ശാരീരികമായ ഉപദ്രവം, മെന്റൽ ടോർച്ചർ; പ്രശ്നം നേരിടുമ്പോൾ അവർ എവിടെ പോയി പറയും?; സാന്ദ്ര തോമസ്
ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലും ചുവടുവച്ച സാന്ദ്ര തോമസ് നിർമ്മാണ രംഗത്തേക്ക് കാലെടുത്ത് വച്ചത് വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലിംസിലൂടെയാണ്. ഇപ്പോൾ സ്വന്തമായി നിർമ്മാണ രംഗത്തേക്ക് കടന്നിരിക്കുകയാണ് സാന്ദ്ര. തന്റെ അഭിപ്രായങ്ങളും നിലപാടുകളും വെട്ടിത്തുറന്നു പറയുന്ന സാന്ദ്രയുടെ പല അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സ്ത്രീകൾ സിനിമ മേഖലയിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് സാന്ദ്ര. ധന്യ വർമ്മയുടെ യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സിനിമ മേഖലയിലുള്ള സ്ത്രീകൾ പങ്കുവച്ച അനുഭവങ്ങളെക്കുറിച്ച് സാന്ദ്ര വ്യക്തമാക്കുന്നത്.
മാനസികമായും ശരീരികവുമായും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് സാന്ദ്ര വിശദീകരിക്കുന്നത്. ഇതിന് ശേഷമാണ് സ്ത്രീകൾ ഇത്രയധികം പ്രശ്‌നങ്ങൾ സിനിമ മേഖലയിൽ നേരിടുന്നുണ്ടെന്ന കാര്യം മനസിലായതെന്നും സാന്ദ്ര പറയുന്നു
'സിനിമ മേഖലയിലുള്ളവർക്ക് പ്രശ്‌നം നേരിടുമ്പോൾ അവർ എവിടെ പോയി പറയും. ഏത് അസോസിയേഷനോട് പറയും. അവർ അമ്മയിൽ ഇല്ലാത്തവരാണെങ്കിൽ അല്ലെങ്കിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലോ ഇല്ലാത്ത ഒരാളാണെങ്കിൽ അവർ എവിടെ പോയി പറയും. ഏന്റെ പുതിയ സിനിമയിലാണ് കൂടുതൽ സ്ത്രീകൾ ഉണ്ടായിരുന്നത്. അവർ അവരുടെ പ്രശ്‌നങ്ങൾ പലരും പങ്കുവച്ചു. അപ്പോഴാണ് ഞാൻ മനസിലാക്കുന്നത് സിനിമയിൽ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊക്കെ ഉണ്ടെന്ന കാര്യം. സഹകരിക്കാതിരിക്കുമ്പോഴുള്ള മെന്റൽ ടോർച്ചർ, ശാരീരികമായി നേരിട്ട അനുഭവങ്ങൾ അങ്ങനെ പലരും പല കാര്യങ്ങൾ ഷെയർ ചെയ്തു. ഇതൊന്നും അവർ എവിടെയും പറഞ്ഞിട്ടില്ല. എവിടെയും പരാതി കൊടുത്തിട്ടില്ല. എവിടെയും ഇൻഫോം ചെയ്തിട്ടില്ല.
എന്തുകൊണ്ടാണ് അപ്പോൾ പ്രതികരിക്കാതിരുന്നതെന്ന് ഞാൻ അവരോട് ചോദിച്ചിട്ടുണ്ട് പക്ഷേ, പ്രതികരിച്ചാൽ പിന്നെ അവർക്ക് ജോലിയുണ്ടാവില്ല. ഇതിനെതിരെ പരാതി കൊടുത്താൽ അവൾക്ക് ഒരു പ്രശ്‌നക്കാരിയാണെന്ന ലേബൽ വന്നുചേരും' സാന്ദ്ര പറഞ്ഞു.