നടി ഷക്കീലയെ വളർത്തുമകൾ മർദ്ദിച്ചതായി പരാതി; കേസെടുത്ത് പൊലീസ്
നടി ഷക്കീലയെ വളർത്തുമകൾ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ വളർത്തുമകളായ ശീതളിനെതിരെ പൊലീസ് കേസെടുത്തു. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം. കോയമ്പേട് പൊലീസ് സ്റ്റേഷനിൽ അഭിഭാഷക സൗന്ദര്യയാണ് പരാതി നൽകിയത്.
ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് ഷക്കീല താമസിക്കുന്നത്. ഇവിടെവച്ച് നടിയും വളർത്തുമകൾ ശീതളും തമ്മിൽ തർക്കമുണ്ടാവുകയും പിന്നീടത് മർദ്ദനത്തിലേയ്ക്ക് കടക്കുകയുമായിരുന്നു. ഷക്കീലയെ വളർത്തുമകൾ ശീതളും അമ്മയും സഹോദരിയും ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. ശീതൾ ഷക്കീലയെ മർദ്ദിച്ചശേഷം നിലത്ത് തള്ളിയിട്ടു. തുടർന്ന് വീടുവിട്ടുപോവുകയും ചെയ്തു. ഷക്കീല സുഹൃത്തായ നർമദയെ വിളിച്ച് വിവരങ്ങൾ പറഞ്ഞതിന് പിന്നാലെ അഭിഭാഷക സൗന്ദര്യ വീട്ടിലെത്തുകയായിരുന്നു. പിന്നാലെ ശീതളിനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയും ചെയ്തു. സംസാരത്തിനിടെ ശീതളും അമ്മയും സഹോദരിയും ചേർന്ന് സിഗരറ്റ് ട്രേ കൊണ്ട് ഷക്കീലയുടെ തലയ്ക്ക് അടിക്കുകയും തടയാൻ ശ്രമിച്ച അഭിഭാഷകയുടെ കയ്യിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ചികിത്സ തേടിയതിനുശേഷമാണ് അഭിഭാഷക പൊലീസിൽ പരാതി നൽകിയത്. കുടുംബ പ്രശ്നങ്ങളും പണത്തെക്കുറിച്ചുള്ള തർക്കവുമാണ് വാക്കുതർക്കത്തിലേയ്ക്ക് കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.