'അന്ന് വിസ്‌കി പരിധിയിൽ കൂടുതൽ കഴിച്ച ശ്രീനിവാസന് എഴുന്നേൽക്കാൻ കഴിയാതായി, അത് വലിയ ഭാഗ്യമായി'; നിർമ്മാതാവ്
സിനിമാ കഥയേക്കാൾ രസകരങ്ങളാണ് സിനിമയ്ക്കുള്ളിലെ കഥകൾ. അത്തരത്തിലൊരു വിശേഷം പങ്കുവയ്ക്കുകയാണ് നിർമ്മാതാവായിരുന്ന സതീഷ് കുറ്റിയിൽ. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കിണ്ണം കട്ട കള്ളൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു സതീഷ്. കാക്കയ്ക്കും പൂച്ചയ്ക്കും എന്ന ചിത്രം പരാജയമായതോടെ അതിന്റെ സ്‌ക്രിപ്ട് റൈറ്ററും സംവിധായകനും കൂടി ഫ്രീ ആയിട്ട് ചെയ്ത് തരാമെന്ന് പറഞ്ഞ് തുടങ്ങിയ സിനിമയായിരുന്നു കിണ്ണം കട്ട കള്ളൻ. ശ്രീനിവാസനായിരുന്നു നായകൻ. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടിരുന്നു.
അന്ന് ഒന്നരലക്ഷം രൂപയാണ് ശ്രീനിവാസന്റെ പ്രതിഫലം. 25000 രൂപ അഡ്വാൻസ് കൊടുത്തു. തുടർന്നുള്ള കാര്യങ്ങൾ സതീഷിന്റെ വാക്കുകളിൽ.
'ഒറ്റപ്പാലത്താണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഷൂട്ടിംഗിന്റെ തലേദിവസം ശ്രീനിയേട്ടനെ ഞങ്ങൾ നന്നായി സൽക്കരിച്ചു. അദ്ദഹം കുറച്ചു കൂടുതൽ വിസ്‌കി കഴിച്ചു. സാധാരണ കഴിക്കുന്നതിലും കൂടുതലായിരുന്നു അന്ന് കഴിച്ചത്. പിറ്റേന്ന് ഷൂട്ടിന് ശ്രീനിയേട്ടന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയായി. ഷൂട്ടിംഗ് മുടങ്ങി. അദ്ദേഹത്തിന് ആകെ വിഷമമായി. സാരമില്ല, ഒരുദിവസത്തെ ഷൂട്ടിംഗ് അല്ലേ മുടങ്ങിയത് എന്നുപറഞ്ഞ് ഞാൻ ആശ്വസിപ്പിച്ചു. പക്ഷേ അതൊരു ദൈവാദീനമായിരുന്നു. കുറച്ചു കഴിഞ്ഞ് ശ്രീനിയേട്ടൻ സ്‌ക്രിപ്ട് ഒന്ന് കാണണം, കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങൾക്ക് വലിയ സന്തോഷമായി. ശ്രീനിവാസനെ പോലൊരാൾ സ്‌ക്രിപ്ടിൽ ഇടപെട്ടാൽ വലിയ സംഭവമാണ്. അദ്ദേഹം അതുവരെ സ്‌ക്രിപ്ട് കേട്ടിരുന്നില്ല. പക്ഷേ തിരക്കഥാകൃത്തായ വി.സി അശോകന് അതത്ര ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാലും ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്തെത്തിച്ചു. ശ്രീനിയേട്ടൻ സ്‌ക്രിപ്ട് നല്ല രീതിയിയിൽ കൈകാര്യം ചെയ്തു.
45ൽ അധികം സീനുണ്ടായിരുന്നത് ഇരുപതിനടുത്തോളം ചുരുക്കി. 21 ദിവസം കൊണ്ട് 29 ലക്ഷത്തിന് പടം പൂർത്തിയാക്കി. അങ്ങനെ വിസ്‌കി കഴിച്ച് ശ്രീനിവാസന് എഴുന്നേൽക്കാൻ കഴിയാത്തത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമായി''.