പാ രഞ്ജിത്ത് സിനിമകളിലെ രാഷ്ടീയം അസമത്വത്തിനെതിരേയുള്ള പോരാട്ടം, കല രാഷ്ട്രീയമാണ്; പാർവതി തിരുവോത്ത്
പാ രഞ്ജിത്ത് സിനിമകളിലെ രാഷ്ടീയം അസമത്വത്തിനെതിരേയുള്ള പോരാട്ടമാണന്ന് നടി പാർവതി തിരുവോത്ത്. 'സിനിമയെ വിനോദമായി കാണാം. അതൊരു ബ്ലോക്ക്ബസ്റ്റർ ആവാനും സാധ്യതയുണ്ട്. പക്ഷേ, നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്നതെന്തും രാഷ്ട്രീയമാണ്. അരാഷ്ട്രീയമായി ഒന്നും തന്നെയില്ല' പാർവതി പറഞ്ഞു. തങ്കലാൻ സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു നടി.
ചലച്ചിത്രപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാൻ'. വിക്രം, പാർവതി, മാളവികാ മോഹൻ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവവും പാ രഞ്ജിത്തുമായി ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതെല്ലാമായിരുന്നു ചർച്ചയാവാനുള്ള പ്രധാന കാരണം.
'സ്വാതന്ത്ര്യദിനത്തിൽ തങ്കലാൻ ഇറങ്ങുന്നത് യാദൃശ്ചികമായല്ല. സ്വാതന്ത്ര്യം, അടിച്ചമർത്തൽ എന്നീ പദങ്ങൾ ഇപ്പോഴും നമ്മൾ ലാഘവത്തോടെയാണ് ഉപയോഗിക്കുന്നത്. അസമത്വത്തെക്കുറിച്ചും അത് ഇപ്പോഴും നിലനിൽക്കുന്നതിനെക്കുറിച്ചും നമ്മൾ വായിക്കുന്നത് തുടരണം. അത് അസ്വസ്ഥതയുണ്ടാകാം, പക്ഷേ അത് ഇപ്പോഴും നിലനിൽക്കുന്നുവെന്ന സത്യം അംഗീകരിക്കണം. കല രാഷ്ട്രീയമാണ്. അതിനായി രഞ്ജിത്ത് ഒരു പടയെ നയിക്കുന്നു, നിങ്ങളുടെ പടയിൽ ഭാഗമായതിൽ എനിക്ക് സന്തോഷമുണ്ട്. അസമത്വത്തെക്കുറിച്ച് അറിയാത്തവർക്ക് വേണ്ടി ജാതി രാഷ്ട്രീയത്തെക്കുറിച്ചും അടിച്ചമർത്തലുകളെക്കുറിച്ചും രഞ്ജിത്ത് സംസാരിക്കുന്നു.' തങ്കലാനിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ഉടൻ തന്നെ താനത് സ്വീകരിക്കുകയായിരുന്നുവെന്നും പാർവതി കൂട്ടിച്ചേർത്തു.