പ്രിയ വർഗീസിന് ആശ്വാസം; അയോഗ്യയെന്ന ഉത്തരവ് റദ്ദാക്കി, സന്തോഷമെന്ന് പ്രിയ
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ആശ്വാസ വിധി. അയോഗ്യയാണെന്ന ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അസോ. പ്രഫസർ നിയമനത്തിന് ആവശ്യമായ അധ്യാപന പരിചയം തനിക്കില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രിയ വർഗീസ് നൽകിയ അപ്പീലിലാണ് ഹൈകോടതിയുടെ വിധി പുറപ്പെടുവിച്ചത്. കോടതി വിധിയിൽ സന്തോഷമെന്ന് പ്രിയ വർഗീസ് പ്രതികരിച്ചു.
യു.ജി.സിയുടെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്‌സ് സർവിസ് ഡയറക്ടർ സേവനകാലയളവും അധ്യാപക പരിചയത്തിൽ കണക്കാക്കാനാവില്ലെന്ന സിംഗിൾ ബെഞ്ച് നിരീക്ഷണം വസ്തുതകൾ ശരിയായി മനസ്സിലാക്കാതെയുള്ളതാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.
താൽകാലിക റാങ്ക് പട്ടികയിൽ ഒന്നാം പേരുകാരിയായ പ്രിയക്ക് യു.ജി.സി ചട്ടം പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മലയാളം അധ്യാപകൻ ഡോ. ജോസഫ് സ്‌കറിയ നൽകിയ ഹരജിയിലാണ് നവംബർ 17ന് സിംഗിൾ ബെഞ്ചിൻറെ ഉത്തരവ്. യോഗ്യത തീരുമാനിക്കേണ്ടത് വിദഗ്ധ സമിതിയാണെന്ന് പ്രിയ വർഗീസിൻറെ അപ്പീലിൽ പറയുന്നു.