Begin typing your search...

' പൊന്നിയിൻ സെൽവൻ ' നോവലിൽ ഇല്ലാത്ത വിഷയങ്ങളും സിനിമയിലുണ്ട് ! സംവിധായകൻ മണിരത്നം

 പൊന്നിയിൻ സെൽവൻ  നോവലിൽ ഇല്ലാത്ത വിഷയങ്ങളും സിനിമയിലുണ്ട് ! സംവിധായകൻ മണിരത്നം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെയും അതിലുപരി ആവേശത്തോടെയും കാത്തിരിക്കുന്ന പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ( പിഎസ്2 ) ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ വെള്ളിത്തിരയിൽ തെളിയും.കൽക്കിയുടെ തലമുറകളെ ആകർഷിച്ച വിശ്വ പ്രസിദ്ധമായ ഇതിഹാസ നോവലിനെ ആസ്പദമാക്കി മണിരത്നം ദൃശ്യ സാക്ഷാത്കാരം നൽകിയ പൊന്നിയിൻ സെൽവൻ ( രണ്ടാം ഭാഗം ) ലോക സിനിമയുടെ മുമ്പാകെ, ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിലെ നാഴിക്കല്ലായിരിക്കും എന്നാണ് അനുമാനിക്കപ്പെടുന്നത്. നോവലിലെ ഉള്ളടക്കത്തിന് ഉപരി കഥയിലെ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് ഒട്ടേറെ പഠനങ്ങൾ നടത്തിയ ശേഷമാണ് മണിരത്നം തൻ്റെ സ്വപ്ന പദ്ധതിയായ ഈ സിനിമക്ക് തിരക്കഥ തയ്യാറാക്കിയതും ദൃശ്യാ വിഷ്‌ക്കാരമേകിയതും. അതു കൊണ്ടു തന്നെ നോവലിൽ ഇല്ലാത്ത ചില സംഭവങ്ങളും സിനിമയിലുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അതിനെ കുറിച്ചും പ്രതിസന്ധികളെ അതി ജീവിച്ച് സിനിമ പൂർത്തീകരിച്ച അനുഭവത്തെ കുറിച്ചും മണിരത്നം മനസ്സു തുറക്കുന്നു. അദ്ദേഹത്തിൻ്റെ തന്നെ വാക്കുകളിലൂടെ....

" ആദ്യ ഭാഗത്തിന് കിട്ടിയ വിജയവും അംഗീകാരവും നില നിർത്തണം എന്നതു കൊണ്ട് രണ്ടാം ഭാഗത്തിനായി പഴുതുകളില്ലാതിരിക്കാൻ അവിശ്രമം കഠിനമായി അധ്വാനിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് രണ്ടാം ഭാഗത്തെ കുറിച്ച് ഒരു ഗണിപ്പും മുൻ വിധിയും ഉണ്ടായിരിക്കും. ജനങ്ങൾ പൊന്നിയിൻ സെൽവനെ ഒരുപാട് സ്നേഹിക്കന്നു എന്നതിൻ്റെ ദൃഷ്ടാന്തമാണ് സിനിമക്ക് ലഭിച്ച മഹാ വിജയം. പടം പുറത്തു വരുന്നതിനു മുമ്പു തന്നെ അവർ ആഘോഷിക്കാൻ തുടങ്ങി. ഈ അംഗീകാരത്തിൻ്റെയും വിജയത്തിൻ്റെയും വലിയ പങ്കും സൃഷ്ടാവ് കൽക്കിക്ക് അവകാശപ്പെട്ടതാണ് . അദ്ദേഹത്തിൻ്റെ രചനയിൽ നിന്നും ആവശ്യമുള്ള അളവിൽ മാത്രം എടുത്തു കൊണ്ട് പോയി മറ്റൊരു മീഡിയത്തിൽ ചെയ്യേണ്ടതുണ്ടായിരുന്നു. ആദ്യ ഭാഗത്തിൽ പൊന്നിയിൻ സെൽവനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി, ഒരോരുത്തരും പ്രയാണം ചെയ്യുന്ന രീതി വിവരിച്ച് തുടങ്ങി വെച്ചു. രണ്ടാം ഭാഗത്തിൽ കഥയുണ്ട്. അവരുടെ (കഥാപാത്രങ്ങളുടെ) ബന്ധങ്ങൾ, അതു കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ എല്ലാം വിവരിക്കുന്നത് രണ്ടാം ഭാഗത്തിലാണ്. തീർച്ചയായും നല്ല രീതിയിൽ കൊണ്ട് വന്നിട്ടുണ്ടെന്നും പൂർണത കൈ വന്നിട്ടുണ്ടെന്നും ആത്മവിശ്വാസത്തോടെ പറയാനാവും."

ഒരു ഐതിഹാസികമായ മഹത് രചന സിനിമയാക്കുക എന്നത് ഒരു വെല്ലുവിളിയല്ലേ. ?

" അതെ, അഞ്ചു ഭാഗങ്ങളുള്ള മഹാ ഗ്രന്ഥമാണ് കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവൽ. ഒട്ടനവധി കഥാപാത്രങ്ങൾ അതിലുണ്ട്. അത്രയധികം കഥാപാത്രങ്ങൾ സൃഷിട്ടിക്കാനുള്ള ധാരാളം സമയവും എഴുതാനുള്ള മനസ്സും ഭാവനയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സിനിമ പൂർണമായും വേറിട്ട, വ്യത്യസ്തമായ മറ്റൊരു മീഡിയമാണ്. വെറുതെ വാക്കുകളാലുള്ള വിവരണം കൊണ്ട് കഥ പറയാനാവില്ല.

സിനിമയിൽ കുറച്ചു സമയത്തിനുള്ളിൽ ഒട്ടേറേ കാര്യങ്ങൾ വിവരിക്കണം. കഥ അവർ (കാണികൾ) നേരിട്ട് കാണണം ... അനുഭവിക്കണം. ഒന്നിച്ച് കണ്ട് ഒരു കഥ പറയാൻ കഴിഞ്ഞ സംതൃപ്തി ലഭിക്കണം. ഇതിൽ പ്രശ്നം ഉണ്ടാവുക തിരക്കഥ എഴുതുന്ന വേളയിലാണ്. അതും തൃപ്തികരമായി പൂർത്തിയാക്കിയാൽ അതിനെ അതേ പടി പ്രാവർത്തികമാക്കാം. അങ്ങനെ നോക്കുമ്പോൾ നല്ല രീതിയിൽ വന്നിട്ടുണ്ട്. നോവലിൽ നിന്നും ചില മാറ്റങ്ങൾ ഉണ്ടായിരിക്കും. എല്ലാം ചേർത്ത് കോർത്തിണക്കി വരുമ്പോൾ കഥയി (നോവലിൽ)ൽ ഇല്ലാത്ത ചില വിഷയങ്ങളും ചേർക്കേണ്ടതായി വന്നു. സിനിമയ്ക്ക് അവസാനം, ക്ലൈമാക്സ് എന്നത് വേറെ. നോവൽ ഏതു വിധത്തിൽ എങ്ങനെ വേണമെങ്കിലും എഴുതാം. എന്നാൽ സിനിമയിൽ ക്ലൈമാക്സ് ഉച്ചത്തിൽ വന്നു നിൽക്കണം. സിനിമയുടെ ഭാഷക്ക് ഇത് കടുത്ത വെല്ലവിളി തന്നെ. എല്ലാം ശരിയാക്കി ഒരു രൂപത്തിൽ എത്തിച്ചിട്ടുണ്ട്. കൽക്കിയുടെ രചനയിലെ നല്ല മുഹൂർത്തങ്ങൾ ഒന്നും ഒഴിവാക്കിയിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും.

നോവലിലെ ചില കഥാപത്രങ്ങൾ, ചില രംഗങ്ങൾ, ചില സ്ഥലങ്ങൾ എന്നിവയെ കുറിച്ച് സിനിമയിൽ പ്രതിപാദിക്കുന്നില്ല എന്ന വസ്തുത നിഷേധിക്കുന്നില്ല... ഉപ കഥകൾ കുറയ്ക്കേണ്ടതായി വന്നു. ആധാരമായ മൂല കഥയെ കോർത്തിണക്കി പറയാൻ നന്നേ മിനക്കെടേണ്ടി വന്നു. കൽക്കി ഒരു കാര്യം വിവരിച്ച് വരുമ്പോൾ "അവിടെ പോയിട്ടു വരാം" എന്ന് പറഞ്ഞു പോകുന്നു. സ്ക്രീനിൽ അങ്ങനെ പോയിട്ട് വരാൻ പറ്റില്ല. അങ്ങനെ പോയാലും അത് മനസിലാക്കി കൊടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. തീർച്ചയായും നീതിപൂർവ്വം ചില മാറ്റങ്ങളുണ്ട് ... എന്നാൽ കൽക്കി രചിച്ച പൊന്നിയിൻ സെൽവൻ്റെ ആത്മാവും ജീവനും തീർച്ചയായും സിനിമയിലുണ്ട്. സിനിമ കണ്ട ശേഷം നിങ്ങളും അത് പറയും."

കൊറോണ കാലത്ത് പ്രതിസന്ധികളിലും നൂറ്റി മുപ്പതു ദിവസം കൊണ്ട് രണ്ടു ഭാഗങ്ങളുടേയും ചിത്രീകരണം പൂർത്തിയാക്കിയല്ലോ. ആ വെല്ലുവിളിയെ എങ്ങനെയാണ് അതി ജീവിച്ചത്...?

" കോവിഡ് കാലത്ത് നൂറു പേർ മാത്രമേ ജോലി ചെയ്യാവൂ, എന്ന പ്രോടോകോൾ ഉണ്ടായിരുന്നു. ഓരോ ദിവസവും കൊറോണ വാർത്തകൾ ഉണ്ടാക്കിയ ഭീതി ഇപ്പോഴും ഓർക്കാൻ വയ്യാ. പേപ്പറിൽ എഴുതി വെച്ചതിനുമപ്പുറം എങ്ങനെ മികവോടെ ചിത്രീകരിക്കാം?.. നടീ നടന്മാരെ ക്യാമറക്ക് മുന്നിൽ കൊണ്ട് വന്ന് നിറുത്തി, പാശ്ചാത്തലത്തിൽ മ്യുസിക് എങ്ങനെ വരും ? എന്നൊക്കെയുള്ള ഒട്ടേറേ ചിന്താ കുഴപ്പങ്ങളും പേടിയുമോക്കെ വേട്ടയാടിയിരുന്നു. ഏതിലാണ് പ്രഷർ ഇല്ലാത്തത്. ഒരു ക്രിയേറ്ററുടെ ടെൻഷൻ എപ്പോഴും ഒരേ പോലെയാണ്. വലിയ യുദ്ധ രംഗമാണെങ്കിലും, രണ്ടു പേർ തമ്മിൽ സംസാരിക്കുന്ന വൈകാരികമായ ഒരു രംഗം ചിത്രീകരിക്കയാണെങ്കിലും ശരി, ചുറ്റുമുള്ള കാര്യങ്ങൾ മാറും എന്നല്ലാതെ ടെൻഷൻ ഒന്നു തന്നെയാണ്. പേപ്പറിലുള്ളത് ക്യമറക്കുള്ളിലേക്ക് വരുമ്പോൾ അത് ഇനിയും വളരണം,വികസിക്കണം, തിളങ്ങണം അതാണ് പ്രധാനം. സിനിമയിൽ സമയം പ്രധാനമാണ്... വിലപ്പെട്ടതാണ്. ചില സമയത്ത് നടീ നടന്മാരിൽ നിന്നും പ്രതീക്ഷിച്ച പെർഫോമൻസ് കിട്ടാൻ താമസം വന്നേക്കാം. അതിനിടയിൽ നമ്മൾ എടുക്കുന്ന ആ വിഷയത്തിൽ 'സംതിങ്ങ് സ്പെഷൽ ' വരണം... അതിനൊരു ജീവൻ നൽകണം എന്ന് തുടിക്കുമ്പോൾ ടെൻഷൻ ഒഴിവാക്കാൻ ആവില്ല."

പി എസ് 1 നു ലഭിച്ച സ്വീകരണത്തിൽ താങ്കൾ തൃപ്തനാണോ... ?

" മറ്റാരെങ്കിലും എടുത്തിരുന്നെങ്കിൽ ഞാനും ഒരു പ്രേക്ഷകൻ്റെ സ്ഥാനത്ത് നിന്നു കൊണ്ട് വിമർശിച്ചിട്ടുണ്ടാവും. പൊന്നിയിൻ സെൽവൻ എല്ലാവർക്കും ഇഷ്ടപ്പെട്ട കഥയാണ്. എല്ലാവരും അവരവരുടെ മനസ്സിലുള്ള സങ്കല്പം വെച്ചാണ് കണ്ടത്. ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെട്ടു എന്നാണ് ഞാൻ അറിഞ്ഞത്. എനിക്ക് ഒറ്റ ലക്ഷ്യമേ ഉളളൂ. പൊന്നിയിൻ സെൽവൻ വായിച്ചപ്പോൾ എന്നെ ആകർഷിച്ചതെന്തോ, എനിക്ക് എന്ത് ഇഷ്ടപ്പെട്ടുവോ ആ ഫ്ലേവർ മാറാതെ കൊണ്ടു വരണം എന്ന് ആഗ്രഹിച്ചു. മുഴുവൻ കഥയും കൈക്കുള്ളിൽ അടങ്ങാതെ വെച്ച് ഈ സിനിമ എടുക്കാനേ കഴിയില്ലാ.നല്ല അഭിനേതാക്കളെ വെച്ച്

വിശ്വസനീയമായ രീതിയിൽ വന്നാൽ തന്നെ മതി എന്നു കരുതി. എന്നാൽ ഇത് വലിയൊരു ഉത്തരവാദിത്വവും ജോലിയുമാണെന്ന് എഴുതുമ്പോഴും ചിത്രീകരിക്കുമ്പോഴും മനസിലായി. ഇതൊരു വ്യാജ കഥയല്ല,ഫാൻ്റസിയും അല്ല.ഒരു സൂപ്പർ ഹീറോ എന്തു വേണമെങ്കിലും ചെയ്യും എന്നില്ല. കപടതയും സിനിമാ ശൈലിയിലുള്ള അതിഭാവുകത്വവും തല പൊക്കരുത്. കഥയിലെ ഈ സംഭവങ്ങളെല്ലാം നടന്നിട്ടുണ്ടാവും എന്ന് വിശ്വസിപ്പിക്കണം. ആ ഉത്തരവാദിത്വം നിറവേറ്റി എന്നാണ് ഞാൻ കരുതുന്നത് " മണിരത്നം പറഞ്ഞു.

റഫീക്ക് അഹമ്മദും ഏ.ആർ.റഹ്മാനുമാണ് ' പി എസ്-2 ' ൻ്റെ ഗാന ശില്പികൾ. സംവിധായകൻ ശങ്കർ രാമകൃഷ്ണനാണ് സംഭാഷണ രചയിതാവ്. രവി വർമ്മൻ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നു.

വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണ,ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര, ജയറാം,റഹ്മാൻ, പ്രഭു,ശരത് കുമാർ, പാർത്ഥിപൻ,വിക്രം പ്രഭു ,ബാബു ആൻ്റണി,ലാൽ, റിയാസ് ഖാൻ,കിഷോർ അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍,മോഹൻ റാം, എന്നിവരാണ് 'പിഎസ്2 ' ലെ പ്രധാന അഭിനേതാക്കൾ.

കെ.സുബാസ്ക്കരന്റെ ലൈക്കാ പ്രൊഡക്ഷൻസും മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ 'പൊന്നിയിൻ സെൽവൻ-2 ', (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തു ന്നു.

WEB DESK
Next Story
Share it