കൊറിയക്കാരന്റെ കിടിലന്‍ ഹിന്ദി; ബിഹാറി ശൈലിയില്‍, യുവാവിനെ ഏറ്റെടുത്ത് നെറ്റിസണ്‍സ്
ബിഹാറി ഉച്ചാരണ ശൈലിയില്‍ ഹിന്ദി സംസാരിക്കുന്ന കൊറിയക്കാരന്‍ നിമിഷനേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രശാന്ത് കുമാര്‍ എന്ന യുവാവാണ് ഇന്‍സ്റ്റഗ്രാമില്‍ ചാര്‍ലി എന്ന കൊറിയന്‍ യുവാവിന്റെ വീഡിയോ പങ്കുവച്ചത്. ഭാഷ ആളുകളെ തമ്മില്‍ അടുപ്പിക്കുന്നു. നമ്മുടെ മനസിലുള്ള ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ മനുഷ്യനു മാത്രം പ്രകൃതി നല്‍കിയ അനുഗ്രഹമാണ് ഭാഷ.
ഒരു വിദേശി നമ്മുടെ മാതൃഭാഷ നന്നായി സംസാരിക്കുമ്പോള്‍ നമുക്ക് അയാളുമായി ഒരു പ്രത്യേക ബന്ധം തോന്നും. അവര്‍ക്ക് പരിചിതമല്ലാത്ത ഒരു ഭാഷ അവര്‍ എങ്ങനെ പഠിച്ചുവെന്ന് അത്ഭുതപ്പെടും. 2020ല്‍ ഒരു ജാപ്പനീസ് പെണ്‍കുട്ടി നന്നായി ബംഗാളി സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ ഹിന്ദി സംസാരിച്ച് കൊറിയന്‍ യുവാവും തരംഗമായി മാറുകയാണ്. അടുത്തിടെ, കണ്ടന്റ് ക്രിയേറ്റര്‍ പ്രശാന്ത് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ചാര്‍ലി എന്ന കൊറിയക്കാരനുമായി ഹിന്ദിയില്‍ സംസാരിക്കുന്നതു കാണാം. പട്‌ന നഗരത്തെക്കുറിച്ചും ഗാന്ധി സേതുവിനെക്കുറിച്ചുമെല്ലാം ചാര്‍ലി പ്രശാന്തുമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നെ അവര്‍ രണ്ടുപേരും പട്‌നയില്‍ നടക്കുന്ന ഒരു മേളയ്ക്കു പോകുന്നു.
രസകരമായ മറ്റൊരുകാര്യം, ചാര്‍ലി രണ്ടു വയസുള്ളപ്പോള്‍ മുതല്‍ പട്‌നയിലാണ് താമസം. ഇന്‍സ്റ്റഗ്രാമിലെ ഒരു വീഡിയോയില്‍, ഇന്ത്യന്‍ സംസ്‌കാരത്തിലാണ് താന്‍ വളര്‍ന്നതെന്ന് ചാര്‍ലി പറയുന്നു. രണ്ടു വയസു മുതല്‍ 20 വയസു വരെ, ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിലാണ് ജീവിക്കുന്നതെന്നും സ്വാഭാവികമായി ഹിന്ദി പഠിക്കുകയും ചെയ്തുവെന്ന് ചാര്‍ലി പറഞ്ഞു.