റോസി 32 വയസ്; ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച
റോസിയുടെ 32-ാം പിറന്നാളായിരുന്നു ഇന്നലെ (ജൂണ്‍ 1). 1991 ജൂണ്‍ ഒന്നിനാണ് റോസി ജനിച്ചത്. റോസി നിസാരക്കാരിയല്ല, ഗിന്നസ് റെക്കോഡ് നേടിയ സുന്ദരിപ്പൂച്ചയാണ്. ലില ബ്രിസെറ്റ് എന്ന ഇംഗ്ലീഷുകാരിയുടേതാണ് പൂച്ച. ലിലയ്ക്ക് ഇപ്പോള്‍ 71 വയസുണ്ട്. ഇംഗ്ലണ്ടിലെ നോര്‍വിച്ച് നഗരത്തിലാണ് ലിലയും അവരുടെ സന്തതസഹചാരിയായ റോസിയും താമസിക്കുന്നത്. റോസിയെ കണ്ടുമുട്ടുമ്പോള്‍ തനിക്കു കുട്ടികളുണ്ടായിരുന്നില്ലെന്നും അതിനാല്‍ റോസിയെ വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ലില പറഞ്ഞു.
മികച്ച ആരോഗ്യമുള്ള പൂച്ചയാണ് റോസി. രണ്ടു തവണ മാത്രമെ അവളെ ഡോക്ടറെ കാണിച്ചിട്ടുള്ളുവെന്ന് ലില പറഞ്ഞു. വന്ധ്യംകരണം നടത്താനായാണ് അവളെ ആദ്യമായി ഡോക്ടറെ കാണിച്ചത്. അത് 1991ലായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് അവള്‍ക്കൊരു സിസ്റ്റ് ഉണ്ടായപ്പോള്‍ ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയില്‍ പോയി. ശാന്തയായ പൂച്ചയാണ് റോസി. എല്ലാവരോടും സൗമ്യമായി മാത്രമേ റോസി ഇടപെടാറുള്ളൂ. സാല്‍മണ്‍ കേക്ക് ആണ് റോസിയുടെ ഇഷ്ടഭക്ഷണം.