Begin typing your search...

സിനിമയും കാണാൻ പറ്റിയില്ല... ഓണക്കോടിയും കീറി: ശ്രീനിവാസൻ

സിനിമയും കാണാൻ പറ്റിയില്ല... ഓണക്കോടിയും കീറി: ശ്രീനിവാസൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചാണകം മെഴുകിയ വീട്ടുമുറ്റത്ത് സമൃദ്ധിയുടെ വർണപ്പൂക്കളം. പൂക്കുടചൂടിയ പൂക്കളത്തിൽ നിരന്നു നിൽക്കുന്ന തൃക്കാക്കരയപ്പൻ. പൂവട്ടിയേന്തി, പൂപ്പൊലി പാടി പറമ്പുകളിലും കുറ്റിക്കാടുകളിലും വയലുകളിലും പൂവു തേടിപ്പോകുന്ന ബാല്യം. ആയത്തിലാടുന്ന ഊഞ്ഞാലിലെ ആഹ്ലാദത്തിമിർപ്പ്. തിരുവോണനാളിലെ വിഭവസമൃദ്ധമായ സദ്യ... ശ്രീനിവാസൻറെ മധുരസ്മരണകളിൽ ഓണക്കാലത്തിന് ആഹ്ലാദത്തിൻറെയും സമൃദ്ധിയുടെയും പത്തര മാറ്റുതിളക്കമുണ്ട്. ശ്രീനിവാസൻ തൻറെ കുട്ടിക്കാലത്തെ ചില ഓണസ്മരണകൾ പങ്കുവയ്ക്കുകയാണ്.

'കഥ നടക്കുന്നതു തിരുവോണനാളിൽ. വെട്ടിത്തിളങ്ങുന്ന ഓണക്കോടിയും ധരിച്ച് തലശേരി മുകുന്ദ് ടാക്കീസിലേക്ക് നടന്നു. പ്രേംനസീറും ബാലൻ കെ. നായരുമൊക്കെ അഭിനയിച്ച നിഴലാട്ടം സിനിമ കാണണം. റിലീസ് ദിവസം തന്നെ സിനിമ കണ്ടില്ലെങ്കിൽ ആകെ ഒരസ്വസ്ഥതയാണ്. പ്രത്യേകിച്ചും ഓണനാളിൽ. ടാക്കീസിനു മുന്നിലെത്തിയപ്പോൾ വൻ ജനക്കൂട്ടം. ഒരാൾക്ക് കഷ്ടിച്ചു കടന്നുപോകാൻ മാത്രം കഴിയുന്ന ഇടനാഴിയിലൂടെ പോയി വേണം ടിക്കറ്റെടുക്കാൻ. അസാധാരണമായ തിക്കും തിരക്കും.

എങ്ങനെയൊക്കെയോ ഇടനാഴികയ്ക്കുള്ളിൽ കയറിപ്പറ്റി. ഒന്നുംകാണുന്നില്ല. വല്ലാത്ത ഇരുട്ട്. ഇടനാഴിയിലൂടെ ശ്വാസം മുട്ടി ഞരങ്ങിഞരങ്ങി ഒരു കണക്കിനു കൗണ്ടറിനടുത്തെത്തി. അപ്പോഴേക്കും പളപളാ മിന്നുന്ന ഒണക്കോടി കീറി. എങ്കിലും സാരമില്ല, സിനിമ കാണാമല്ലോ എന്നു കരുതി. ടിക്കറ്റെടുക്കാൻ അഞ്ചും ആറും കൈകളാണ് ഒരുമിച്ചു കൗണ്ടറിനകത്തേക്ക് കുത്തിക്കയറുന്നത്. ഇതും പോരാഞ്ഞ് ടിക്കറ്റെടുക്കാൻ മുകളിലൂടെയുള്ള ചാട്ടവും. ധൃതിയിൽ ഷർട്ടിൻറെ പോക്കറ്റിൽനിന്ന് കാശെടുത്ത് ടിക്കറ്റ് വാങ്ങിയശേഷം വാതിലിനടുത്തേക്കോടി. വാതിൽക്കൽ വച്ചാണ് കണ്ടത്, കൈയിലിരിക്കുന്നത് ബസ് ടിക്കറ്റ്!

തിരക്കിനിടെ കാശിനു പകരം എടുത്തു കൊടുത്തത് ബസ് ടിക്കറ്റായിരുന്നു. കൗണ്ടറിലിരുന്ന ആൾ അത് അതേപടി തിരിച്ചു തരികയും ചെയ്തു. ഒന്നു കൂടി ടിക്കറ്റെടുക്കാമെന്ന് കരുതി കൗണ്ടറിനടുത്തേക്ക് ഓടാൻ തുടങ്ങുമ്പോഴേക്കും ഇടനാഴിയിലുണ്ടായിരുന്നവർ ആർത്തുവിളിച്ചു. ബന്ദ്... ബന്ദ്... മനസിലായില്ലേ? ഹൗസ് ഫുൾ ബോർഡ് തൂങ്ങിക്കഴിഞ്ഞിരുന്നു. പിന്നെ ആലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഒട്ടും സമയം കയാതെ അടുത്ത ടാക്കീസിലേക്കോടി. പക്ഷേ, അവിടെയും ഹൗസ്ഫുൾ ആയിരുന്നു.'' അങ്ങനെ തിരുവോണനാളിൽ സിനിമ കാണാൻ പോയി ടിക്കറ്റ് കിട്ടാതെ വിയർത്തുകുളിച്ച്, കീറിയ ഓണക്കോടിയുമായി തിരിച്ചുവീട്ടിലെത്തി'- ശ്രീനിവാസൻ പറഞ്ഞു.

WEB DESK
Next Story
Share it