ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച ബ്രിട്ടിഷുകാരന്റെ പരാക്രമങ്ങള്‍- വീഡിയോ കാണാം
പറക്കുന്ന വിമാനത്തിന്റെ ഡോര്‍ വലിച്ചുതുറക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടിഷ് പൗരന്റെ പരാക്രമങ്ങളും അയാളെ തടയുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ക്രൊയേഷ്യയിലെ സദറില്‍നിന്ന് വിമാനം പറന്നുയരുമ്പോഴാണ് 27കാരന്‍ പരാക്രമങ്ങള്‍ ആരംഭിച്ചത്. യുവാവിന്റെ അക്രമം സഹയാത്രികരില്‍ വന്‍ പരിഭ്രാന്തി പരത്തി.
സദറില്‍നിന്ന് ലണ്ടനിലേക്കുള്ള റയാന്‍ എയര്‍ ഫ്‌ളൈറ്റിലാണു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദൃശ്യങ്ങളില്‍, യുവാവ് വിമാനത്തിനുള്ളില്‍ ബഹളം വയ്ക്കുന്നതു കാണാം. അയാള്‍ തന്റെ സണ്‍ഗ്ലാസുകള്‍ അഴിച്ചുമാറ്റി, വാതില്‍ തുറക്കാന്‍ ജീവനക്കാരോടു പറയുന്നു. വാതിലിനടുത്തേക്കു നീങ്ങുന്നതിനുമുമ്പ്, സഹയാത്രികരെ ഇയാള്‍ അസഭ്യം പറയുന്നുമുണ്ട്. 'വാതില്‍ തുറക്കൂ' എന്ന് ബ്രിട്ടീഷുകാരന്‍ ആക്രോശിക്കുന്നത് കേള്‍ക്കാം. പരാക്രമം പരിധിവിട്ടതോടെ റണ്ടു പേര്‍ അയാളെ കീഴടക്കുകയായിരുന്നു.
യാത്രികരില്‍ ഭൂരിഭാഗവും പാഗ് ദ്വീപില്‍ നടന്ന ക്രൊയേഷ്യന്‍ സംഗീത പരിപാടിയായ ഹൈഡൗട്ടില്‍ പങ്കെടുത്തു മടങ്ങുന്നവരായിരുന്നു. തുടര്‍ന്ന്, വിമാനം ടേക്ക് ഓഫ് ചെയ്യാതെ ഇയാളെ പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ വിമാനത്തില്‍ അക്രമം കാണിക്കാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. സംഭവം പരിഭ്രാന്തി പരത്തിയെങ്കിലും ഇയാളെ ഇറക്കിയശേഷം വിമാനം ലണ്ടനിലേക്കുള്ള യാത്ര തുടര്‍ന്നു.