സില്ലിയായ കാരണത്തിനാണ് വഴക്ക്; സെറ്റിലെ കങ്കണയിങ്ങനെ; വിശാഖ് നായർ പറയുന്നു
കങ്കണ റണൗത്തിന്റെ എമർജൻസി എന്ന ചിത്രം തിയറ്ററിൽ പ്രദർശനം തുടരുകയാണ്. അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് കങ്കണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അടിയന്തരാവസ്ഥാക്കാലവും ഇന്ദിരാഗാന്ധിയുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. കങ്കണ തന്നെയാണ് എമർജൻസി സംവിധാനം ചെയ്തതും നിർമ്മിച്ചതും. ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ വേഷം ചെയ്യുന്നത് മലയാളി നടൻ വിശാഖ് നായരാണ്. വിശാഖിന്റെ പെർഫോമൻസിനും കെെയടി ലഭിക്കുന്നുണ്ട്. നേരത്തെ കങ്കണ നായികയായെത്തിയ തേജസ് എന്ന സിനിമയിലും വിശാഖ് അഭിനയിച്ചിട്ടുണ്ട്. കങ്കണയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് വിശാഖ് നായരിപ്പോൾ. ക്ലബ് എഫ്എമ്മുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. തേജസിന്റെ സെറ്റിലെ കങ്കണയായിരുന്നില്ല എമർജൻസിയുടെ സെറ്റിലെന്ന് വിശാഖ് നായർ പറയുന്നു.
എമർജൻസി പുള്ളിക്കാരി എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച് അഭിനയിച്ച സിനിമയാണ് അത് എളുപ്പമല്ല. തേജസിൽ അവർ ഒരു താരമായിരുന്നു. താരത്തിന്റേതായ ഒരു എയറുണ്ടായിരുന്നു. പക്ഷെ എമർജൻസിയിൽ അങ്ങനയേ അല്ലായിരുന്നു. അവർ എല്ലാത്തിനും റെഡിയാണ്. ഓടി നടന്ന് കാര്യങ്ങൾ ചെയ്യും. സാരിയൊക്കെ മടക്കി കുത്തി പണിയെടുക്കുന്നയാളായിരുന്നു. പ്രോസ്തെറ്റിക് മേക്കപ്പും കോസ്റ്റ്യൂമും ഇട്ട് കഴിഞ്ഞാൽ അവർ ഇന്ദിരാഗാന്ധിയാണ്. ബോഡി ലാംഗ്വേജും സംസാരിക്കുന്ന രീതിയും മാറും. സംവിധാനം ചെയ്യുന്നതും ഇന്ദിരാഗാന്ധിയായാണ്. കങ്കണയല്ല ആക്ഷനും കട്ടും വിളിക്കുന്നത്. ഇന്ദിരാഗാന്ധിയാണ്. അത് ശീലമാകാൻ കുറച്ച് സമയമെടുത്തു. പക്ഷെ അത് കൂൾ ആണ്. സെറ്റിൽ മാതൃത്വത്തോടെ കങ്കണ പെരുമാറിയതിനെക്കുറിച്ചും കങ്കണ സംസാരിച്ചു. അവരുടെ പ്രോസസിന്റെ ഭാഗമായിരിക്കും എന്നെനിക്ക് തോന്നുന്നു. മേനേ വാ, ഈ സീൻ ഒന്ന് കണ്ട് നോക്കൂ, രസമുണ്ടല്ലോ, നീ ഇവിടെ ചെയ്തിരിക്കുന്നത് അടിപൊളിയാണെന്ന് പറയും. അത് പോലെ തന്നെ ചീത്തയും വിളിച്ചിട്ടുണ്ട്.
എല്ലാവരുടെയും മുന്നിൽ വെച്ച്. ആ റിലേഷൻഷിപ്പ് കുറേക്കൂടി ആഴമുള്ളതാക്കാൻ വേണ്ടിയായിരിക്കും. സില്ലിയായ കാരണത്തിനാണ് വഴക്ക് പറഞ്ഞത്. പക്ഷെ എനിക്ക് ഇങ്ങനത്തെ ഒരു വശമുണ്ട്, എനിക്ക് നിനക്ക് മുകളിൽ പവറുണ്ട് എന്ന് കാണിക്കാൻ വേണ്ടിയായിരുന്നു. ഓൺസ്ക്രീനിൽ അമ്മ-മകൻ ബന്ധം നന്നായി വന്നെന്നും വിശാഖ് നായർ ചൂണ്ടിക്കാട്ടി.