നടിയെന്ന പരിഗണന ലഭിച്ചില്ല: ജയിൽ അനുഭവങ്ങൾ വെളിപ്പെടുത്തി ശാലു മേനോൻ
മലയാളികൾക്കെല്ലാം സുപരിചിതയാണ് നർത്തകിയും നടിയുമായ ശാലു മേനോൻ . സോളാർ കേസിൽ താരം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. നാൽപ്പത്തിയൊൻപത് ദിവസത്തെ ജയിൽവാസത്തെക്കുറിച്ച് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് നടിയിപ്പോൾ.
നടിയെന്ന പരിഗണനയൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്നും എല്ലാവരെയും പോലെ തറയിൽ പായ വിരിച്ചാണ് താനും കിടന്നിരുന്നതെന്ന് അവർ വ്യക്തമാക്കി. കേസ് വന്ന സമയത്ത് അമ്മയും അമ്മൂമ്മയും തന്റെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. അന്ന് ബന്ധുക്കൾ പോലും അകറ്റിനിർത്തി. എന്നാൽ അകറ്റി നിർത്തിയവരെല്ലാം പിന്നീട് തിരിച്ചുവന്നെന്നും ശാലു കൂട്ടിച്ചേർത്തു.
കേസിന് ശേഷം അവസരങ്ങൾ നഷ്ടമായെന്നും ശാലു വ്യക്തമാക്കി. ജയിലിൽ കിടന്നയാളെയാണോ സീരിയലിൽ അഭിനയിക്കുന്നതെന്ന് ചിലർ പറഞ്ഞു. തന്നെ സംബന്ധിച്ച് അത് വളരെ വേദനയുണ്ടാക്കി. പക്ഷേ ഒരിക്കലും ഒരു കലാകാരിയെ തോൽപിക്കാൻ സാധിക്കില്ല. തെറ്റ് ചെയ്യാത്ത ആളാണ്. നല്ലൊരു തൊഴിൽ കൈയിലുണ്ട്. കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അദ്ധ്യാപികയാണെന്നും അവർ കൂട്ടിച്ചേർത്തു.
'ഇതുപോലെ അന്ന് മോർഫിംഗിന്റെ കേസ് വന്നു. അത് കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. പക്ഷേ എന്നെ വിളിച്ച് ആരും ചോദിച്ചില്ല. ഒരാള് പറഞ്ഞ് ഞാൻ അറിഞ്ഞു. കണ്ടു, വിട്ടു. ഇത് 2009ലാണ് നടന്നത്. ആ സമയത്തെ ആളുകൾക്ക് മോർഫിംഗിനെക്കുറിച്ച് അത്ര അറിയില്ല. ഇന്നത്തെ ആളുകൾക്ക് അറിയാം.'- ശാലു പറഞ്ഞു.