ആദരാഞ്ജലികൾ..... കൊല്ലത്തുകാരുടെ രവി മുതലാളി, സിനിമാ ലോകത്തെ അച്ചാണി രവി എന്ന കെ. രവീന്ദ്രനാഥൻ നായർ ഓർമയായി
മലയാള സിനിമയെ ദേശീയ -അന്തർദേശീയ മേളകളിൽ എത്തിച്ച ജി. അരവിന്ദന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും ഉൾപ്പെടെയുള്ള മികച്ച സിനിമകൾ ലാഭേച്ഛയില്ലാതെ നിർമിച്ച, തന്റെ സമ്പത്തിന്റെ നല്ലൊരുഭാഗം കലാമൂല്യമുള്ള സിനിമകൾക്കായി നീക്കിവെച്ച ജനറൽ പിക്‌ചേഴ്‌സ് ഉടമ കശുവണ്ടി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അച്ചാണി രവിയെന്ന കെ. രവീന്ദ്രനാഥൻ നായർ. സമാന്തരസിനിമകളെ വളർത്താൻ ഇത്രയധികം പണവും ഊർജവും വിനിയോഗിച്ച മറ്റൊരാൾ മലയാളത്തിലില്ല. കൊല്ലം ജില്ലയിലെ നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകൾക്ക് കണക്കില്ലാതെ സഹായം നൽകിയ രവീന്ദ്രനാഥൻ നായരുടെ സംഭാവനകളാണ് ബാലഭവൻ ഓഡിറ്റോറിയം, ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാർഡ്, ഇന്റൻസീവ് കെയർ യൂണിറ്റ്, രക്തബാങ്ക് കെട്ടിടം, ആശ്രാമം, കൊല്ലം പബ്‌ളിക് ലൈബ്രറി, ആധുനിക നാടകങ്ങൾ മറ്റു കലാപാടികൾ നടത്താനുള്ള സൗകര്യങ്ങളോടെ നിർമ്മിച്ച സോപാനം ആഡിറ്റോറിയം (നഗരഹൃദയത്തിൽ, തണൽമരങ്ങൾ നിറഞ്ഞ്, പ്രശാന്തമായ അന്തരീക്ഷത്തിലുള്ള ഈ ഓഡിറ്റോറിയത്തിലാണ് പ്രധാന സാംസ്‌കാരിക പരിപാടികൾ ഇന്നും അരങ്ങേറുന്നത്), ചവറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂൾ ലൈബ്രറി ആർട്ട് ഗാലറി മുതലായവ.
കൊല്ലത്തെ ആദ്യകാല കശുവണ്ടി വ്യവസായികളിൽ ഒരാളായ കൊച്ചുപിലാംമൂട് കൃഷ്ണ വിലാസം വെണ്ടർ പി. കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും മകനായി 1933 ജൂലൈ 3 ന് (1108 മിഥുനം 19) കൊല്ലത്ത് ജനിച്ചു. സ്‌ക്കൂൾ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്‌ക്കൂളിലും ഗവ. ബോയ്‌സ് ഹൈസ്‌ക്കൂളിലും പൂർത്തിയാക്കി. 1955-ൽ കോമേഴ്‌സ് ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1967 മുതൽ ചലച്ചിത്രനിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നു. സിനിമാനിർമ്മാണക്കമ്പനിയായ ജനറൽ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ചു. ഇവ വിതരണം ചെയ്യാനായി പ്രതാപ് ഫിലിംസ് എന്ന സിനിമാ വിതരണക്കമ്പനി സ്ഥാപിച്ചു. അമ്പത് വർഷമായി ഇവ തുടങ്ങിയിട്ട്. 1967-ൽ പുറത്തിറക്കിയ 'അന്വേഷിച്ചു, കണ്ടെത്തിയില്ല' എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. പാറപ്പുറത്തിന്റെ നോവൽ ആധാരമാക്കിയായിരുന്നു ചിത്രം നിർമ്മിച്ചത്. സംവിധായകൻ പി ഭാസ്‌കരൻ ആയിരുന്നു. നിർമ്മാണം രവി എന്നു മാത്രമാണ് കൊടുത്തത്. ഈ സിനിമ 25 ദിവസം തുടർച്ചയായി ഓടി. പിന്നീട്, 1973-ൽ ഇറങ്ങിയ അച്ചാണി വൻ ഹിറ്റായിരുന്നു. ബോക്‌സ് ഓഫീസ് ഹിറ്റായ ഈ ചിത്രത്തിൽനിന്ന് ലഭിച്ച ലഭം മുഴുവൻ സാമൂഹ്യസേവനത്തിനായി അദ്ദേഹം ചെലവൊഴിച്ചു. അച്ചാണിയുടെ ലാഭം ഉപയോഗിച്ച് കൊല്ലം പബ്‌ളിക് ലൈബ്രറിയും സോപാനം കലാ കേന്ദ്രവും ആരംഭിച്ചു. 1977-ൽ പുറത്തിറങ്ങിയ 'കാഞ്ചനസീത' എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രൻ നായർ അരവിന്ദനുമായി സഹകരിക്കുന്നത്. ശ്രീകണ്ഠൻ നായർ ആയിരുന്നു തിരക്കഥ രചിച്ചത്. രാമായണത്തിലെ ഉത്തരകാണ്ഡത്തെ അധികരിച്ചാണ് ഈ തിരക്കഥ തയ്യാറാക്കിയത്. അതിനുമുമ്പ്, കെ പി എ സി ഇത് നാടകമായി അവതരിപ്പിച്ചിരുന്നു. ക്യാമറ ഷാജി. എൻ കരുൺ ആയിരുന്നു. പടം തിയേറ്ററുകളിൽ വിജയിച്ചില്ലെങ്കിലും അനേകം ദേശീയ-അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. അനേകം പുരസ്‌കാരങ്ങൾ ലഭിച്ചു. പ്രണവം തീയേറ്ററുകളുടെ ഉടമയായ രവീന്ദ്രനാഥൻ നായർ, രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981-ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
2008-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ പുരസ്‌കാരത്തിനർഹനായി. പ്രായാധിക്യത്തിന്റെ ആലസ്യത്തിൽ വിശ്രമജീവിതം നയിക്കുമ്പോഴും സാംസ്‌കാരികലോകത്ത് ഇദ്ദേഹത്തിന്റെ ജാഗ്രതയോടെ തുറന്നുവെച്ച കണ്ണുണ്ട്. ഗായികകൂടിയായിരുന്ന ഭാര്യ ഉഷ 4 വർഷംമുമ്പ് മരിച്ചു. തമ്പിലെ 'കാനകപ്പെണ്ണ് ചെമ്മരത്തി...' ഉൾപ്പെടെ ഏതാനും പാട്ടുകൾ അവർ സിനിമയ്ക്കുവേണ്ടി പാടിയിട്ടുണ്ട്. മക്കളായ പ്രതാപ്, പ്രീത, പ്രകാശ്, മരുമക്കളായ രാജശ്രീ, സതീഷ് നായർ, പ്രിയ എന്നിവരാണ് ഇപ്പോൾ ബിസിനസ് കാര്യങ്ങൾ നോക്കുന്നത്. സിനിമാരംഗത്തെ എല്ലാ കാര്യങ്ങളിലും തുടക്കംമുതലേ സഹായിയായ ജെ. രാജശേഖരൻ നായരും ഇപ്പോൾ രവീന്ദ്രനാഥൻ നായർക്കൊപ്പമുണ്ട്.
കെ.രവീന്ദ്രനാഥൻ നായർ നിർമ്മിച്ച സിനിമകൾ : അന്വേഷിച്ചു കണ്ടെത്തിയില്ല (1967) - മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, ലക്ഷപ്രഭു (1968), കാട്ടുകുരങ്ങ് (1969), അച്ചാണി (1969), കാഞ്ചനസീത (1977) - സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്‌ക്കാരം, തമ്പ് (1978) - മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്, കുമ്മാട്ടി (1979) - മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ലണ്ടൻ ഫെസ്റ്റിവലിൽ അസാധാരണ മികവുള്ള ചിത്രമായി തെരഞ്ഞടുത്തു, എസ്തപ്പാൻ (1980) - സംസ്ഥാനത്തെ മികച്ച ചിത്രം, പോക്കുവെയിൽ (1981) - മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, എലിപ്പത്തായം (1981) - മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, മഞ്ഞ് (1982) മുഖാമുഖം (1984) - മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, അനന്തരം (1987) - മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്, വിധേയൻ (1994) - മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്. രവി മുതലാളിയുടെ വേർപാടിൽ അനുശോചിക്കുന്നു,ആദരവർപ്പിക്കുന്നു. ????