'സപ്പോർട്ടീവായ ഭർത്താവിനെ കിട്ടി എന്ന് പറയുന്നത് ഭാഗ്യമല്ല'; സിത്താര കൃഷ്ണകുമാർ
പിന്നണി ഗാന രംഗത്ത് തന്റേതായ സ്ഥാനമുള്ള ഗായികയാണ് സിത്താര കൃഷ്ണകുമാർ. ഇന്ന് സിത്താരയുടെ പാട്ടുകൾക്ക് വലിയൊരു ആരാധക വൃന്ദമുണ്ട്. പാട്ടിനൊപ്പം സിത്താരയുടെ കാഴ്ചപ്പാടുകളും ചർച്ചയാകാറുണ്ട്. നടിയുടെ സോഷ്യൽ മീഡിയ കുറിപ്പുകളും ഇക്കാരണത്താൽ ജനശ്രദ്ധ നേടുന്നു.
ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് സിത്താര. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്. മകളെ ചീത്ത പറയുന്നതിലും ബഹളം വെക്കുന്നതിലും അർത്ഥമില്ലെന്ന് സിത്താര പറയുന്നു. ദേഷ്യം വരും. കുറുമ്പ് കാണിച്ചാൽ ഒച്ചയിടും. പക്ഷെ അവളെ പേടിപ്പിക്കാറില്ല. എന്റെ അമ്മയും ചെയ്യാറില്ല. സ്‌കൂളിൽ പരീക്ഷ നടക്കുന്ന സമയത്ത് മാർക്കിന്റെ കാര്യം പറഞ്ഞ് അച്ഛനും അമ്മയും എന്നെ ചീത്ത പറഞ്ഞിട്ടില്ല.
അത് തന്നെയാണ് മകളുടെ കാര്യത്തിലും. പത്ത് വയസുള്ള കുട്ടിക്കും അഭിപ്രായങ്ങളുണ്ട്. സെൽഫ് റെസ്‌പെക്ട് ഉണ്ട്. അതിനെ ഹർട്ട് ചെയ്താൽ ഒരു കാലത്തും മനസിൽ നിന്ന് പോകില്ല. അതിൽ ഞാൻ ശ്രദ്ധാലുവാണ്. ചിലപ്പോൾ നമുക്ക് ഒരു നൂറ് ടെൻഷൻ ഉണ്ടാകും. അതൊന്നും ഒരു കാരണവശാലും മകളെ ബാധിക്കരുതെന്ന് നിർബന്ധമുണ്ടെന്നും സിത്താര വ്യക്തമാക്കി.
മകളോട് പാട്ട് പാട്ടില്ലേ എന്ന് പലരും ചോദിക്കും. മോൾ നന്നായി പാടുമെന്നൊക്കെ അവളുടെ മുന്നിൽ വെച്ച് തന്നെ പറയും. അവർ എന്ത് കൊണ്ട് അങ്ങനെ പറയുന്നെന്ന് ഞാനാലോചിക്കും. അവരുടെ സങ്കൽപ്പമാണ്. സോഷ്യൽ മീഡിയ ഉണ്ടാക്കുന്നതാണ്. നമ്മുടെ മക്കൾ നമുക്ക് വിലപ്പെട്ടതാണ്. ആദ്യമാെക്കെ അവരുടെ പാട്ട് നമ്മൾ ഷെയർ ചെയ്യും. അതിൽ നിന്ന് അവരൊരു അഭിപ്രായം ഉണ്ടാക്കുന്നതാണ്. നന്നായി പാടാൻ ഒരുപാട് എഫേർട്ട് ഉണ്ട്. അത് ബൈപ്പാസ് ചെയ്ത് അവിടേക്ക് എത്തുന്നത് ശരിയല്ലെന്നും സിത്താര ചൂണ്ടിക്കാട്ടി.
ഭർത്താവ് സിജീഷിനെക്കുറിച്ചും സിത്താര സംസാരിച്ചു. ഏട്ടന് ഏട്ടന്റേതായ ഇഷ്ടങ്ങളും പാഷനുമുണ്ട്. ജോലിയുടെ തിരക്കുകളുണ്ട്. വ്യക്തികളെന്ന നിലയിൽ ഞങ്ങൾക്ക് ഞങ്ങളുടേതായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ചർച്ച ചെയ്യും. ഭർത്താവ് വളരെ സപ്പോർട്ടീവ് ആണല്ലേ എന്ന് ചോദിക്കും.
അത് പ്രത്യേകതയുള്ള കാര്യമല്ല, അതാണ് വേണ്ടത് എല്ലാ വീട്ടിലും. ഭാര്യ വളരെ സപ്പോർട്ടീവ് ആണല്ലേ എന്ന് ചോദിക്കാറില്ല. ഭാഗ്യവശാൽ എനിക്ക് സപ്പോർട്ടീവായ ഭർത്താവിനെ കിട്ടി എന്ന് പറയുന്നത് കേൾക്കാം. അത് ഭാഗ്യമല്ല. എല്ലാവർക്കും വേണ്ടതാണെന്നും സിത്താര ചൂണ്ടിക്കാട്ടി.
ഭർത്താവുമായുള്ള ജീവിതത്തിൽ ചില കാര്യങ്ങൾ രണ്ട് പേർക്കും ത്യജിക്കേണ്ടി വരാറുണ്ടെന്നും സിത്താര വ്യക്തമാക്കി. സമയമൊക്കെ ഒരുപാട് ത്യജിക്കേണ്ടി വരും. എന്റെ ജോലിയുടെ പാറ്റേണും ഏട്ടന്റെ ജോലിയുടെ പാറ്റേണും വ്യത്യസ്തമാണ്. ഒരുമിച്ചുള്ള സമയം കണ്ടെത്താൻ ശ്രമിക്കാറുണ്ടെന്നും സിത്താര കൃഷ്ണകുമാർ വ്യക്തമാക്കി.
ആലുവയിലാണ് സിത്താരയും കുടുംബവും താമസിക്കുന്നത്. കാർഡിയോളജിസ്റ്റായ ഡോ. സജീഷ് എം ആണ് സിത്താരയുടെ ഭർത്താവ്. 2007 ലായിരുന്നു വിവാഹം. സാവൻ ഋതു എന്നാണ് മകളുടെ പേര്.