' അന്ന് ഞാൻ നേരെ പോയി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൂടെ നിന്നു'; സുരേഷ് ഗോപി പറയുന്നു
അമ്മ ജനറൽ ബോഡി യോഗത്തിൽ 27 വർഷത്തിന് ശേഷം സുരേഷ് ഗോപി പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. ജനറൽ ബോഡിയിലേക്ക് നടന്ന വോട്ടെടുപ്പിൽ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വലിയ സ്വീകരണത്തോടെ ഉപഹാരം നൽകിയാണ് സുരേഷ് ഗോപിയെ മോഹൻലാൽ വരവേറ്റത്. ഒപ്പം താരസംഘടനയുടെ പേരിൽ ആദരിക്കുകയും ചെയ്തു. അന്ന് തന്നെ സുരേഷ് ഗോപിക്ക് പുതുക്കിയ അംഗത്വ കാർഡ് സമ്മാനിച്ചു. ഇപ്പോഴിതാ അന്നത്തെ സ്വീകരണത്തെക്കുറിച്ചും, അമ്മ സംഘടനയിലെ ചില കാര്യങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് സുരേഷ് ഗോപി. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കുന്നത്. 'അമ്മ'യുടെ സ്വീകരണക്കുറിച്ചായിരുന്നു അവതാരകന്റെ ചോദ്യം.
'കഴിഞ്ഞ വർഷവും അമ്മയുടെ യോഗത്തിൽ പങ്കെടുത്തു. വിശാലമായ സ്വീകരണം ഒന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണയും സ്വീകരണം ഉണ്ടായിരുന്നു, ഇത്തവണയും ഉണ്ടായിരുന്നു. അവരുടെ സന്തോഷമാണ് ആ ചെറിയ സ്വീകരണം. കാരണം എന്റെ പദവി അവിടെ ഇരിക്കുന്ന എല്ലാവരുടെയും പദവി പോലെയാണെന്ന് അവർ കരുതുന്നത്. അവർക്കും കൂടി കിട്ടിയ നേട്ടമാണെന്ന് തോന്നി. അതിന്റെ ആഘോഷമുണ്ടായി. അത്രയേ ഉള്ളൂ' സുരേഷ് ഗോപി പറഞ്ഞു. സംഘടനയുമായുള്ള ഭിന്നാഭിപ്രായങ്ങളെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ, അതൊക്കെ അങ്ങനെ തന്നെ നിൽക്കുകയാണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. 'അത് ഭിന്നാഭിപ്രായങ്ങളല്ല, അതൊരു അവസ്ഥയാണ്. ആ അവസ്ഥ അങ്ങനെ നിൽക്കുമ്പോഴും 1998ന് ശേഷം ഞാൻ അവരുടെ എല്ലാ ആലോചനയിലും പങ്കെടുത്തിട്ടുണ്ട്.
അതിനകത്ത് ഒരു ഫാക്ഷനലിസമുണ്ട്. ഇപ്പോ ഇത് രണ്ടായി പിളരുമെന്നും അത് ഹെഡ് ചെയ്യുന്നത് ആദ്യം ഇറങ്ങിപ്പോയ സുരേഷ് ഗോപിയാണെന്ന് പറഞ്ഞിടത്ത്, ഞാൻ നേരെ പോയി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൂടെ നിന്നു. അവിടെ നിന്ന് അത് നശിപ്പിച്ചു. 2004ൽ ആയിരുന്നു അത്. ഫിലിം ചേംബറുമായുള്ള യുദ്ധം വന്നപ്പോൾ, ആരൊക്കെ പോയി അങ്ങോട്ട്. അങ്ങോട്ട് പോയവരൊക്കെ മോഹൻലാലുമായി പടം ചെയ്യുന്നവരാണ്. ഇത് വിമർശിക്കാൻ വേണ്ടി മാത്രം എടുത്തതല്ല. സംഭവിച്ചതാണ്' സുരേഷ് ഗോപി പറഞ്ഞു.