Begin typing your search...

'ആ സിനിമ ചെയ്യാൻ ലാലിന് താൽപര്യമായിരുന്നു, ചിലർ പാരവെച്ചതോടെ ഉപേക്ഷിച്ചു'; വിജി തമ്പി

ആ സിനിമ ചെയ്യാൻ ലാലിന് താൽപര്യമായിരുന്നു, ചിലർ പാരവെച്ചതോടെ ഉപേക്ഷിച്ചു; വിജി തമ്പി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന വിജി തമ്പി സസ്‌പെൻസ് ത്രില്ലർ, കോമഡി, ഫാമിലി സെന്റിമെൻസ്, ആക്ഷൻ ത്രില്ലർ അങ്ങനെ വ്യത്യസ്ത ജോണറിലുള്ള നിരവധി ചിത്രങ്ങൾ ചെയ്ത് വിജയം നേടിയ സംവിധായകനാണ്.

മറുപുറം, വിറ്റ്‌നസ്, ന്യൂ ഇയർ, മാതൃകക്കുതിര പോലുള്ള സസ്‌പെൻസ് ത്രില്ലറുകൾ ഒരുക്കിയ വിജി തമ്പിയാണ് ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, സിംഹവാലൻ മേനോൻ, കുണുക്കിട്ട കോഴി, നാറാണത്ത് തമ്പുരാൻ, കുടുംബകോടതി പോലുള്ള കോമഡി ചിത്രങ്ങളുടെ പിന്നിലും.

നന്മനിറഞ്ഞവൻ ശ്രീനിവാസൻ, സൂര്യ മാനസം പോലുള്ള ഫാമിലി സെന്റിമെൻസും എടുത്ത് വിജയിപ്പിച്ച വിജി തമ്പി തന്നെ സത്യമേവ ജയതേ, ബഡാ ദോസ്ത് പോലുള്ള ആക്ഷൻ ചിത്രങ്ങളും എടുത്ത് വിജയിപ്പിച്ചിട്ടുണ്ട്. ഇതിൽ സൂര്യമാനസമാണ് വിജി തമ്പിയുടെ കരിയർ ബെസ്റ്റ് സിനിമയായി പലരും വിലയിരുത്തുന്നത്.

അതുപോലെ തന്നെ നടൻ പൃഥ്വിരാജിന്റെ ഉള്ളിലെ വില്ലനെ ആദ്യമായി പ്രേക്ഷകർ കണ്ട കൃത്യവും വിജി തമ്പിയുടെ സംവിധാനത്തിൽ പിറന്നതാണ്. ദിലീപ് സിനിമ നാടോടിമന്നന് ശേഷം സംവിധാനത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് വിജി തമ്പി. സംവിധായകൻ എന്നതിന് പുറമെ നല്ലൊരു നടൻ കൂടിയാണ് വിജി തമ്പി.

താന്തോന്നി, പച്ചക്കുതിര, എന്നാലും ശരത്ത് തുടങ്ങി നിരവധി സിനിമകളിൽ വിജി തമ്പി അഭിനയിച്ചു. ഒപ്പം ചില സീരിയലുകൾ സംവിധാനം ചെയ്യുകയും ചെയ്തു. സിനിമാ ജീവിതം വിജയമായിരുന്നുവെങ്കിലും മോഹൻലാലിനെ വെച്ചൊരു സിനിമ ചെയ്യാൻ വിജി തമ്പിക്ക് സാധിച്ചില്ല. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ പ്ലാൻ ചെയ്യുകയും പൂജ ചടങ്ങുകൾ വരെ നടക്കുകയും ചെയ്തതാണ്.

എന്നാൽ പിന്നീട് മുടങ്ങി. സിനിമ മുടങ്ങിയതിന് കാരണം ചില പാരവെപ്പുകളാണെന്ന് പറയുകയാണ് ഇപ്പോൾ വിജി തമ്പി. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ സിനിമ സംഭവിക്കാതിരുന്നതിന്റെ കാരണം വിജി തമ്പി വെളിപ്പെടുത്തിയത്.

'മോഹൻലാൽ സിനിമ ചെയ്യാൻ ശ്രമിച്ചിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ് തുടങ്ങാൻ പൂജ വരെ കഴിഞ്ഞു. ലാലും പൂജയിൽ പങ്കെടുത്തിരുന്നു. ശിക്കാർ ആയിരുന്നു സിനിമ. ഞാൻ ഒരു വർഷത്തോളം അതിന്റെ സ്‌ക്രിപ്റ്റ് വർക്കിനായി ഇരുന്നതാണ്. ശേഷം ലാലിനെ കഥ പറഞ്ഞ് കേൾപ്പിച്ചു. പക്ഷെ ചില ആളുകൾ സിനിമ സംഭവിക്കും മുമ്പ് പാര വെച്ചതിനാൽ സിനിമ ചെയ്യാൻ പറ്റിയില്ല.'

'മോഹൻലാൽ പതിനേഴ് വയസുള്ള പെൺകുട്ടിയുടെ അച്ഛനായി അഭിനയിച്ചാൽ സിനിമ ഓടില്ലെന്ന് ആരോ നിർമാതാവിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. മോഹൻലാലിന് താൽപര്യമായിരുന്നു. അങ്ങനെ ആ സിനിമ ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ലാലിനെ വെച്ച് സിനിമ ചെയ്യാൻ താൽപര്യമുണ്ട് ഇപ്പോഴും.'

'നടക്കാൻ വിധിയുണ്ടെങ്കിൽ അല്ലേ നടക്കൂ. ഇപ്പോഴും ലാലുമായി അടുപ്പം സൂക്ഷിക്കുന്നുണ്ടെന്നും', വിജി തമ്പി പറയുന്നു. ഇപ്പോൾ ജയറാം സിനിമകൾ ചെയ്യാൻ മുതിരാത്തതിന് പിന്നിലെ കാരണവും വിജി തമ്പി വെളിപ്പെടുത്തി.

ജയറാമിനെ കൊണ്ട് ആദ്യമായി കോമഡി ചെയ്യിപ്പിച്ചത് താനാണെന്നും വിജി തമ്പി പറയുന്നു. 'ജയറാമുമായി ഇപ്പോഴും നല്ല അടുപ്പമാണ്. ഇനി ചെയ്യുകയാണെങ്കിൽ ജയറാമിനെ വെച്ച് കോമഡി സിനിമ ചെയ്യാനാണ് എനിക്ക് താൽപര്യം. പക്ഷെ ജയറാമിന് ഇപ്പോൾ കോമഡി ചെയ്യാൻ താൽപര്യമില്ലെന്നും', വിജി തമ്പി കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it