'നായകനെക്കാൾ ഉയരമുള്ള നായിക എന്ന സങ്കൽപം പലർക്കും ഉൾക്കൊള്ളാൻ കഴിയില്ല, അവസരം ലഭിക്കാൻ ബുദ്ധിമുട്ടാണ്'; പ്രാചി ടെഹ്ലാൻ
മൂക്കുത്തി മൂക്കുത്തി കണ്ടില്ല എന്ന ഗാനത്തിന് ചുവടുവെച്ച് മാമാങ്കം സിനിമയുടെ റിലീസിന് മുമ്പ് തന്നെ ആരാധക മനം കവർന്ന നടിയാണ് പ്രാചി ടെഹ്ലാൻ. ഇതുവരെ ഒരു മലയാള സിനിമയിൽ മാത്രമെ അഭിനയിച്ചുള്ളുവെങ്കിൽ കൂടിയും പ്രാചി മലയാളികൾക്ക് സുപരിചിതയാണ്. അമ്മ സംഘടനയുടെ പരിപാടികളിലും അഭിമുഖങ്ങളിലും സ്ഥിരം സാന്നിധ്യമാണ് പ്രാചി.
കേരളത്തെയും മലയാളികളെയൊന്നാകെയും ഇഷ്ടമാണെന്നതിനാൽ കൊച്ചിയിലാണ് പ്രാചിയുടെ താമസം. തിരുവോണ ദിവസം മലയാളികളെക്കാൾ മനോഹരമായി ആഘോഷിച്ച ഒരാൾ പ്രാചിയാണ്. ഓഡീഷൻ വഴിയാണ് പ്രാചി മാമാങ്കത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അഭിനേത്രി എന്നതിലുപരിയായി ഇന്ത്യൻ നെറ്റ്‌ബോൾ, ബാസ്‌കറ്റ്‌ബോൾ താരവും കൂടിയാണ് നടി. 2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്‌ബോൾ ടീമിന്റെ ക്യാപറ്റാനായിരുന്നു പ്രാചി. പ്രാചിയുടെ നേതൃത്വത്തിൽ 2011ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കിയിരുന്നു.
നെറ്റ്‌ബോൾ ഡെവലപ്‌മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാൻഡ് അംബാസിഡറാണ് പ്രാചി. അഭിനയത്തിലേക്ക് ചുവടുവെച്ച പ്രാചി മോഡലിങിലും സജീവമാണ്. കൂടുതൽ മലയാള സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും എന്നാൽ തന്റെ ഉയര കൂടുതൽ പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് പ്രാചി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
മലയാളത്തിലെ നായികമാർക്ക് പൊതുവെ നായകന്മാരെക്കാൾ ഉയരം കുറവാണ്. അതുകൊണ്ട് തന്നെ വ്യത്യസ്ത കഥപാത്രങ്ങൾ ചെയ്യാൻ തനിക്ക് അവസരം ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും പ്രാചി പറയുന്നു.
'എനിക്ക് വീണ്ടും മലയാള സിനിമയിൽ അഭിനയിക്കണം. ഒരു അവാർഡ് കിട്ടുന്നതുപോലെ സന്തോഷമുള്ള കാര്യമാണ് അത്. ഇനിയും ഈ വഴിയിൽത്തന്നെ ഒഴുകിയെത്താനാണ് എന്റെ മോഹം. എന്റെ സിനിമാജീവിതത്തെ മാറ്റിമറിച്ച കഥാപാത്രമാണ് മാമാങ്കത്തിലെ ഉണ്ണിമായ.'
'ആ കഥാപാത്രം ചെയ്തിട്ട് ഇത്രയും കാലമായെങ്കിലും അതിന്റെ ഹാങ്ഓവർ എനിക്ക് ഇതുവരെ മാറിയിട്ടില്ലെന്നതാണ് സത്യം. മുംബൈയിൽ ഇക്യാവൻ എന്ന ടി.വി സീരിയലിൽ അഭിനയിക്കുന്നതിനിടയിലാണ് എന്നെ മാമാങ്കത്തിന്റെ ഓഡിഷന് വിളിക്കുന്നത്. മുംബൈയിലെ ഓഡിഷനുശേഷം 25 പേരെയാണ് ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.'
'കൊച്ചിയിൽനടന്ന ഫൈനൽ ഓഡിഷൻ കുഴപ്പമില്ലാതെ ചെയ്‌തെങ്കിലും ഇത്രയും വലിയ ഒരു ചിത്രത്തിൽ ഉണ്ണിമായയെപ്പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചതല്ല.'
'ഉണ്ണിമായയായി മാറാൻ മമ്മൂക്കയും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അഭിനയിക്കാനെത്തിയപ്പോൾ അദ്ദേഹം പകർന്നുതന്ന പാഠങ്ങൾ ഏറെയാണ്. ഉണ്ണിമായ എന്ന കഥാപാത്രം മനസിൽവരുമ്പോഴൊക്കെ ഞാൻ മമ്മൂക്കയെയും ഓർക്കും', പ്രാചി വിശദീകരിച്ചു. ഡൽഹിക്കാരിയായ താൻ മാമങ്കത്തിന് വേണ്ടി പഠിച്ച മലയാളത്തെ കുറിച്ചും പ്രാചി സംസാരിച്ചു.
'മാമാങ്കത്തിൽ അഭിനയിക്കുമ്പോൾ ഓരോ ഷോട്ടുകൾക്ക് മുമ്പും മലയാളം ഡയലോഗുകൾ പറയാൻ പരമാവധി പരിശീലനം നടത്തിയിരുന്നു. അഭിനയത്തിനൊപ്പം ചുണ്ടുകളുടെ ചലനം കൃത്യമായി ചേരുന്നതാണ് പ്രധാനം. വലിയ കുഴപ്പമില്ലാതെ അത് ചെയ്യാൻകഴിഞ്ഞെന്നാണ് കരുതുന്നത്. മമ്മൂക്കയും എന്റെ മലയാളം വാക്കുകൾ കേൾക്കാൻ വേണ്ടി ചില തമാശകളൊക്കെ പറയുമായിരുന്നു', പ്രാചി കൂട്ടിച്ചേർത്തു.
മാമാങ്കത്തിന് ശേഷം കൂടുതൽ മലയാളം സിനിമകളിൽ അഭിനയിക്കാനുള്ള ശ്രമം പ്രാചി നടത്തിയിരുന്നു. പക്ഷെ ഉയര കൂടുതൽ വില്ലനായി. 'മാമാങ്കത്തിന്റെ ഫൈനൽ ഓഡിഷനെത്തുമ്പോൾ കൂട്ടത്തിലെ ഏറ്റവും ഉയരക്കാരി ഞാനായിരുന്നു. അഞ്ചടി 11 ഇഞ്ച് ഉയരവും അത്ലറ്റിക് ശരീരവുമുള്ള എനിക്ക് കോസ്റ്റ്യൂം കൃത്യമാകുമോയെന്ന ആശങ്ക ചിലർക്കുണ്ടായിരുന്നു.'
'എന്നെപ്പോലെ ഉയരമുള്ള ഒരാൾക്ക് മലയാളത്തിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ കിട്ടാൻ സാധ്യത കുറവാണെന്നാണ് പിന്നീടുള്ള കാലം തെളിയിച്ചത്. മലയാളത്തിലേക്ക് വരാൻ ചില ശ്രമങ്ങൾ നടത്തിയപ്പൊഴൊക്കെ അക്കാര്യം എനിക്ക് മനസിലായി. നായകനെക്കാൾ ഉയരമുള്ള നായിക എന്ന സങ്കല്പം പലർക്കും ഉൾക്കൊള്ളാൻ കഴിയില്ലല്ലോ', എന്നും പ്രാചി പറയുന്നു.