നൃത്തവിദ്യാലയം യാഥാര്‍ഥ്യമാകുന്നതിനിടെ കോടതിയുടെ സ്റ്റേ അടക്കം പലതും നേരിടേണ്ടി വന്നിട്ടുണ്ട്: നവ്യ
നടി നവ്യ നായര്‍ ആരംഭിച്ച നൃത്തവിദ്യാലയമാണ് 'മാതംഗി'. കൊച്ചിയിലെ നവ്യ നായരുടെ വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം. എന്നാല്‍ തന്റെ ഏറ്റവും വലിയ സ്വപ്‌നമായ നൃത്തവിദ്യാലയം യാഥാര്‍ഥ്യമാകുന്നതിനിടെ കോടതിയുടെ സ്റ്റേ അടക്കം പലതും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നവ്യ പറയുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നവ്യ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ഒപ്പം മാതംഗിയിലെ കാഴ്ചകളും നവ്യ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. വളരെ സന്തോഷത്തോടെയാണ് നൃത്തവിദ്യാലയത്തിന്റെ പണി ആരംഭിച്ചത്. നാട്ടില്‍ നിന്നും കഴിയുന്നത്ര പേര്‍ വരട്ടെ എന്നാണ് കരുതിയത്. ഇവിടെ ഒരു അസോസിയേഷനൊക്കെ ഉണ്ട്. സാധാരണ നൃത്തം പഠിക്കാന്‍ സ്ഥാപനം വരുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുകയാണ് ചെയ്യുക.
എന്നാല്‍ ഈ കാര്യം സംസാരിച്ചപ്പോഴേ നൃത്തവിദ്യാലയം തുടങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഇവിടുത്തെ താമസക്കാര്‍ പലരും പ്രായമായവര്‍ ആണെന്നും അവരുടെ സൈ്വര്യ ജീവിതത്തിന് തടസ്സമായി നൃത്ത വിദ്യാലയം മാറാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. അപ്പോഴേക്കും പണി കുറേ മുന്നോട്ടുപോയിരുന്നു. എന്നും ആരോപിച്ച് നാട്ടുകാര്‍ സ്റ്റേ ഓര്‍ഡര്‍ വാങ്ങി. നൃത്തവിദ്യാലയം തുടങ്ങേണ്ടെന്ന് പറഞ്ഞ് അവര്‍ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങി.
ഞാന്‍ അകമഴിഞ്ഞ ഗുരുവായൂരപ്പന്‍ ഭക്തയാണ്. നന്ദനം സിനിമ വരുന്നതിനു മുമ്പേ അങ്ങനെയാണ്. ആ സിനിമയും ബാലാമണിയും എനിക്ക് ഗുരുവായൂരപ്പന്‍ നല്‍കിയ സമ്മാനമാണ്. എന്ത് പ്രശ്മുണ്ടായാലും എല്ലാം ഗുരുവായൂരപ്പനോട് പറയാറുണ്ട്. അങ്ങനെ ഇതിന്റെ സ്റ്റേ ഒക്കെ മാറി പണിയൊക്കെ നടന്നു. പ്ലോട്ടിന്റെ മറ്റൊരു വശത്ത് കൂടി പോകുന്ന റോഡിലേക്ക് വീടിന്റെ ദിശമാറ്റിയാണ് പ്രശ്നം പരിഹരിച്ചത്.
ഇന്നും ആര്‍ക്കും ഒരു ശല്യമുണ്ടാകാതെ മാതംഗി പ്രവര്‍ത്തിക്കുന്നുണ്ട്. പുറകില്‍ കൂടി ചെറിയ ഗേറ്റ് കൂടി വച്ചോട്ടെ എന്ന് ചോദിച്ചിട്ടും പോലും ഇവര്‍ സമ്മതിച്ചില്ല. പക്ഷേ ഇതൊന്നും എല്ലാവരുമല്ല. ചില സ്ഥാപിത താല്‍പര്യമുള്ളവരാണ് അതുപോലെ പെരുമാറുന്നത്. എന്നാലും എല്ലാത്തിനും അവസാനം ഒരു സന്തോഷമുണ്ടാകും, ആ സന്തോഷമാണ് മാതംഗി.
മാതംഗി എന്നു പറയുന്നത് സരസ്വതി ദേവിയുടെ തന്ത്രത്തിലുള്ള പേരാണ്. നീലനിറം പച്ചനിറം എന്നൊക്കെയാണ് മാതംഗിയുടെ നിറമെന്ന് പറയുന്നത്- നവ്യ പറഞ്ഞു