താരമെന്ന തലക്കനവുമായി വരുന്നവര്‍, ആ ഭാരത്തില്‍ മുങ്ങിപ്പോയ ചരിത്രമേയുള്ളൂ: രജിഷ വിജയന്‍
അനുരാഗക്കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ അസിഫ് അലിയുടെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച രജിഷ വിജയന്‍ ഇന്ന് തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരമാണ്. മറ്റു യുവനിര നായികമാരെ അപേക്ഷിച്ച് അഭിനയപ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍ രജിഷ എന്ന ഭാഗ്യനായികയെ തേടിയെത്തി. സമൂഹമാധ്യമങ്ങളിലും സജീവമായ താരം അടുത്തിടെ പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തു.
ഒരു പ്രത്യേക ഭാഷയില്‍ ഫോക്കസ് ചെയ്ത് അഭിനയിക്കാനുള്ള മോഹമൊന്നും തനിക്കില്ലെന്നാണ് രജിഷ പറഞ്ഞത്. ഭാഷ ഏതായാലും കഥാപാത്രം നല്ലതെന്ന് തോന്നിയാല്‍ അഭിനയിക്കും. എനിക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ കൂടുതലും വരുന്നത് മലയാളത്തില്‍ നിന്നായതിനാല്‍ മലയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഭാഷയുടെ മുകളിലുള്ള കണ്‍ട്രോള്‍ അഭിനയത്തിന് ഗുണകരമാകും. മറ്റേതു ഭാഷയെക്കാളും എനിക്ക് പ്രവര്‍ത്തിക്കാന്‍ ആഗ്രഹം മലയാള സിനിമയിലാണ്. ഏത് ഭാഷയിലും താരങ്ങളുടെ ഉയര്‍ച്ചയ്ക്ക് കാരണം അവരുടെ എളിമയാണ്. ഞാന്‍ വലിയ താരമെന്ന തലക്കനവുമായി വരുന്നവര്‍, ആ ഭാരത്തില്‍ മുങ്ങിപ്പോയ ചരിത്രമേയുള്ളൂ. മണ്ണില്‍ നില്‍ക്കുന്ന, മണ്ണിനെ മറക്കാത്ത താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കലൊരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് സ്‌പെയിനില്‍ നടക്കുമ്പോള്‍ രവിതേജ ഫുട്പാത്തിലെ കോണിപ്പടിയിലിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സിനിമയുമായി ബന്ധമില്ലാത്ത അന്തരീക്ഷത്തില്‍നിന്നു സിനിമയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നും രജിഷ പറഞ്ഞു.