'മിസിങ് ഗേൾ' ടൈറ്റിൽ പോസ്റ്റർ
മലയാളത്തിന് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം 'മിസിങ് ഗേൾ' ന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. നവാഗതനായ അബ്ദുൾ റഷീദ് ആണ് ചിത്രത്തിന്റെ സംവിധായകൻ. സിദ്ദിഖ് ലാൽ ഉൾപ്പടെ കഴിഞ്ഞ 40 വർഷത്തിനിടെ നിരവധി ടെക്നീഷ്യൻമാരെയും ഹിറ്റ് സിനിമകളും, ആദ്യ സിനിമയായ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' മുതൽ അവസാനം പുറത്തിറങ്ങിയ 'ഒരു അഡർ ലവ്' വരെ ഒരു പിടി പുതുമുഖങ്ങളെയും മലയാള സിനിമയ്ക്കു സമ്മാനിച്ച നിർമാതാവാണ് ഔസേപ്പച്ചൻ വാളക്കുഴി.
ഒരു അഡർ ലവിന് ശേഷം നായകൻ, നായിക, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ ഉൾപ്പെടെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും തന്റെ 21മത്തെ സിനിമയെന്ന് ഔസേപ്പച്ചൻ വ്യക്തമാക്കി. ഒത്തിരി നല്ല ഗാനങ്ങൾ നൽകിയ മുൻ ചിത്രങ്ങൾ പോലെ തന്നെ ഈ ചിത്രത്തിലും നല്ല ഗാനങ്ങൾക്ക് പ്രാധാന്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രീകരണം പൂർത്തിയാക്കി റിലീസിനെത്തുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ.