'മാസ്, ആര്‍ട്ട് എന്നൊക്കെ നോക്കാതെ ചെയ്യും; തമിഴിലെ ആദ്യപടത്തില്‍ എനിക്ക് അടിയാള് വേഷമായിരുന്നു': നരേൻ
ക്ലാസ്മേറ്റ്സ്, അച്ചുവിന്റെ അമ്മ, റോബിൻ ഹുഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ താരമാണ് നരേൻ. അച്ചുവിന്റെ അമ്മയ്ക്കു ശേഷം മീരാ ജാസ്മിനൊപ്പം ഒന്നിക്കുന്ന ക്വീൻ എലിസബത്താണ് താരത്തിന്റെ പുതിയ ചിത്രം. മലയാളത്തിൽ മാത്രമല്ല, തമിഴിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൽ തുറന്നു പറയുന്നതിൽ താരം മടികാണിക്കാറില്ല.
എനിക്കു മനസില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ ചെയ്യും. എന്നേക്കാളും ഇന്റലിജന്റോ നന്മയുള്ളതോ ആയ കഥാപാത്രങ്ങള്‍ പ്രചോദനമാണ്. തമിഴിലെ ആദ്യപടത്തില്‍ എനിക്ക് അടിയാള് വേഷമായിരുന്നു. അതിലെ തിരു എന്നേക്കാള്‍ നല്ല വ്യക്തിയാണ്. അയാളുടെ പ്രഫഷന് അതാണെന്നു മാത്രം. അത്തരം വേഷങ്ങള്‍ കമേഴ്സ്യല്‍, ആര്‍ട്ട്, മാസ് എന്നൊക്കെ നോക്കാതെ ചെയ്യും.
ആന്റോ ജോസഫ് വഴിയാണ് 2018ല്‍ എത്തിയത്. മത്സ്യത്തൊഴിലാളിയുടെ വേഷം. അതുവരെ മലയാളത്തിൽ കാണാത്ത തരത്തിലുള്ള കഥാപാത്രത്തിന് ജൂഡ് ആന്റണി എന്നെ കാസ്റ്റ് ചെയ്തത് അദ്ഭുതപ്പെടുത്തി. കരിയറിൽ എന്നുമോർക്കാവുന്ന ഒരു കഥാപാത്രമായി അതു മാറി. അത്തരം വേഷങ്ങള്‍ക്ക് എനിക്കു കഥ കേള്‍ക്കേണ്ട ആവശ്യം പോലുമില്ല. മലയാളികൾ അനുഭവിച്ച ഒരു വിഷയം പറയുന്ന 2018 ശ്രദ്ധേയമാകുമെന്ന് അന്നേ തോന്നി- നരേൻ പറഞ്ഞു.