നീലവെളിച്ചം ഏകാന്തതയുടെ മഹാതീരം... വീഡിയോഗാനം പുറത്ത്
'ഓരോ ഹൃദയത്തിലുമുണ്ട് ശവകുടീരം! ഓരോ ഹൃദയത്തിലുമുണ്ട് ശ്മശാനം! പ്രേമത്തിന്റെ ശവകുടീരം! പ്രേമത്തിന്റെ ശ്മശാനം'. പ്രണയദിനത്തിൽ തികച്ചും വ്യത്യസ്തമായി പ്രേമത്തിന്റെ അപാരത വെളിപ്പെടുത്താൻ ഇതാ പഴമയുടെ സുന്ദര കാഴചയിൽ ഒരു ഗാനം. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
കാലാതീതമായി സംഗീത മനസുകളിലൂടെ പകർന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം.എസ്. ബാബുരാജ് പി. ഭാസ്‌ക്കരൻ ടീമിന്റെ ഏകാന്തയെ തൊട്ടുണർത്തുന്ന 'ഏകാന്തയുടെ മഹാതീരം...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഒരു കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ഗാനം ഇന്നിന്റെ സാങ്കേതിക മികവിൽ ബിജിബാൽ, റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് വീണ്ടും തയാറാക്കിയത്. ഷഹബാസ് അമൻ ആണ് ആലപിക്കുന്നത്.
1964ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത് മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് 'നീലവെളിച്ചം'.