ഉർവശി മാം എന്താണ് മോശമായി അഭിനയിക്കുന്നതെന്ന് തോന്നി, പിന്നീടാണ് കാര്യം മനസിലായത്: ആർജെ ബാലാജി
നടി ഉർവശിയുടെ അഭിനയത്തെ പ്രശംസിച്ച് സഹപ്രവർത്തകർ എപ്പോഴും സംസാരിക്കാറുണ്ട്. ഉർവശിയെക്കുറിച്ച് തമിഴ് സംവിധായകനും നടനുമായ ആർജെ ബാലാജി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ടേർസ് ആരാണെന്ന് ചോദിച്ചാൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, മമ്മൂട്ടി എന്നിങ്ങനെ പുരുഷൻമാരുടെ പേരാണ് പറയുക. സ്ത്രീയോ പുരുഷനോയെന്ന് നോക്കാതെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് ആക്ടേർസിനെയെടുത്താൽ എനിക്ക് ഉർവശി അതിലുണ്ടാകും. സംവിധാനം ചെയ്ത രണ്ട് സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഒരു ദിവസം അവർ സീനിൽ അഭിനയിക്കുകയാണ്. ക്യാമറയ്ക്ക് പിന്നിൽ ഞാനുണ്ട്. ഉർവശി മാം എന്താണ് മോശമായി അഭിനയിക്കുന്നത് സർ എന്ന് ഞാൻ ചോദിച്ചു. ക്യാമറ എവിടെയാണുള്ളതെന്ന് നോക്കെന്ന് ശരവണൻ സർ പറഞ്ഞു. ക്യാമറ അവർക്ക് ഫേവർ ചെയ്യുന്ന സീനായിരുന്നില്ല. അവർ സീനിലുണ്ടെന്നേയുള്ളൂ. എവിടെയാണ് ക്യാമറയുള്ളത്, ലൈറ്റ് എവിടെയാണുള്ളത്, എവിടെ എങ്ങനെ അഭിനയിക്കണം, എത്ര അഭിനയിക്കണം എന്നെല്ലാം അവർക്ക് അറിയാം.
സാഹിത്യം അവരുടെ വിരൽത്തുമ്പിലുണ്ടാകും. തമിഴ്, മലയാളം, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ലിറ്ററേച്ചർ വായിക്കും. എന്റെ വെൽ വിഷറാണ്. ഇടയ്ക്ക് വിളിച്ച് ബാലാജീ, കാശ് ഇൻവെസ്റ്റ്മെന്റ് ചെയ്യുന്നുണ്ടോ എന്ന് ചോദിക്കും. ഉണ്ട് മാം, എന്തേയെന്ന് ഞാൻ ചോദിക്കും. ഒന്നുമില്ലേ ഇൻവെസ്റ്റ് ചെയ്യൂ എന്ന് പറയൂ. തനിക്കെന്തെങ്കിലും നല്ലത് നടന്നാൽ സന്തോഷിക്കുന്നയാളാണ് ഉർവശിയെന്നും ആർജെ ബാലാജി പറഞ്ഞു. മൂക്കുത്തി അമ്മൻ, വീട്ട്ല വിശേഷം എന്നിവയാണ് ഉർവശി അഭിനയിച്ച ആർജെ ബാലാജി സംവിധാനം ചെയ്ത സിനിമകൾ. ഒപ്പം പ്രവർത്തിച്ച സംവിധായകരിൽ ഭൂരിഭാഗം പേർക്കും പ്രിയങ്കരിയാണ് ഉർവശി. താനൊരിക്കലും സൂപ്പർതാരങ്ങളുടെ നിഴലിൽ നിന്ന നായികയല്ലെന്നും സംവിധായകരുടെ നായികയായിരുന്നെന്നും ഉർവശി നേരത്തെ പറഞ്ഞിട്ടുണ്ട്.