'സന്ദേശത്തിലെ കഥാപാത്രത്തെ നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്, അന്ന് തിലകൻ പറഞ്ഞത്.....'; സിദ്ദീഖ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദീഖ്. ഒരേപോലുള്ള കഥാപാത്രങ്ങളിൽ തങ്ങിനിൽക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുള്ള നടൻ കൂടിയാണ് സിദ്ദീഖ്. ഗോഡ്ഫാദറിലെയും സന്ദേശത്തിലെയും ഇൻ ഹരിഹർ നഗറിലെയുമൊക്കെ സിദ്ദീഖിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
ഇപ്പോഴിതാ തനിക്ക് ഒരു അവസരം കൂടി ലഭിച്ചിരുന്നെങ്കിൽ സന്ദേശത്തിലെ ഉദയഭാനു എന്ന കൃഷി ഓഫീസറുടെ കഥാപാത്രത്തെ കുറച്ചുകൂടി നന്നാക്കി ചെയ്യുമായിരുന്നു എന്ന് പറയുകയാണ് സിദ്ദീഖ്. സന്ദേശത്തിലെ വീഴുന്ന സീനിനെക്കുറിച്ചും തന്റെ അഭിനയം കണ്ട് നടൻ തിലകൻ സംസാരിച്ചതിനെക്കുറിച്ചുമെല്ലാം സിദ്ദീഖ് പങ്കുവെക്കുന്നുണ്ട്. ഓൺലുക്കേഴ്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യങ്ങൾ പറഞ്ഞത്.
'സന്ദേശത്തിലെ കഥാപാത്രം ഇനിയും നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതിൽ അമ്മയുടെ കാര്യം പറയുന്നതൊക്കെ കുറേകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിരുന്നു. ഒരു പരിധിയിൽ കവിഞ്ഞ് കഥാപാത്രത്തെ മനസിലാക്കി എടുക്കാനുള്ള പക്വത അന്ന് വന്നിട്ടില്ല. കുറേ സിനിമകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന് ചെയ്യുന്ന സമയമാണ്. അന്ന് ഈ സിനിമ ഷൂട്ട് ചെയ്യുന്ന അതേസമയത്ത് ഗോഡ്ഫാദറിന്റെ ഷൂട്ടും നടക്കുന്നുണ്ട്,' സിദ്ദീഖ് പറഞ്ഞു.
താനും തിലകനും കൂടെ രാവിലെ സന്ദേശത്തിന്റെ സെറ്റിൽ വരും. ഒരു പത്ത് മണി ഒക്കെ ആവുമ്പോഴേക്കും സത്യൻ അന്തിക്കാട് ഷൂട്ട് തീർത്ത് വിടും. ഗോഡ് ഫാദറിന്റെ ക്ലൈമാക്സ് ഷൂട്ട് നടക്കുന്ന സമയമാണ്. അപ്പോൾ അങ്ങോട്ട് പോകും. അതിന്റെ ടെൻഷനും അത്തരം കാര്യങ്ങളുമൊക്കെയാണ് അന്ന് മനസിൽ. അല്ലാതെ ഈ കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന് ചെയ്യലൊന്നുമില്ലെന്ന് സിദ്ദീഖ് പറയുന്നു.
കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിക്കണമെന്ന് അന്ന് തന്നോട് തിലകൻ പറഞ്ഞു. 'നിങ്ങൾക്ക് അത് പറ്റും. അതുകൊണ്ടാണ് ആ ഡയലോഗ് പറഞ്ഞപ്പോൾ നിങ്ങളുടെ കണ്ണിൽ നിന്ന് അറിയാതെ വെള്ളം വന്നത്. അത് നിങ്ങളുടെ മനസിലേക്ക് കയറുന്നതുകൊണ്ടാണ് എന്ന്' തിലകൻ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. പക്ഷെ, അതൊക്കെ തിലകൻ ചേട്ടൻ ചെയ്താൽ മതി, എനിക്ക് അങ്ങനെ ഒന്നും പറ്റില്ലെന്നാണ് അന്ന് താൻ അദ്ദേഹത്തോട് മറുപടി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രൊഫഷൻ എന്ന നിലയിലോ, ആക്ടർ എന്ന നിലയിലോ എന്ന രീതിയിൽ ഇനിയും ചെയ്യാൻ ഉണ്ട് എന്നൊന്നും അന്ന് തോന്നിയിട്ടില്ല. ഇന്ന് ഇപ്പോൾ അതല്ല. സന്ദേശം കാണുമ്പോൾ തോന്നാറുണ്ട്. ഇത്ര സ്പീഡിൽ ഡയലോഗ് പറയേണ്ടായിരുന്നു, കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നൊക്കെ. ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന കഥാപാത്രം തീർച്ചയായും സന്ദേശത്തിലെ ഉദയഭാനുവാണെന്ന് സീദ്ദീഖ് പറയുന്നു.
വീഴുന്ന സീനുകൾ നാച്ചുറലായി ചെയ്യാൻ ശ്രമിക്കുന്ന ആളാണ്. കൗതുക വാർത്തകളിലെ സീനിലും അങ്ങനെ വീണിട്ടുണ്ട്. ന്യൂഡൽഹി സിനിമയിൽ ഒരു സീനിൽ ചാടി പുല്ലിൽ മറിഞ്ഞു വെള്ളത്തിലേക്ക് തെറിച്ചു വീഴുന്ന സീനുണ്ട്. അത് ഞാൻ തന്നെ എന്റെ കാലിൽ തട്ടി വീഴുന്നതാണ്. അത് കണ്ട് ജോഷി സർ ഒക്കെ പറയുമായിരുന്നു ശ്രദ്ധിക്കണേ എന്ന്.
ഹരിഹർ നഗറിൽ വീഴേണ്ടാത്ത സ്ഥലത്ത് പോലും വീണിട്ടുണ്ട്. മതിൽ ചാടീട്ട് പൊത്തോ എന്ന് വീണിട്ടുണ്ട്. സന്ദേശത്തിൽ അറിയാതെ വീണതാണെന്ന് കരുതി സത്യേട്ടൻ ആദ്യം കട്ട് പറഞ്ഞിട്ടുണ്ട്. എന്നിട്ട് അതുപോലെ റീട്ടേക്ക് എടുത്തതാണെന്നും സിദ്ദീഖ് പറയുന്നു.