'എന്നോട് ഇറങ്ങി പോകാൻ ദാസേട്ടൻ പറഞ്ഞു, എംജി ശ്രീകുമാർ വന്നത് അതുകൊണ്ടല്ല'; പ്രിയദർശൻ
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, താളവട്ടം, വെള്ളാനകളുടെ നാട്, ചിത്രം, വന്ദനം, കിലുക്കം, അഭിമന്യു, മിഥുനം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങൾ മലയാളി ആരാധകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.
ഹേര ഫേരി,ഹംഗാമ, ഭൂൽ ഭൂലയ്യ, ചുപ് ചുപ് കേ, ഗരം മസാല തുടങ്ങി പ്രിയദർശൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങളും ശ്രദ്ധേയമാണ്. മലയാള ചിത്രം റാം ജിറാവു സ്പീക്കിംഗിന്റെ ഹിന്ദി റീമേക്കാണ് ഹേര ഫേരി.
പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും ഗാനങ്ങൾ ആലപിച്ചിട്ടുള്ളത് എംജി ശ്രീകുമാറാണ്. അതിനുള്ള കാരണം വ്യക്തമാക്കി കൊണ്ട് മുമ്പ് കൈരളി ടിവിയ്ക്ക് പ്രിയദർശൻ നൽകിയ അഭിമുഖം വീണ്ടും വൈറൽ ആവുകയാണ്. യേശുദാസ് തന്നെ പണ്ടൊരിക്കൽ ഇറക്കി വിട്ടതിനെക്കുറിച്ചും പ്രിയദർശൻ പറയുന്നുണ്ട്.
'ഞാൻ ജനിച്ച സമയം തൊട്ട് മലയാള സിനിമയിൽ കേൾക്കുന്ന പാട്ടുകൾ ദാസേട്ടന്റെ പാട്ടുകളാണ്. എന്റെ ആദ്യകാല സിനിമയിൽ അദ്ദേഹം പാടിയിട്ടുമുണ്ട്. ഇത് ചെറിയ സംഭവമാണ്. ഞാൻ സംവിധായകൻ ആണെന്ന് അറിഞ്ഞിട്ടാണോ അല്ലാതെയാണോ എന്നൊന്നും അറിയില്ല. എന്നോട് ഇറങ്ങി പോകാൻ പറയുന്നു. ബോയിംഗ് ബോയിംഗ് സിനിമയുടെ സമയത്താണ്. അത് അങ്ങനെ ഒരു സംഭവമുണ്ടായി എന്നല്ലാതെ അദ്ദേഹം അങ്ങനെ ഉദ്ദേശിച്ച് ചെയ്തതൊന്നും അല്ല. അങ്ങനെ കരുതി എനിക്ക് അദ്ദേഹത്തോട് ഒന്നുമില്ല,' പ്രിയദർശൻ പറയുന്നു.
അദ്ദേഹത്തിന്റെ മുന്നിൽ വേറെ ആരും ഒന്നുമല്ല. യേശുദാസ് മലയാള സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുള്ള നടനാണ്. അദ്ദേഹത്തിന്റെ മുന്നിൽ താൻ വളരെ ചെറിയ ആളാണ്. പക്ഷെ, അതിന്റെ പുറത്തുള്ള ഒരു വൈരാഗ്യവും ഒന്നും കൊണ്ടല്ല എംജി ശ്രീകുമാറും ഞാനും ഒന്നിച്ചത്. ലാൽ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് പ്രേംനസീറുമായി പ്രശ്നം ഉണ്ടായി, നസീർ സറിനെ വേണ്ട എന്ന് വെച്ചിട്ടല്ലല്ലോ ലാലിനെ വെച്ച് സിനിമ എടുക്കുന്നത്.
അതുപോലെ തന്നെ എം ജി ശ്രീകുമാറും താനും ഒക്കെ കളിച്ചു വളർന്ന കൂട്ടുകാരയതുകൊണ്ടും അവന്റെ കഴിവ് അറിയാവുന്നതുകൊണ്ടും അവനെക്കൊണ്ട് പാടിച്ചു എന്നതാണ് സത്യം. ചിത്രം എന്ന സിനിമ കഴിഞ്ഞപ്പോഴേക്കുമാണ് ദാസേട്ടൻ എന്റെ സിനിമകളിൽ അധികം പാടാതെയായത്. അപ്പോഴേക്കും ശ്രീക്കുട്ടൻ വളരെ പ്രശസ്തനായ ഗായകനായി. അതായിരുന്നു സംഭവം. പക്ഷെ അധികം ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്. വിജയ് യേശുദാസ് ഹിന്ദിയിൽ പാടിയ പാട്ടുകൾ അധികവും തന്റെ സിനിമയിൽ ആണ് പാടിയത്.
സത്യത്തിൽ ദാസേട്ടനുമായി ഒരു പ്രശ്നമുണ്ടായിട്ടല്ല അദ്ദേഹം എന്റെ സിനിമയിൽ പാടാതിരുന്നത്. അത് കഴിഞ്ഞ് മേഘം വന്നപ്പോൾ ദാസേട്ടൻ വീണ്ടും പാടി. മേഘത്തിന്റെ സമയത്ത് ദാസേട്ടനെ ഞാൻ വിളിച്ചു. ഇങ്ങനെ ഒരു സിനിമ എടുക്കുന്നുണ്ട്. ദാസേട്ടൻ പാടണം എന്ന് പറഞ്ഞു. അപ്പോൾ ദാസേട്ടൻ പറഞ്ഞു; അതാണല്ലോ എന്റെ ജോലി. അന്ന് അങ്ങനെ ഒരു സംഭവം നടന്നതൊന്നും ദാസേട്ടന് ഓർമയില്ല. എപ്പോഴാടാ ഇത് എന്നാണ് അദ്ദേഹം ചോദിച്ചത് എന്നും പ്രിയദർശൻ ഓർത്തെടുക്കുന്നു.