'അർജുൻ ചേട്ടൻ ജോലിക്ക് പോകുന്നത് എനിക്കിഷ്ടമല്ല; പക്ഷെ പറഞ്ഞിട്ട് മനസിലാക്കുന്നില്ല': സൗഭാഗ്യ വെങ്കിടേഷ്
നടി താര കല്യാണിന്റെ മകളും നർത്തകിയും അഭിനേത്രിയുമായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. താര കല്യാണിന്റെ ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു അർജുൻ. അവിടെ നിന്നുള്ള പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഇപ്പോൾ താര കല്യാണിന്റെ നൃത്ത വിദ്യാലയം നോക്കി നടത്തുന്നത് അർജുനും സൗഭാഗ്യയും ചേർന്നാണ്.
പോരാത്തതിന് താര കല്യാണിനും സൗഭാഗ്യയ്ക്കും സ്വന്തമായി യുട്യൂബ് ചാനലുകളുമുണ്ട്. രണ്ട് ചാനലിനും ഒരു ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുണ്ട്. അമ്മയും മകളും തങ്ങളുടെ കുടുംബവിശേഷങ്ങളെല്ലാം ആ യുട്യൂബ് ചാനലുകൾ വഴിയാണ് ആരാധകരിലേക്ക് എത്തിക്കുന്നത്. സൗഭാഗ്യയ്ക്കും അർജുനും സുദർശന എന്നൊരു മകളുണ്ട്.
ഇരുവരുടെയും സോഷ്യൽമീഡിയ പേജിലൂടെയും വീഡിയോകളിലൂടെയും സുദർശനും പ്രേക്ഷകർക്ക് സുപരിചിതയാണ്. സൗഭാഗ്യയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത് ടിക്ക് ടോക്ക് വീഡിയോകൾ താരം പങ്കുവെച്ച് തുടങ്ങിയതോടെയാണ്. പിന്നീട് സൗഭാഗ്യയുടെ ഡാൻസ് വീഡിയോകളിൽ പാട്നറായി അർജുനും പ്രത്യക്ഷപ്പെട്ട് തുടങ്ങി.
അർജുൻ അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചത് ചക്കപ്പഴം എന്ന ഫ്ലവേഴ്സിലെ സിറ്റ്കോമിലൂടെയാണ്. ശിവൻ എന്ന പോലീസുകാരന്റെ വേഷമാണ് ചക്കപ്പഴത്തിൽ അർജുൻ അവതരിപ്പിക്കുന്നത്. ആ സീരിയലിലെ കഥപാത്രങ്ങളിൽ ഏറ്റവും സ്വാഭാവിക അഭിനയം കാഴ്ചവെക്കുന്നൊരാൾ അർജുനാണ്. ചക്കപ്പഴത്തിൽ അഭിനയിച്ച് തുടങ്ങിയശേഷമാണ് അർജുന് ആരാധകർ കൂടിയത്.
ശേഷം സൗഭാഗ്യ ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ചിരുന്നു. എന്നാൽ അധികനാൾ താരം അത് തുടർന്നുകൊണ്ട് പോയില്ല. ഇപ്പോൾ സൗഭാഗ്യ യുട്യൂബ് വ്ലോഗിങിലാണ് കൂടുതൽ ശ്രദ്ധകൊടുത്തിരിക്കുന്നത്. വാഹനപ്രേമികളാണ് സൗഭാഗ്യയും അർജുനും. സൗഭാഗ്യയുമായി അടുക്കാൻ അർജുനെ പ്രേരിപ്പിച്ച പ്രധാന ഘടകവും സൗഭാഗ്യയ്ക്ക് ബൈക്കിനോടുള്ള പ്രേമമാണ്. സ്വന്തമായി കാർ അടക്കം നിരവധി വാഹനങ്ങളുണ്ടെങ്കിലും കുടുംബസമേതം ഒരു ട്രിപ്പ് ഇരുവർക്കും ഇതുവരെ സാധ്യമായിട്ടില്ല.
അതിനുകാരണം കാറിലുള്ള ലോങ് ജേർണികൾ സൗഭാഗ്യയ്ക്ക് ശാരീരിക ബുദ്ധമുട്ടുകൾ ഉണ്ടാക്കുമെന്നതാണ്. കാറിൽ കുറച്ച് ദൂരം യാത്ര ചെയ്താൽ തന്നെ സൗഭാഗ്യ അടുത്ത ദിവസം റെസ്റ്റിലായിരിക്കുമെന്നും ബൈക്കിൽ എത്രനേരം യാത്ര ചെയ്യാനും സൗഭാഗ്യ തയ്യാറാണെന്നും അർജുൻ ഒരു അഭിമുഖത്തിൽ പറയുന്നു.'എനിക്ക് എല്ലാം ഫോബിയയാണ്. അടച്ചിട്ട സ്ഥലത്തൊന്നും ഇരിക്കാനാവില്ല. വെള്ളവും ഉയരവും എല്ലാം പേടിയാണ്. വയനാട് പോലുള്ള സ്ഥലങ്ങളിലേക്ക് ഒന്നും പോകാൻ പറ്റില്ല. ഞാൻ ചത്ത് പോകും. വാളുവെച്ച് മരിക്കും. കാറിൽ യാത്ര ചെയ്യുമ്പോൾ ബോഡി റോളിങ് എനിക്ക് വലിയ പ്രശ്നമാണ്. ഇപ്പോൾ മോള് വന്നതോടെ കാറിൽ തന്നെ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. പെട്ടന്ന് വേറൊരാളുടെ കാറിൽ എനിക്ക് യാത്ര ചെയ്യാൻ പറ്റില്ല.'
'എനിക്ക് ഒരു കാരണവുമില്ലാതെ പെട്ടന്ന് ഹാർട്ട് ബീറ്റ് കൂടുന്ന അവസ്ഥയുമുണ്ട് എനിക്ക്. അതുകൊണ്ട് ട്രിപ്പൊന്നും പോകാൻ പറ്റിയിട്ടില്ല. ട്രെയിൻ അർജുൻ ചേട്ടനും പറ്റില്ലെന്നും', സൗഭാഗ്യ പറയുന്നു. പിന്നെ ഭർത്താവ് അർജുൻ ജോലിക്ക് പോകുന്നത് തനിക്കിഷ്ടമല്ലെന്നാണ് സൗഭാഗ്യ പറഞ്ഞത്. 'അർജുൻ ചേട്ടൻ ജോലിക്ക് പോകുന്നതാണ് എന്റെ പ്രശ്നം. ഭർത്താവ് ജോലിക്ക് പോകണമെന്ന് കണ്ടീഷൻ വെക്കേണ്ട കാര്യമില്ലല്ലോ.'
'ഞാൻ യുട്യൂബ് ചാനലിലേക്ക് വീഡിയോ ചെയ്യുന്നതുകൊണ്ട് എപ്പോഴും വീട്ടിലുണ്ട്. അർജുൻ ചേട്ടനും ജോലിക്ക് പോകാതിരുന്നാൽ ഞങ്ങൾക്ക് ഒരുമിച്ച് ഒരുപാട് നേരം സംസാരിച്ചൊക്കെ ഇരിക്കാമല്ലോ. പക്ഷെ അർജുൻ ചേട്ടന് പറഞ്ഞിട്ട് മനസിലാക്കുന്നില്ല... ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്', എന്നാണ് സൗഭാഗ്യ പറഞ്ഞത്.