പുരുഷ കഥാപാത്രങ്ങളുടെ നിഴലായി നിൽക്കേണ്ട സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല: മഞ്ജു വാര്യർ
മലയാളികളുടെ മനസിലെ നായികാസങ്കൽപ്പത്തിന്റെ പൂർണതയാണ് മഞ്ജു വാര്യർ. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. കഥാപാത്രങ്ങളായി പകർന്നാടുമ്പോൾ അഭ്രപാളിയിൽ അന്നോളം കണ്ട സ്ത്രീസങ്കൽപ്പങ്ങളെ മാറ്റിയെഴുതുന്നു ആ അഭിനേത്രി. നൃത്തത്തിലും അഭിനയത്തിലും തന്റെ കയ്യൊപ്പു പതിപ്പിച്ച നടി കൂടിയാണ് മഞ്ജു വാര്യർ. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് താരം പറഞ്ഞത് ശ്രദ്ധേയമായ വാക്കുകളാണ്.
എന്നെ സംബന്ധിച്ചിടത്തോളം അഭിനയിച്ചു തുടങ്ങിയ കാലം മുതൽ ഇന്നോളം പുരുഷകഥാപാത്രങ്ങളുടെ നിഴലായി നിൽക്കേണ്ട സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല. തിയേറ്റർ വിട്ടാലും പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ് സംവിധായകനും തിരക്കഥാകൃത്തുകളും എനിക്കു വേണ്ടി രൂപപ്പെടുത്തിയത്. മമ്മൂക്കയോടൊപ്പവും ലാലേട്ടനോടൊപ്പവും അഭിനയിക്കുമ്പോഴും എന്റെ കഥാപാത്രങ്ങൾക്ക് പ്രസ്‌കതിയും ഐഡന്റിറ്റിയുമുണ്ട്. അതിന്റേതായ പ്രാധാന്യമുണ്ട്. പിന്നെ, അഭിനേതാക്കളെ നോക്കി സിനിമകൾ കണ്ടുകൊണ്ടിരുന്ന കാലമൊക്കെ മാറിയില്ലേ. അതിന്റെ ഉത്തമോദാഹരണമാണല്ലോ ഇപ്പോഴത്തെ ന്യൂജെൻ കുട്ടികളും അവരുടെ ഹിറ്റ് സിനിമകളും. പ്രേക്ഷകരുടെ അഭിരുചിയിലും മാറ്റങ്ങൾ വന്നുതുടങ്ങി. നല്ല കഥകൾ നോക്കിയാണ് അവരും തിയേറ്ററിൽ പോകുന്നത്. കണ്ടന്റ ഓറിയന്റഡ് അല്ലെങ്കിൽ സ്‌ക്രിപ്റ്റ് ഓറിയന്റഡ് ആയിട്ടുള്ള സിനിമകൾക്കാണ് ഇപ്പോൾ ജനപ്രീതി.
ലോഹിസാർ (ലോഹിതദാസ്) സ്‌ക്രിപ്റ്റ് എഴുതി സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം, സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച തൂവൽകൊട്ടാരം, ലോഹിസാർ തന്നെ രചനയും സംവിധാനവും നിർവഹിച്ച കന്മദം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ ഇപ്പോഴും എന്നെ അലട്ടാറുണ്ട്. അതെല്ലാം എന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളാണ്. അഭിനേത്രി എന്ന നിലയിൽ വലിയ അനുഭവങ്ങളാണ് ആ സിനിമകൾ എനിക്കു നൽകിയത്- മഞ്ജു വാര്യർ പറഞ്ഞു.