'ആ സീൻ ചെയ്യാൻ എനിക്ക് വലിയ മടിയായിരുന്നു, ജോമോൾ പേടിസ്വപ്നമായിരുന്നു'; വിനീത് കുമാർ
പല സിനിമകളിൽ നിന്നും അവസരം നഷ്ടമായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ വിനീത് കുമാർ. ഒരു യൂട്യൂബ് ചാനലിന് അനുദിച്ച അഭിമുഖത്തിലാണ് വിനീത് കുമാർ കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'ഞാൻ കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് താമസം മാറാനുളള യഥാർത്ഥ കാരണം മമ്മൂക്കയാണ്. വലിയ ആത്മാർത്ഥതയോടെയാണ് മമ്മൂക്ക പറയുന്നത്. അതെനിക്ക് ഇഷ്ടമാണ്. വളരെ ഇഷ്ടത്തോടെയാണ് മമ്മൂക്കയോടുളള സമയം ഞാൻ ചെലവഴിക്കാറുളളത്. മറ്റുളളവരൊക്കെ പറഞ്ഞിരുന്നത് മമ്മൂക്കയ്ക്ക് ഭയങ്കര ദേഷ്യമെന്നാണ്. അദ്ദേഹം സെറ്റിൽ വരുമ്പോൾ എല്ലാവരും നിശബ്ദരാകുമായിരുന്നു. പക്ഷെ ലാലേട്ടന്റെ കാര്യം കുറച്ച് വ്യത്യസ്തമാണ്. ഇത് രണ്ടും ഞാൻ കണ്ടിട്ടുണ്ട്. ഭരതം സിനിമയിൽ അഭിനയിക്കുമ്പോഴും രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
പല സിനിമകളിൽ നിന്നും അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. അനിയത്തിപ്രാവ് സിനിമയിൽ നായകാനാക്കാൻ ഒരുപാട് പേരെ പരീക്ഷിച്ച സമയത്ത് എന്നെയും സംവിധായകൻ ഫാസിൽ സർ വിളിച്ചിരുന്നു. അങ്ങനെയാണ് ഫഹദ് ഫാസിലുമായി സൗഹൃദത്തിലാകുന്നത്. ആ കാലഘട്ടത്തിലെ രണ്ട് വലിയ സിനിമകളായിരുന്നു ദേവദൂതനും വടക്കൻവീരഗാഥയും. വടക്കൻവീരഗാഥയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞങ്ങൾ ഭക്ഷണം കഴിക്കുന്നത് കല്ല്യാണത്തിന് സദ്യ കഴിക്കുന്നത് പോലെയായിരുന്നു. ഒരു ഗാനം ഷൂട്ട് ചെയ്യാനായി ഒരുപാട് കുട്ടികളുണ്ടായിരുന്നു. ആ സിനിമയിൽ മമ്മൂക്കയുടെ കുട്ടിക്കാലത്തെ വേഷമായിരുന്നു ഞാൻ ചെയ്തിരുന്നത്.
ഉണ്ണിയാർച്ചയുടെ കുട്ടിക്കാലത്തെ വേഷം ചെയ്തിരുന്നത് ജോമോളായിരുന്നു. അവരോടൊപ്പം ഒരു സീൻ ചെയ്യാൻ എനിക്ക് വലിയ മടിയായിരുന്നു. ഉണ്ണിയാർച്ചയെ വിവാഹം ചെയ്യുന്നതായിരുന്നു സീൻ. കുട്ടിക്കാലത്ത് നമുക്ക് ചില വിശ്വാസങ്ങളുണ്ടാകുമല്ലേ. ഈ കുട്ടിയായിരിക്കുമോ ഭാവിയിലും എന്റെ ഭാര്യ എന്നൊക്കെ പേടിച്ചു. താലികെട്ടി കഴിഞ്ഞാൽ ഭാര്യയാകുമെന്നായിരുന്നു ഞങ്ങളുടെ അന്നത്തെ വിശ്വാസം. അപ്പോൾ അവർ എന്റെ കൂടെ വരും എന്നൊക്കെയായിരുന്നു എന്റെ മനസിൽ. അതൊക്കെ കുഞ്ഞുമനസിലെ ചില ചിന്തകൾ മാത്രമായിരുന്നു. അപ്പോൾ ടെൻഷനുണ്ടായിരുന്നു. ഊർജസ്വലയായ പെൺകുട്ടിയായിരുന്നു ജോമോൾ. അതുകൊണ്ട് തന്നെ ജോമോൾ എനിക്ക് പേടിസ്വപ്നമായിരുന്നു. അങ്ങനെയാണ് ആ സീനെടുക്കാൻ ഞാൻ കുറച്ച് മടി കാണിച്ചത്.
ഇപ്പോൾ ജോമോൾ എന്റെ നല്ലൊരു സുഹൃത്താണ്. ഞാനും ഫഹദും കൂടുതലും ചർച്ചകൾ ചെയ്തിട്ടുളളത് സിനിമകളെക്കുറിച്ചാണ്. ഞാനാദ്യമായി ചെയ്ത ഒരു പരസ്യം കണ്ടപ്പോഴാണ് ഫഹദ് എന്നോട് സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ബാക്കി എല്ലാ സഹായങ്ങളും ഫഹദ് ചെയ്യാമെന്നും പറഞ്ഞു' വിനീത് കുമാർ പറഞ്ഞു.