'ഗോട്ടി'ലെ അവസരം വേണ്ടെന്നുവച്ച് ശ്രീലീല
തെലുങ്ക് യുവനിര നായികമാരില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ഒരാളാണ് ശ്രീലീല. അതിനാല്‍ത്തന്നെ അത്തരം അവസരങ്ങളാണ് അവരെ തേടി വരുന്നതും. തെലുങ്കില്‍ റാം പൊതിനേനി, നന്ദമുറി ബാലകൃഷ്ണ, പഞ്ജ വൈഷ്ണവ് തേജ്, നിതിന്‍ എന്നിവരുടെ നായികാ വേഷങ്ങളാണ് 2023 ല്‍ ശ്രീലീലയ്ക്ക് ലഭിച്ചത്. ഈ വര്‍ഷം മഹേഷ് ബാബുവിന്‍റെ വന്‍ ഹൈപ്പ് ഉയര്‍ത്തിവന്ന ചിത്രം ഗുണ്ടൂര്‍ കാരത്തിലെ നായികാവേഷവും. ഇന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുന്ന തെലുങ്ക് സിനിമയിലെ ശ്രദ്ധേയ താരത്തെ തേടി തമിഴില്‍ നിന്നും ഒരു വന്‍ ചിത്രത്തിലെ അവസരം എത്തിയിരുന്നു. എന്നാല്‍ ശ്രീലീല അത് ഒഴിവാക്കുകയായിരുന്നു.
വിജയ്‍യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലേക്കാണ് ശ്രീലീലയ്ക്ക് ക്ഷണം വന്നിരുന്നത്. എന്നാല്‍ ഇതൊരു മുഴുനീള വേഷമായിരുന്നില്ല. മറിച്ച് ഒരു ഗാനരംഗം മാത്രമായിരുന്നു. നൃത്തച്ചുവടുകളില്‍ എപ്പോഴും കൈയടി നേടാറുള്ള താരമാണ് ശ്രീലീല. തമിഴിലെ ഏറ്റവും ഹൈപ്പ് ഉയര്‍ത്തിയെത്തുന്ന ചിത്രത്തിലെ വേഷം തെലുങ്ക് താരം ഉപേക്ഷിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ തമിഴ് അരങ്ങേറ്റം ഒരു ഗാനരംഗത്തിലൂടെ വേണ്ടെന്നും മറിച്ച് ഒരു കഥാപാത്രം ആയിരിക്കണമെന്നുമായിരുന്നു ശ്രീലീലയുടെ നിലപാട്.
വൈകാതെ അവരെ തേടി അതിനുള്ള അവസരവും ലഭിച്ചു. അജിത്ത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ശ്രീലീല ഇപ്പോള്‍. മെയ് അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. തെലുങ്കില്‍ പവന്‍ കല്യാണ്‍ നായകനാവുന്ന ഉസ്താദ് ഭഗത് സിംഗ് ആണ് ശ്രീലീലയുടെ അടുത്ത റിലീസ്. ഹരീഷ് ശങ്കര്‍ ആണ് ഉസ്താദ് ഭഗത് സിംഗിന്റെ സംവിധാനം.