ഓണക്കാലത്ത് എല്ലാവരും ഒത്തുചേരും, ആഘോഷങ്ങളും ഉത്സവങ്ങളും അച്ഛനെന്നും ഇഷ്ടമായിരുന്നു...; അച്ഛൻ എൻ.എൻ. പിള്ളയുടെ ഓർമകളിൽ വിജയരാഘവൻ
ആഘോഷങ്ങളും ഉത്സവങ്ങളും അച്ഛനെന്നും ഇഷ്ടമായിരുന്നുവെന്നു തന്റെ പിതാവ് എൻ.എൻ. പിള്ളയെക്കുറിച്ച് നടൻ വിജയരാഘവൻ. ഓണക്കാലത്ത് കുടുംബത്തിലെ എല്ലാവരും കഴിവതും ഒത്തുചേരാറുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. നാടകാചാര്യനായ എൻ.എൻ. പിള്ളയെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് വിജയരാഘവൻ.
"തിരുവേണം വരുമ്പോൾ വല്ലാത്തൊരു ശൂന്യതയാണ്. ഈ ഓണത്തിനുമുണ്ട്, പരിഹരിക്കാൻ കഴിയാത്ത ആ ശൂന്യത. മരിക്കുന്നതുവരെ ഒരു വാക്കിന്റെ അർത്ഥം തേടി എനിക്ക് ഡിക്ഷണറി നോക്കേണ്ടിവന്നിട്ടില്ല. ചോദിച്ചാൽ അപ്പോൾത്തന്നെ ഉത്തരം പറയും. സംശയമുണ്ടെങ്കിൽ മാത്രം ഡിക്ഷണറി പരിശോധിക്കും. വായിച്ചുകിട്ടിയതിനേക്കാൾ ജീവിതത്തിൽ നിന്നു നേടിയ അറിവാണത്.
ഏഴാം വയസിൽ അച്ഛന്റെ നാടകത്തിൽ തുടങ്ങിയതാണ് അഭിനയം. ഒരു നാടകത്തിൽ എന്റച്ഛൻ മരിച്ചുപോയി. അച്ഛനെയോർത്ത് അമ്മ കരയുന്നതാണ് സീൻ. കൂടെ ഞാനും കരയണം. നാടകം ആരംഭിച്ചു. അമ്മ കരയുമ്പോൾ ഞാനും കരഞ്ഞു. തിരിച്ച് ഗ്രീൻ റൂമിലെത്തിയിട്ടും എനിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല. കരച്ചിൽ എങ്ങനെ നിയന്ത്രിക്കണമെന്നൊന്നും എനിക്കറിയില്ലായിരുന്നു. കോളജുകാലം വരെ അച്ഛനൊപ്പം നാടകത്തിനു പോകും.
അഭിനയിക്കുന്നവർ ആരെങ്കിലും വരാതിരുന്നാൽ ആ വേഷം ചെയ്യുന്നതു ഞാനാണ്. കോളജ് കാലഘട്ടം കഴിഞ്ഞപ്പോഴാണ് ഫുൾടൈം നാടകത്തിലെത്തിയത്. കാപാലിക, ക്രോസ്ബെൽട്ട് തുടങ്ങിയ നാടകങ്ങൾ വീണ്ടും സ്റ്റേജിലെത്തിയപ്പോൾ ഞാനും അഭിനയിച്ചു. വീടിന്റെ ചെറിയ ചായ്പിലാണ് അന്ന് റിഹേഴ്സൽ. രാവിലെ ഉണരുമ്പോൾ കേൾക്കുന്നത് നാടകത്തിലെ ഡയലോഗുകളാണ്. അതുകൊണ്ടുതന്നെ നാടകം മാത്രമായിരുന്നു അന്നത്തെ ചിന്ത'- വിജയരാഘവൻ പറഞ്ഞു.