മോഹൻലാൽ ഇങ്ങനെ ആയതിൽ പ്രയാസമുണ്ട്, ക്ലാസ്സ് ചിത്രങ്ങൾ ചെയ്യേണ്ട നടനാണ്; ആർ സുകുമാരൻ
മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് ആർ സുകുമാരൻ. മൂന്ന് സിനിമകളെ ഒരുക്കിയിട്ടുള്ളുവെങ്കിലും അതിലൂടെ തന്നെ അറിയപ്പെടുന്ന സംവിധായകനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് സിനിമകളായ പാദമുദ്രയും രാജശിൽപിയും സംവിധാനം ചെയ്തത് ആർ സുകുമാരനാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ആർ സുകുമാരൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
മറ്റു നടന്മാരിൽ നിന്നും മോഹൻലാലിനു ഉള്ള പ്രത്യേകത അയാൾ ആ കഥാപാത്രമായി മാറുമെന്ന് പറയുകയാണ് സുകുമാരൻ. കാലങ്ങൾക്കപ്പുറം മോഹൻലാൽ ഒരു വലിയ താരമായി വളർന്നപ്പോൾ ഉള്ള മാറ്റങ്ങളും അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു
'പാദ മുദ്രയിലെ വേഷം ലാലിനെ കൊണ്ട് അവതരിപ്പിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ബാക്ക് പെയിൻ വന്നത് കാരണം രാത്രി അധികം വൈകിയുള്ള ഷൂട്ട് ഒന്നും എടുപ്പിക്കരുതെന്ന് ലാലിന്റെ അമ്മ പറഞ്ഞിരുന്നു പക്ഷേ ഞങ്ങൾ പറഞ്ഞതൊന്നും കേൾക്കാതെ രാത്രി 2 മണി വരെ നിന്നിട്ടുണ്ട് ലാൽ. നമുക്ക് ചെയ്യാൻ എന്നാണ് ലാൽ പറയാറ്. ഷൂട്ട് സമയത്ത് ഓലയിൽ കിടന്നുറങ്ങിയിട്ടുണ്ട്. സിനിമയിൽ നല്ല ഭാരം ഉള്ള ഒരു മുൾ വേലി തോളിലേറ്റി മലമുകളിലേക്ക് പോകുന്ന ഒരു സീൻ ഉണ്ട് അതൊക്കെ അയാൾ നിഷ്പ്രയാസം ആണ് ചെയ്തത്.'
'മറ്റ് നടന്മാരിൽ നിന്നും മോഹൻലാലിന്റെ പ്രത്യേകത അയാൾ ആ കഥാപാത്രമായി മാറും എന്നതാണ് പിന്നെ അത് മോഹൻലാൽ അല്ല. ലാൽ ആ ആവസ്ഥയിലേക്ക് ചേരും അതെനിക്ക് ഒരുപാട് തവണ അനുഭവപ്പെട്ടിട്ടുണ്ട് കഥാപാത്രത്തിന് ആവശ്യമുള്ളത് മാത്രമേ അയാൾ ചെയ്യാറുള്ളൂ അത് കൃത്യമായി ലാലിനറിയാം. അഭിനയിക്കുമ്പോൾ എന്ത് ചെയ്യണം എന്ന് മുൻകൂട്ടി അറിവുള്ള അതനുസരിച്ച് പ്രവർത്തിക്കുന്ന നടനാണ് ലാൽ.'
മാധവിക്കുട്ടി പറഞ്ഞതുപോലെ അഭിനയത്തിലെ ഓസ്‌കാർ കിട്ടേണ്ട മോഹൻലാലിനെ ആവശ്യമില്ലാതെ ഡാൻസ് ചെയ്യിപ്പിക്കുകയും പാട്ട് പഠിപ്പിക്കുകയും ആണ് ഓരോരുത്തർ. മോഹൻലാൽ എന്നും ക്ലാസ്സ് ചിത്രങ്ങൾ ചെയ്യേണ്ട നടനാണ് അത് മാത്രം ചെയ്താൽ മതി.
ആയിരം സിനിമകളിൽ അഭിനയിച്ചു എന്ന് പറയുന്നതിൽ കാര്യമില്ല ബാക്കിയുള്ളതൊക്കെ ചെയ്യാൻ ഇപ്പോൾ എത്രയോ പിള്ളേര് ഉണ്ട്. ഇപ്പോൾ സർവ്വതും പിള്ളേർ തന്നെയല്ലേ ചെയ്യുന്നത് ഇവർക്കാർക്കും അധികം ചാർജ് ഇല്ലല്ലോ. കോടികൾ ചെലവാക്കി പടം എടുത്തിട്ട് ആര് കാണാനാണ് ഞാൻ അതിനോട് തീരെ താല്പര്യപ്പെടുന്നില്ല. മോഹൻലാൽ അങ്ങനെ നടക്കുന്നതിൽ സത്യത്തിൽ എനിക്ക് നല്ല പ്രയാസമുണ്ട്' അദ്ദേഹം പറഞ്ഞു.