'ഇളയവളുടെ ഭാഷ മൂത്ത മകൾക്ക് പറ്റുന്നില്ല, അമ്മ ടൂ മച്ച് എന്ന് അവൾ പറയും'; പൂർണിമ ഇന്ദ്രജിത്ത്
കരിയറിൽ ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് നടി പൂർണിമ വിവാഹിതയാകുന്നത്. പിന്നീട് ഫാഷൻ ഡിസൈനിംഗിലും ആങ്കറിംഗിലേക്കും ശ്രദ്ധ നൽകി. വർഷങ്ങൾക്കിപ്പുറം വീണ്ടും അഭിനയ രംഗത്ത് സജീവമാവുകയാണ് പൂർണിമ ഇന്ദ്രജിത്ത്. പ്രാർത്ഥന നക്ഷത്ര എന്നിവരാണ് പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കൾ.
ഇപ്പോഴിതാ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് പൂർണിമ. പാരന്റിംഗിന് അതിന്റേതായ വെല്ലുവിളികളുണ്ടെന്ന് പൂർണിമ പറയുന്നു. യെസ് എഡിറ്റോറിയലിനോടാണ് പ്രതികരണം. ബുദ്ധിമുട്ടാണോ എന്നറിയില്ല. പക്ഷെ ചലഞ്ചിംഗ് ആണ്. നമ്മളും ആദ്യമായല്ലേ ഇതെല്ലാം ചെയ്യുന്നത്, നമുക്ക് റൂൾ ബുക്ക് ഒന്നും ഇല്ലല്ലോ. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അത്കൊണ്ട് അവരുടെ അപ്രോച്ചും വ്യത്യസ്തമാണ്.
എന്റെ അച്ഛനമ്മമാരെ വെച്ച് നോക്കുമ്പോൾ എന്റെ പാരന്റിംഗിൽ വളരെ വ്യത്യാസമുണ്ട്. ആ അപ്ഡേഷൻ നിർബന്ധമായും ചെയ്ത് പോകേണ്ടതാണ്. അത് ഓർഗാനിക്കലി സംഭവിക്കുന്ന കാര്യമാണ്. കാലത്തിന് അനുയോജ്യമായ അപ്ഡേഷൻ എല്ലാത്തിലും വേണം. ടെക്നോളജി മാത്രമല്ല.
ഇപ്പോൾ തന്നെ മൂത്ത മകൾ എന്നോട് പറയുന്നത് രണ്ടാമത്തെ മകളുടെ ഭാഷ അവൾക്ക് പറ്റുന്നില്ലെന്നാണ്. രണ്ട് പേരും തമ്മിൽ അഞ്ച് വർഷത്തെ വ്യത്യാസമേയുള്ളൂ. എന്നാൽ എനിക്ക് പറ്റില്ല അമ്മ, ടൂ മച്ച് എന്ന് അവൾ പറയും. അത്രയും വേഗത്തിലാണ് നമ്മൾ പോകുന്നത്. എപ്പോഴുമുള്ള അപ്ഡേഷനും ആ അപ്ഡേഷൻ സ്വീകരിക്കാൻ തയ്യാറാവുക എന്നത് പ്രധാനമാണെന്നും പൂർണിമ ഇന്ദ്രജിത്ത് പറയുന്നു.
ഇന്ദ്രജിത്ത് തനിക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും പൂർണിമ സംസാരിച്ചു. മികച്ച സംരഭയ്ക്കുള്ള അവാർഡ് എനിക്ക് കിട്ടിയപ്പോൾ ആദ്യം വിളിച്ച് പറയുന്നത് ഇന്ദ്രനാണ്. ഞാൻ ആ ബ്രാൻഡ് തുടങ്ങണം എന്ന് ആദ്യം പറയുന്നതും ഇന്ദ്രൻ തന്നെയാണ്. നിന്റെ പേരായിരിക്കണം ബോർഡിൽ ഉണ്ടാവേണ്ടത് എന്നൊക്കെ പറഞ്ഞപ്പോൾ ഇന്ദ്രനെ നോക്കി സത്യമായും എന്നെ ഇഷ്ടമുള്ളത് കൊണ്ടാണോ പറയുന്നത്, അതോ വെറുതെ പറയുകയാണോ എന്ന് ഞാൻ ചോദിച്ചു.
എനിക്ക് ഫാഷൻ പഠിക്കണം എന്ന് ഭയങ്കര ആഗ്രഹമായിരുന്നു. എന്നാൽ അന്നതിന് സാഹചര്യം ഉണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് പുറത്ത് പോയി പഠിക്കണം. എന്റെ വീട്ടിൽ എന്തൊക്കെ സ്വാതന്ത്ര്യം ഉണ്ടെങ്കിലും വിട്ട് നിൽക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. അമ്മ വളരെ ക്ലോസ് ആണ്. വിവാഹ ശേഷം ഇന്ദ്രൻ നൽകിയ പിന്തുണ കൊണ്ടാണ് താൻ ഫാഷൻ ഡിസൈനിംഗിലേക്ക് തിരിയുന്നതെന്നും പൂർണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി.
അടുത്തിടെ ഒരുപിടി ശ്രദ്ധേയ സിനിമകളിൽ പൂർണിമ അഭിനയിച്ചു. ഒരു കട്ടിൽ ഒരു മുറി ആണ് പൂർണിമയുടെ ഏറ്റവും പുതിയ സിനിമ.