സാമന്തയെ വിജയ്ക്ക് വേണ്ട...; തൃഷയ്ക്ക് വഴിയൊരുക്കി വിജയ്
തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായും ഇറങ്ങുകയാണ്. തമിഴക വെട്രിക്കഴകം എന്ന പാര്‍ട്ടി ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് വിജയ് അവസാനമായി ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളാണ് തെന്നിന്ത്യയില്‍ സംസാരവിഷയം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്ത നായികയായി എത്തുന്നു എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍.
വിജയ് ഫാന്‍സിന്റെ ശക്തമായ പിന്തുണയോടെയാണ് പാര്‍ട്ടി രൂപീകരിച്ചത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് ഏറ്റെടുത്ത സിനിമകള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കിലാണ് വിജയ്. ദളപതി 69 എന്നു താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേഷനും പ്രേക്ഷകരെ സംബന്ധിച്ച് വിലപ്പെട്ടതാണ്. സൂപ്പര്‍ താരം അവസാനമായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കും, ആരായിരിക്കും നായിക എന്നൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.
അതിനിടയിലാണ് സാമന്തയുടെ പേരു പറഞ്ഞു കേട്ടത്. കത്തി, തെറി, മെര്‍സല്‍ എന്നീ സിനിമകളില്‍ വിജയ്‌ക്കൊപ്പം ജോഡി ചേര്‍ന്ന് അഭിനയിച്ച സാമന്ത, വിജയ്‌യുടെ ഭാഗ്യ നായികയാണെന്നും അവസാന ചിത്രത്തിലെ നായിക സാമന്ത തന്നെയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. നാലാമതും വിജയ്‌ക്കൊപ്പം സാമന്ത ജോഡി ചേരുന്നു എന്ന വാര്‍ത്തകള്‍ ഫാന്‍സും ആഘോഷിച്ചതാണ്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ നിന്നും സാമന്തയെ ഒഴിവാക്കി എന്നാണു കേള്‍ക്കുന്നത്.
കഴിഞ്ഞ ദിവസം സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് വന്‍ വിവാദമായിരുന്നു. മയോസൈറ്റിസ് എന്ന അപൂര്‍വ രോഗത്തെ അഭിമുഖീകരിക്കുന്ന സാമന്ത, ഒരു ഡോക്ടറുടെയും കുറിപ്പടി ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഹൈഡ്രജന്‍ പെറോക്‌സൈഡ് നെബുലൈസ് ചെയ്യുന്നതും ശ്വസിക്കുകയും ചെയ്യുന്നതിനെ പ്രമോട്ട് ചെയ്തിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം തന്നെയുണ്ടായി. താരത്തിനെതിരേ ഡോക്ടര്‍മാരും സെലിബ്രിറ്റികളും രംഗത്തെത്തി.
ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയ് തന്റെ അവസാന ചിത്രത്തില്‍ സാമന്ത വേണ്ട എന്ന് പറഞ്ഞതെന്നാണ് കോടമ്പക്കത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കാജള്‍ അഗര്‍വാള്‍, നയന്‍താര എന്നിവരുടെ പേരുകള്‍ പറയുന്നുണ്ടെങ്കിലും തൃഷ തന്നെ നായികയായി എത്തണം എന്നാണ് ആരാധകരുടെ മോഹം. വിജയ്‌യുടെ ഓണ്‍സ്‌ക്രീന്‍ പെയര്‍ ആയി തങ്ങള്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നത് തൃഷയെ ആണെന്നും, അവസാന ചിത്രത്തില്‍ തൃഷ തന്നെ നായികയാകണം എന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ വിജയ്ക്കും അനുകൂല സമീപനമാണെന്നാണു കേള്‍ക്കുന്നത്.