എന്നെയും മോഹന്‍ലാലിനെയും തെറ്റിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്- എം.ജി. ശ്രീകുമാര്‍
സംഗീതലോകത്ത് വ്യത്യസ്തമായ ശൈലിയും ശബ്ദവും കേള്‍പ്പിച്ച മലയാളക്കരയുടെ ജനപ്രിയ ഗായകനാണ് എം.ജി. ശ്രീകുമാര്‍. പാടാന്‍ കഴിയുക എന്നത് ഈശ്വരാനുഗ്രഹമായി കാണുന്ന എംജി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചലച്ചിത്ര ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, ലളിതഗാനങ്ങള്‍, ആല്‍ബം തുടങ്ങിയവയൊക്കെയായി ആയിരക്കണക്കിന് ഗാനങ്ങള്‍ പാടി. മോഹന്‍ലാലുമായുള്ള സൗഹൃദത്തിലെ ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് എംജി.
മോഹന്‍ലാലിന്റെയും എന്റെയും ജന്മനക്ഷത്രം രേവതിയാണ്. ജനനത്തീയതിയും അടുത്തടുത്താണ്. എന്റേത് മേയ് 24, ലാലിന്റേത് മേയ് 25. ആത്മാര്‍ഥസുഹൃത്തുക്കള്‍ ആണെങ്കിലും ഞങ്ങള്‍ക്കിടയില്‍ കൊച്ചു കൊച്ചു പിണക്കങ്ങള്‍ ഉണ്ടാകാറുണ്ട്. എങ്കില്‍ കൂടിയും അതിനൊക്കെ നീര്‍ക്കുമിളയുടെ ആയുസ് മാത്രമേയുള്ളൂ. ഞങ്ങള്‍ക്കിടയിലെ സൗഹൃദം തകര്‍ക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ, തകരാത്ത ബന്ധമാണ് ഞാനും ലാലുമായിട്ടുള്ളത്.
ഒരിക്കല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ (പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍, മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു) എല്ലാവരും കൂടി ഒത്തുകൂടി. നിര്‍ത്താതെ എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഞാന്‍ പറഞ്ഞത് എന്തോ ലാലിന് ഇഷ്ടമായില്ല. അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു പറഞ്ഞ് ലാല്‍ എഴുന്നേറ്റു പോയി. ഇന്നത്തെപ്പോലെ മെസേജ് അയയ്ക്കാനോ വീഡിയോ കോള്‍ ചെയ്യാനോ, വാട്‌സ് ആപ്പോ ഫേസ്ബുക്കോ ഒന്നും അന്നുണ്ടായിരുന്നില്ലല്ലോ, അല്ലെങ്കില്‍ കുത്തിയിരുന്നു രാത്രി മുഴുവന്‍ മെസേജ് അയയ്ക്കാമായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ലാല്‍ എന്റെയടുത്തു വന്നു ചോദിച്ചു: ''നിങ്ങളെന്താ മിണ്ടാത്തെ ? '' എന്ന്. കേട്ടപാടെ ഞാന്‍ പറഞ്ഞു: ''എനിക്ക് ഒരു പിണക്കവുമില്ല. എന്നോടു മിണ്ടാതെ എഴുന്നേറ്റു പോയത് ഞാനല്ലല്ലോ അണ്ണനല്ലേ...'' (ഞാന്‍ ലാലിനെ അണ്ണാ എന്നാണ് വിളിക്കുന്നത് ). കുറച്ചുനേരം മൗനിയായിരുന്നിട്ട് അണ്ണന്‍ ഒന്നു ചിരിച്ചു. അത്രേയുള്ളൂ ലാല്‍ എന്നും എംജി പറഞ്ഞു.