'മഹാഭാരത കഥയെ 'കൽക്കി' വളച്ചൊടിച്ചു'; പുരാണ തിരക്കഥകളെ പരിശോധിക്കാൻ പ്രത്യേക സമിതിവേണമെന്ന് മുകേഷ് ഖന്ന
പ്രഭാസ് നായകനായി അമിതാഭ് ബച്ചൻ, കമൽ ഹസൻ, ദീപിക പദുക്കോൺ, തുടങ്ങി വമ്പൻ താരനിര അണിനിരന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'കൽക്കി 2898 എ.ഡി'. നാഗ് അശ്വിൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രം ജൂൺ 27നാണ് റിലീസ് ചെയ്തത്. ലോകമാകെ എട്ട് ദിവസം കൊണ്ട് 700 കോടിയിലധികം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറയുകയാണ് പ്രശസ്ത ചലച്ചിത്രതാരം മുകേഷ് ഖന്ന.
കൽക്കി ചിത്രത്തിന്റെ മേക്കിംഗിനെ വാനോളം പ്രശംസിക്കുമ്പോഴും തിരക്കഥയിൽ താൻ തൃപ്തനല്ലെന്ന് പറയുകയാണ് മുകേഷ് ഖന്ന. തന്റെ യൂട്യബ് ചാനൽ വഴിയാണ് മഹാഭാരതത്തിന്റെ കഥയെ മാറ്റാനുള്ള ചിത്രത്തിന്റെ പ്രവർത്തകരുടെ തീരുമാനം കുറ്റകരമാണെന്ന് അദ്ദേഹം ആഞ്ഞടിച്ചത്. ':ചിത്രത്തിൽ ആദ്യം അശ്വത്ഥാമാവിന്റെ നെറ്റിയിലുള്ള മണി എടുത്തശേഷം ശപിച്ചതായി കാണിക്കുന്നു. ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല. വ്യാസമുനിയെക്കാൾ നിങ്ങൾക്ക് കൂടുതൽ അറിയാൻ കഴിയുമോ' ചിത്രത്തിന്റെ നിർമാതാക്കളോട് മുകേഷ് ഖന്ന ചോദിക്കുന്നു. കുട്ടിക്കാലം മുതലേ മഹാഭാരതം വായിക്കുന്നൊരാളാണ് ഞാൻ. തന്റെ അഞ്ച് മക്കളെ അശ്വത്ഥാമാവ് കൊന്നതോടെ ദ്രൗപതിയാണ് അശ്വത്ഥാമാവിന്റെ മണി നീക്കണമെന്ന് ആവശ്യപ്പെട്ടത്.
'അശ്വത്ഥാമാവും അർജുനനും തമ്മിൽ യുദ്ധമുണ്ടായി. ഇരുവരും ബ്രഹ്‌മാസ്ത്രം പ്രയോഗിക്കാൻ തീരുമാനിച്ചു. എന്നാൽ അതെങ്ങനെ തിരികെയെടുക്കണമെന്ന് അർജുനന് മാത്രമേ അറിവുണ്ടായിരുന്നുള്ളു. അതുകൊണ്ട് അശ്വത്ഥാമാവ് അസ്ത്രം അഭിമന്യുവിന്റെ ഭാര്യയുടെ നേരെ തിരിച്ചുവിട്ടു. ഗർഭിണിയായ ഉത്തരയെ ഒൻപത് മാസം കൃഷ്ണനാണ് സംരക്ഷിച്ചത്. അത്ര ശക്തനായ കൃഷ്ണൻ എങ്ങനെ ഭാവിയിൽ തന്നെ സംരക്ഷിക്കാൻ അശ്വത്ഥാമാവിനോട് തന്നെ ആവശ്യപ്പെടും.' മുകേഷ് ഖന്ന ചോദിച്ചു.
എല്ലാ ഹിന്ദുക്കളും ഈ കഥാമാറ്റത്തെ ചോദ്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുരാണകഥകൾ തിരക്കഥയാകുന്ന ഘട്ടത്തിൽ തന്നെ തള്ളിക്കളയാനോ പരിശോധിക്കാനോ പ്രാപ്തിയുള്ള ഒരു പ്രത്യേക സമിതിയെ സർക്കാർ രൂപീകരിക്കണമെന്നും മുകേഷ് ഖന്ന ആവശ്യപ്പെട്ടു. ചിത്രത്തിന്റെ ആദ്യപകുതി വളരെയധികം ഇഴച്ചിലുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.