''അപ്പോൾ ഉള്ള ഞാൻ അല്ല ഇപ്പോഴുള്ളത്"; എല്ലാം തുറന്നുപറഞ്ഞ് പാർവതി
പാർവതി പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'പാ രഞ്ജിത്തിന്റെ കൂടെ വർക്ക് ചെയ്യണമെന്നതായിരുന്നു ഫസ്റ്റ് സ്റ്റെപ്. കാരണം ഇതിനുമുമ്പ് അദ്ദേഹം എനിക്ക് രണ്ട് സിനിമകൾ ഓഫർ ചെയ്തിരുന്നു. എന്നാൽ ചെയ്യാൻ പറ്റിയില്ല. മൂന്നാമത്തെ പ്രാവശ്യം വിളിച്ചപ്പോൾ, ഇതുംകൂടി ഞാൻ എന്തെങ്കിലും കാരണവശാൽ നോ പറഞ്ഞാൽ ഇനി എന്നെ വിളിക്കില്ലായിരിക്കുമെന്ന് ചിന്തിച്ചു.
ഒരു നറേഷൻ വേണമെന്ന് പറഞ്ഞു. നറേഷനൊന്നും ചെയ്യുന്നത് അദ്ദേഹത്തിന് ശീലമില്ല. ക്യാരക്ടർ മാത്രം പറഞ്ഞുകൊടുക്കാറാണ് പതിവ്. എന്നാൽ സൂംകോളിൽ അദ്ദേഹം എനിക്ക് ഫുൾ സ്റ്റോറി പറഞ്ഞുതന്നു. പക്ഷേ വർക്ക്‌ഷോപ്പ് നടത്തിയപ്പോഴാണ് ആ കഥാപാത്രം എന്താണെന്ന് മനസിലായത്. ഗംഗമ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. എനിക്ക് ഒരുപാട് പറയാൻ പറ്റില്ല. പടത്തിന്റെ റിലീസും അനൗൺസ് ചെയ്തിട്ടില്ല.'-പാർവതി പറഞ്ഞു.
കൊമേഴ്ഷ്യൽ ഹിറ്റ് സിനിമകളിൽ വീണ്ടും അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തോടും നടി പ്രതികരിച്ചു. 'സത്യമായിട്ടും അങ്ങനെയില്ല. എനിക്ക് പല തരത്തിലുള്ള ജോർണറുകൾ ചെയ്യണമെന്നുണ്ട്.
ഒരുപക്ഷേ എനിക്ക് എന്നെത്തന്നെ കുറച്ച് മടുത്തുതുടങ്ങിയിരുന്നു. സിനിമയുടെ പുറത്തായി കുറച്ച് ജീവിതവും വേണമല്ലോ. ഉള്ളൊഴുക്ക് 2022ൽ ചെയ്തു കഴിഞ്ഞു. ഇപ്പോൾ ഉള്ള ഞാൻ അപ്പോൾ ഉള്ള ഞാൻ അല്ല. എനിക്ക് കുറച്ച് സമയം കിട്ടിയിട്ടുണ്ട്. എനിക്കതിൽ സന്തോഷമുണ്ട്. ഉള്ളൊഴുക്കിനെ കുറിച്ച് സംസാരിക്കുമ്പോൾ കുറേക്കൂടി വ്യക്തമായി സംസാരിക്കാൻ പറ്റുന്നുണ്ട്.'- അവർ വ്യക്തമാക്കി.
അതേസമയം, ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഉർവശിയും പാർവതി തിരുവോത്തും ഒരുമിക്കുന്ന ഉള്ളൊഴുക്ക് എന്ന ചിത്രം തീയേറ്ററിലെത്താൻ പോകുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയിലർ പുറത്തുവന്നത്. പ്രേക്ഷകരെ വൈകാരികമായി പിടിച്ചുകുലുക്കാൻ കെൽപ്പുള്ള ചിത്രമായിരിക്കും ഉള്ളൊഴുക്ക് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ഏറെ ശ്രദ്ധ നേടിയ 'കറി ആൻഡ് സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ, ജയ കുറുപ്പ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറിൽ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്.ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, സുഷിൻ ശ്യാമാണ് സംഗീതസംവിധാനം.