'താൻ ഇല്ലാത്തപ്പോൾ കത്തുകൾ പൊട്ടിക്കരുതെന്ന ഡിമാന്റ് ശ്രീനിവാസൻ വെച്ചിരുന്നു, പച്ചത്തെറികളാണ് വന്നിരുന്നത്'; സത്യൻ അന്തിക്കാട്
അഭിനേതാവിനെക്കാൾ ഉപരി താനൊരു മികച്ച സംവിധായകനും തിരക്കഥാകൃത്തുമാണെന്ന് നീണ്ട സിനിമാ ജീവിതത്തിൽ ശ്രീനിവാസൻ തെളിയിച്ച് കഴിഞ്ഞു. അപ്രതീക്ഷിതമായി വന്നുചേർന്ന അസുഖത്തെ തോൽപ്പിച്ച് തിരിച്ചുവരവിന്റെ വക്കിലാണ് ശ്രീനിവാസൻ ഇപ്പോൾ. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചവരാണ് ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ട്.
1986ൽ ടി.പി ബാലഗോപാലൻ എം.എ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പിന്നീട് സന്ദേശം, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഇരുവരും ചേർന്ന് സമ്മാനിച്ചു. 2018ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശനാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിച്ച് പ്രവർത്തിച്ച അവസാന ചിത്രം.
ഫഹദ് ഫാസിൽ നായകനായ സിനിമയുടെ തിരക്കഥ ശ്രീനിവാസനായിരുന്നു. കൂടാതെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിൽ അതിഥിവേഷത്തിലും ശ്രീനിവാസൻ പ്രത്യക്ഷപ്പെട്ടിരുന്നു. ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിനെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകർ എപ്പോഴും എടുത്ത് പറയാറുള്ള ഒരു സിനിമ സന്ദേശം. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും പ്രസക്തി ഒഴിയാതെ നിൽക്കുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമാണ് സന്ദേശം.
ഒറ്റ നോട്ടത്തിൽ അരാഷ്ട്രീയവാദം മുന്നോട്ട് വെക്കുന്നുവെന്ന തോന്നലുണ്ടായാലും മടുപ്പിക്കാത്ത ഒട്ടനവധി നർമ്മ മുഹൂർത്തങ്ങളാൽ രാഷ്ട്രീയത്തിലെ ദുഷ്പ്രവണതകളെ വിമർശിച്ച് വിടാൻ സന്ദേശത്തിനായിട്ടുണ്ട്.
ഒരു കുടുംബം നന്നായാൽ ഒരു നാടും ഒരു നാട് നന്നായാൽ ഒരു സമൂഹവും നന്നാവും എന്ന സന്ദേശം തന്നെയാണ് സന്ദേശവും മുന്നോട്ട് വെക്കുന്നത്. മലയാളം കണ്ട ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രം തന്നെയാണ് അന്നും ഇന്നും സന്ദേശം. ഇപ്പോഴിതാ സന്ദേശത്തിന്റെ റീലിസിനുശേഷം സിനിമയുടെ അണിയറപ്രവർത്തകരായ തങ്ങളെ ചീത്തവിളിച്ചുകൊണ്ട് ഒട്ടനവധി ഊമ കത്തുകൾ വരുമായിരുന്നുവെന്ന് പറയുകയാണ് സത്യൻ അന്തിക്കാട്.
നാളുകൾക്ക് മുമ്പ് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. സന്ദേശം സിനിമ ഇറങ്ങിയ സമയത്ത് ഒരുപാട് ഊമ കത്തുകൾ വരുമായിരുന്നു. ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ വരുന്ന അറ്റാക്കുകൾ ഒന്നും ഒന്നുമല്ല. അന്നൊക്കെ നല്ല പച്ചത്തെറികളാണ് വന്നിരുന്നത്. കാരണം അഭിപ്രായം ഊമ കത്തായാണല്ലോ വരുന്നത്.
ഇത്തരം കത്തുകൾ വന്നാൽ താൻ ഇല്ലാത്തപ്പോൾ പൊട്ടിക്കരുതെന്ന ഡിമാന്റ് ശ്രീനിവാസൻ വെച്ചിരുന്നു. ശ്രീനിവാസനെ തേടിയും ഇഷ്ടം പോലെ കത്തുകൾ വരും. കത്തുകൾ എല്ലാം ഒരു കൂമ്പാരം പോലെ വെച്ചിട്ട് ശ്രീനിവാസൻ ഓരോന്നായി എടുത്ത് ആ കത്തെഴുതിയ ആളുടെ അതേ മനോഭാവത്തോടെ എക്‌സ്പ്രഷനിട്ട് വായിക്കും. എടാ പട്ടി... നിനക്ക് നാണമുണ്ടോടാ എന്നൊക്കെ ചോദിച്ചാണ് കത്തുകൾ.
ശ്രീനി കത്ത് വായിക്കുന്നതിന് ഒപ്പം അഭിനയിക്കും ഞങ്ങൾ ചിരിച്ച് മറിയും. ശ്രീനി വായിച്ച് കഴിയുമ്പോൾ ഒരു കത്ത് ഞാൻ വായിക്കും. ഞങ്ങൾക്ക് അതെല്ലാം ഒരു എഞ്ചോയ്‌മെന്റായിരുന്നു. ഇപ്പോഴും ഞങ്ങൾക്ക് ഇതെല്ലാം തമാശയാണ്. കാരണം സന്ദേശം അരാഷ്ട്രീയ പടമാണെന്നും ഇതിൽ ഒരു മണ്ണാക്കട്ടയും ഇല്ലായെന്നും ഞങ്ങൾ ഹാപ്പിയാണ്. കാരണം ആ സിനിമ ഞങ്ങളിൽ നിന്നും പോയി കഴിഞ്ഞു.
അത് അന്ന് ചെയ്ത് കഴിഞ്ഞ സിനിമയല്ലേ എന്നാണ് അനുഭവം പങ്കിട്ട് സത്യൻ അന്തിക്കാട് പറഞ്ഞത്. ശ്രീനിവാസനും ജയറാമും തിലകനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.