നസീർ സാറിന്റെ നായികയായി അഭിനയിച്ചു, അന്നെനിക്ക് സാറിന്റെ കൊച്ചുമകളുടെ പ്രായമേ ഉള്ളൂ: പൂർണിമ
ഒരു കാലത്തു തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു പൂർണിമ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ താരം മലയാളക്കരയുടെ പ്രിയ താരമായി മാറി. തുടർന്ന്, മലയാളത്തിൽ നിരവധി സിനിമകൾ. തന്റെ നായകന്മാരെക്കുറിച്ച് പൂർണിമ പറഞ്ഞത് ഇങ്ങനെയായിരുന്നു:
"ആദ്യ നായകൻ ശങ്കർ ആയിരുന്നു. പിന്നീട് സുകുമാരൻ, സോമൻ, മമ്മൂട്ടി, ബാലചന്ദ്രമേനോൻ, ഭരത് ഗോപി, അംബരീഷ്, ആമോൽ പാലേക്കർ, രാജ്കുമാർ, നെടുമുടി വേണു തുടങ്ങിയവരുടെയെല്ലാം നായികയായെങ്കിലും കൂടുതൽ ചിത്രങ്ങളിൽ ഒന്നിച്ചത് മോഹൻലാലുമായിട്ടാണ്. നസീർസാറിനും മധുസാറിനുമൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായി.
നസീർസാറിന്റെ കാമുകിയായും ഒരു ചിത്രത്തിൽ വേഷമിട്ടു. സത്യത്തിൽ സാറിന്റെ മകളുടെ മകളാകാനുള്ള പ്രായമേ എനിക്കുണ്ടായിരുന്നുള്ളൂ. അത്രക്കും ചെറുപ്പത്തിൽ നസീർ സാറിന്റെ നായികയായി അഭിനയിക്കുമ്പോൾ ഒരു ചമ്മലുണ്ടായിരുന്നു. അപ്പോഴൊക്കെ സാർ പറയും, ഇത് അഭിനയമാണ് കുട്ടി, ഇവിടെ നസീറും പൂർണിമയുമില്ല, കഥാപ്രാത്രങ്ങളേയുള്ളൂ എന്ന്.
ഒരു ആർട്ടിസ്റ്റിന്റെ പ്രായവും കഥാപാത്രത്തിന്റെ പ്രായവുമായി തട്ടിച്ചു നോക്കുന്നതിൽ അർഥമില്ല. അഭിനയപ്രാധാന്യമുള്ള വേഷമാണെങ്കിൽ അതൊരു ചലഞ്ചായി എടുത്താൽ അതിന് ഒരു പൂർണത ഉണ്ടാകും എന്നാണ് എന്റെ അനുഭവം. പത്തൊൻപതു വയസുള്ളപ്പോഴാണ് ഞാൻ അമ്മ വേഷങ്ങളിൽ അഭിനയിച്ചത്. ഓളങ്ങൾ, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ആ രാത്രി തുടങ്ങി പല ചിത്രങ്ങളിലും ഞാൻ അമ്മ വേഷങ്ങളാണ് അഭിനയിച്ചത്. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ പ്രായം ഒരു മാനദണ്ഡമാക്കരുതെന്നാണ് എന്റെ അഭിപ്രായം. അപ്പോൾ മാത്രമേ നമുക്കു വ്യത്യസ്ത വേഷങ്ങൾ ചെയ്യാനാകൂ'- പൂർണി പറഞ്ഞു.