ഹോളിവുഡിലെ സമരം; 75ആം എമ്മി പുരസ്കാരം മാറ്റിവെച്ചു, ചടങ്ങ് മാറ്റുന്നത് 20 വർഷത്തിനിടെ ആദ്യം
ഹോളിവുഡിലെ നടീനടന്മാരും എഴുത്തുകാരും ചേർന്ന് നടത്തുന്ന സമരം ശക്തമാകുന്നു. 'റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക', 'സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റും' സംയുക്തമായി നടത്തുന്ന സമരമാണിത്.
സമരം ശക്തമായതോടെ ഈ വർഷത്തെ എമ്മി അവാർഡ്സിന്റെ കാര്യവും പ്രതിസന്ധിയിലായിരിക്കുകയാണ്. സെപ്റ്റംബർ 18-ന് നടക്കേണ്ടിയിരുന്ന 75-ാം എമ്മി പുരസ്കാരദാനച്ചടങ്ങ് മാറ്റിവെച്ചു. പുതുക്കിയ തീയതി നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ചടങ്ങ് മാറ്റിവെക്കുന്നത്. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തെത്തുടർന്നാണ് അവസാനം മാറ്റിവെച്ചത്.
നിർമിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽഭീഷണി, പ്രതിഫലത്തിലെ കുറവ് എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് എഴുത്തുകാരും നടീനടന്മാരുമാണ് ഹോളിവുഡിൽ സമരമുഖത്തുള്ളത്. സ്റ്റുഡിയോ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ് സമരത്തിന് ആഹ്വാനംചെയ്തത്. റൈറ്റേഴ്‌സ് ഗിൽഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മേയ് മുതൽ എഴുത്തുകാരും പണിമുടക്കിലാണ്.
പ്രധാന ഹോളിവുഡ് നിർമാതാക്കളായ വാൾട്ട് ഡിസ്‌നി, നെറ്റ്ഫ്ളിക്സ്, പാരമൗണ്ട് എന്നിവയെ പ്രതിനിധാനംചെയ്യുന്ന 'അലയൻസ് ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സു'മായി 'ദ സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്' നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അഭിനേതാക്കൾ സമരത്തിനിറങ്ങിയത്.