വിവാദങ്ങളൊഴിയാതെ 'പഠാൻ'; വീണ്ടും പോസ്റ്ററുകൾ കീറി
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന 'പഠാൻ' സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ മാളിൽ ചിത്രത്തിന്റെ പരസ്യത്തിനായി പതിച്ചിരുന്ന പോസ്റ്ററുകൾ വലിച്ചുകീറി ഹിന്ദു സംഘടനകൾ. വിശ്വഹിന്ദു പരിഷത്ത്, ബജ്രറങ് ദൾ എന്നീ സംഘടനകളാണ് പോസ്റ്ററുകൾ നശിപ്പിച്ചത്. പ്രകടനവുമായി എത്തിയ പ്രവർത്തകർ ചിത്രത്തിന്റെ പോസ്റ്ററുകൾ നശിപ്പിക്കുകയായിരുന്നു. സിനിമ പ്രദർശിപ്പിക്കരുതെന്ന് താക്കീതു നൽകിയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
ജനുവരി 25ന് പഠാൻ റിലീസ് ചെയ്യാനിരിക്കെയാണ് വീണ്ടും പ്രതിഷേധം ശക്തമാകുന്നത്. ചിത്രത്തിലെ 'ബേഷരം രംഗ്...' എന്ന ഗാനമാണ് വിവിധ സംഘടനകളെ ചൊടിപ്പിച്ചത്. ഗാനരംഗത്തിൽ ദീപിക ധരിച്ച ബിക്കിനിക്ക് കാവി നിറമാണ് എന്നതാണ് വിവാദത്തിനു വഴിവച്ചത്. ചൂടൻ സീനുകളാണ് 'ബേഷരം രംഗ്...' ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാനരംഗത്ത് വിവിധ കോസ്റ്റിയുമുകൾ ദീപിക ഉപയോഗിക്കുന്നുണ്ട്. ബോളിവുഡിൽ അടുത്തിടെ പുറത്തിറങ്ങിയ ചൂടൻ ഗാനം യുട്യൂബിൽ മൂന്ന് ആഴ്ച പിന്നിടുമ്പോൾ 18 കോടിയോളം പ്രേക്ഷകരാണ് കണ്ടത്. ഇപ്പോഴും 'ബേഷരം രംഗ്...' ട്രെൻഡിങ് ലിസ്റ്റിൽ തുടരുകയാണ്.
ഷാരുഖ് ഖാൻ-ദീപിക പദുകോൺ ജോഡികളെ കൂടാതെ ചിത്രത്തിൽ ജോൺ എബ്രഹാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഷുതോഷ് റാണ, ഗൗതം റോഡ്, ഡിംപിൾ കപാഡിയ എന്നിവരാണു മറ്റു പ്രമുഖ താരങ്ങൾ. ഹിന്ദു സംഘടനകളെ കൂടാതെ വിവിധ മുസ്ലിം സംഘടനകളും ചിത്രത്തിനെതിരേ രംഗത്തുവന്നിരുന്നു. പഠാൻ വിഭാഗത്തിൽപ്പെട്ടവരെ ചിത്രം അപമാനിക്കുകയും ആക്ഷേപിക്കുകയുമാണെന്നായിരുന്നു മുസ്ലിം സംഘടനകൾ ഉയർത്തിയ വാദം. ചിത്രം വിവാദമായതോടെ സെൻസർ ബോർഡ് ചിത്രത്തിലെ ചില രംഗങ്ങൾ നീക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.