിമാരംഗത്തു നിന്നു ചെറിയ ഇടവേള എടുത്തിരുന്ന ബിന്ദു മാധവി ബിഗ് ബോസ് ഒടിടിയിലൂടെയാണ് വീണ്ടും ജനശ്രദ്ധയിലേക്കു വരുന്നത്.